Controversy | രാഷ്ട്രീയത്തില്‍ അയിത്തം കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകള്‍; കുറ്റം പറയാന്‍ ആര്‍ക്കാണ് യോഗ്യതയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
● എല്ലാവരെയും ജീവിക്കാന്‍ അനുവദിക്കണം
● നമ്മളെ ചോദ്യംചെയ്യേണ്ട ഒരുത്തനും മറുപക്ഷത്തില്ല
കോഴിക്കോട്: (KVARTHA) എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടു എന്നത് സംബന്ധിച്ച ചര്‍ച്ചകളോടു പുച്ഛമാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ അയിത്തം കല്‍പ്പിക്കുന്നവര്‍ ക്രിമിനലുകളാണെന്ന് പറഞ്ഞ അദ്ദേഹം കുറ്റം പറയാന്‍ ആര്‍ക്കാണ് യോഗ്യതയെന്നും ചോദിച്ചു.
എല്ലാവരെയും ജീവിക്കാന്‍ അനുവദിക്കണം, ഞാന്‍ ആരെയും ദ്രോഹിക്കാറില്ല, സന്ദര്‍ശനത്തില്‍ കുറ്റം പറയാന്‍ ആര്‍ക്കാണു യോഗ്യതയെന്നും സുരേഷ് ഗോപി ചോദിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ കോഴിക്കോട്ടെത്തിയതായിരുന്നു താരം.
ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണം. നായനാര്‍ എന്ന മുഖ്യമന്ത്രിയും പിപി മുകുന്ദന്‍ എന്ന ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയുമാണ് പാനൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഒത്തുചേര്‍ന്നത്. നമ്മളെ ചോദ്യംചെയ്യേണ്ട ഒരുത്തനും മറുപക്ഷത്തില്ല. രാഷ്ട്രീയ അയിത്തം കല്‍പ്പിക്കുന്നവര്‍ കുറ്റക്കാരാണ്. കൈ ഇങ്ങനെ നീട്ടിപ്പിടിച്ച് അത് ശുദ്ധമാണെന്ന് പറയുന്നില്ലെന്നും പകരം ഹൃദയം ശുദ്ധമാണെന്ന് പറയുമെന്നും മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു.
#SureshGopi #RSS #KeralaPolitics #IndiaPolitics #Controversy