Road Camera | കാമറയില്‍ ഒരു എംപി 6 തവണയും ഒരു എംഎല്‍എ 7 വട്ടവും കുടുങ്ങി; പിഴ ചുമത്തിയതായി മന്ത്രി ആന്റണി രാജു

 


തിരുവനന്തപുരം: (www.kvartha.com) വിഐപികളെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള റോഡ് കാമറ(Camera)കളിലെ പിഴയില്‍നിന്ന് ഒഴിവാക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. എംപി, എംഎല്‍എ വാഹനങ്ങളടക്കം 328 സര്‍കാര്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതായി അദ്ദേഹം അറിയിച്ചു.  

എംപിമാരും എംഎല്‍എമാരും അടക്കമുള്ള വിഐപികളും കാമറയില്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം മോടോര്‍ വാഹനവകുപ്പ് ചെലാന്‍ അയച്ചെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാരുടെ വാഹനങ്ങള്‍ 19 തവണയും എംപിമാരുടെ വാഹനങ്ങള്‍ 10 തവണയും കാമറയില്‍ കുടുങ്ങി. ഇവര്‍ക്കെല്ലാം പിഴ ചുമത്തി. ഒരു എംപി ആറു തവണയും ഒരു എംഎല്‍എ ഏഴു വട്ടവും നിയമലംഘനം നടത്തിയെന്നും മന്ത്രി പറഞ്ഞു. 

എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആന്റണി രാജു തയാറായില്ല. കാസര്‍കോട് ഭാഗത്തുവച്ചാണ് കൂടുതല്‍ നിയമലംഘനങ്ങളും നടന്നിരിക്കുന്നത്. കാമറകള്‍ സ്ഥാപിച്ചശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 

3,82,580 നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ചെലാന്‍ നല്‍കി. ഏകദേശം 25 കോടി രൂപയുടെ പിഴയാണ് ഇതിനകം ചുമത്തിയിട്ടുള്ളത്. ഇതില്‍ ചെലാന്‍ അയച്ചതും പിഴ അടച്ചതും 3.3 കോടി മാത്രമാണ്. നിലവിലുള്ള പിഴ പൂര്‍ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ. ഇതിനായി ഇന്‍ഷുറന്‍സ് കംപനികളുമായി ചര്‍ച്ച നടത്തും. ഓണ്‍ലൈന്‍ അപീല്‍ നല്‍കാനുള്ള സംവിധാനം സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും.

2022 ജൂലൈയില്‍ അപകടങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. റോഡ് കാമറവെച്ചതോടെ, 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റവരുടെ എണ്ണം 3,316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് 2 വരെ 32,422,77 നിയമലംഘനം കണ്ടെത്തി. 15,833,67 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തുവെന്നും മന്ത്രി അറിയിച്ചു.

Road Camera | കാമറയില്‍ ഒരു എംപി 6 തവണയും ഒരു എംഎല്‍എ 7 വട്ടവും കുടുങ്ങി; പിഴ ചുമത്തിയതായി മന്ത്രി ആന്റണി രാജു



Keywords:  News, Kerala, Kerala-News, News-Malayalam, Minister, Antony Raju, Allegations, VIP, Fine, Road Camera, Minister Antony Raju refutes allegations of VIP favoritism on road cameras.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia