കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിട്ട് മൂന്ന് വര്‍ഷത്തിലേറെ; മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചത് കോടിക്കണക്കിന് രൂപ

 


മലപ്പുറം: (www.kvartha.com 25.11.2016) കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞിട്ട് മൂന്ന് വര്‍ഷത്തിലേറെ. 2010 ജൂലൈ എട്ടിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ പ്രഷര്‍ വാല്‍വുകള്‍ തകര്‍ത്ത സംഭവത്തോടെയാണ് മാവേയിസ്റ്റ് സംഘം കേരളത്തില്‍ എത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കര്‍ണാടക വനവും തമിഴ്‌നാടിന്റെ മുതുമലയും കേരളത്തിന്റെ വനമേഖലയും ചേര്‍ന്ന് കിടക്കുന്നതിനാലാണ് കേരളത്തിലെത്തിയ മാവോയിസ്റ്റ് സംഘങ്ങള്‍ ഇവിടം താവളമാക്കാന്‍ കാരണം. വിസ്താരമേറിയ വനമേഖലകള്‍ മാവോയിസ്റ്റുകള്‍ ഏറെ സുരക്ഷിതമായാണ് കണക്കാക്കുന്നത്. ഉള്‍വനങ്ങളിലെത്തി മാവോയിസ്റ്റ് വേട്ട പോലീസിനും വനം വകുപ്പിനും ഏറെ പ്രയാസമേറിയതാണ്.

വയനാട്, കണ്ണൂര്‍ മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും സുരക്ഷിത മേഖല എന്ന നിലക്കാണ് നിലമ്പൂര്‍ കാടുകള്‍ ഇവര്‍ തിരഞ്ഞെടുത്തത്. വനത്തോട് ചേര്‍ന്ന് ധാരാളം ആദിവാസി കോളനികള്‍ ഉള്ളത് ഇവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി. ഭക്ഷണത്തിനായി ഇവര്‍ മിക്കവാറും ആശ്രയിച്ചിരുന്നത് കോളനികളെയായിരുന്നു.

കാലാകാലങ്ങളായി അവണന പേറുന്ന ആദിവാസികളുമായി മാവോയിസ്റ്റുകള്‍ പെട്ടെന്ന് തന്നെ അടുപ്പത്തിലായി. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയതും ആദിവാസികളുടെ ഇടയിലായിരുന്നു. രണ്ട് സ്ത്രീകള്‍ അടക്കം ഏഴുപേരായിരുന്നു ആദ്യം സംഘത്തിലുണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ ആളുകള്‍ എത്തിയതായാണ് സൂചന. വ്യാഴാഴ്ച പോലീസുമായുണ്ടായ വെടിവെയ്പ്പില്‍ 11 അംഗ സംഘമുണ്ടെന്നാണ് പോലീസ് സ്ഥിരീകരണം. മറ്റു സംഘങ്ങളും ഉണ്ടോ എന്ന ആശങ്കയും പോലീസിനുണ്ട്.

തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ ആയിരുന്നു കൂടുതലും ആശയവിനിമയം നടത്തിയിരുന്നത്. മരുത മഞ്ചക്കോടുള്ള ഖദീജ എന്ന സ്ത്രീ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തുകയും വെള്ളം വാങ്ങി കുടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മരുത പ്രദേശത്ത് പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്താനായില്ല. പിന്നീട് പോത്ത്കല്ല് പഞ്ചായത്തിലെ സംസ്ഥാന അതിര്‍ത്തിയായ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ മാവോയിസ്റ്റുകള്‍ നിത്യസാന്നിധ്യമായി. എങ്കിലും പോലീസും വനംവകുപ്പും ചേര്‍ന്ന് നിരവധി തവണ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പിക്കാനാവില്ലെന്ന നിലപാടായിരുന്നു പോലീസ് കൈക്കൊണ്ടത്. 2013 മാര്‍ച്ചില്‍ എടക്കര മുണ്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ ചികിത്സ തേടിയെത്തിയ നാലംഗ സംഘം മാവോയിസ്റ്റുകളാണെന്ന് സംശയിച്ചിരുന്നു. പോലീസ് കാണിച്ച ചിത്രത്തിലെ യുവതി കര്‍ണാടകയിലെ കോമള എന്ന മാവോയിസ്റ്റാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ രാത്രിയായതിനാല്‍ അവ്യക്തത നിലനില്‍ക്കുന്നുവെന്ന് പറഞ്ഞ് പോലീസ് വേണ്ടത്ര വിശ്വാസത്തിലെടുത്തിരുന്നില്ല.


2015ല്‍ പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് കോളനി, ടി.കെ. കോളനി എന്നിവിടങ്ങളില്‍ എത്തിയ മാവോയിസ്റ്റു കളുമായി പോലീസ് നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ഇതോടെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച  പോലീസ് തിരച്ചില്‍ ശക്തമാക്കി. 50 വയസ്സിന് താഴേയുള്ള മുഴുവന്‍ പോലീസുകാര്‍ക്കും മാവോയിസ്റ്റുകളെ നേരിടാനുള്ള പരിശീലനവും നല്‍കി.

പലപ്പോഴും കോളനികളില്‍ മാവോയിസ്റ്റുകള്‍ എത്തുന്ന സമയത്ത് പോലീസ് അവിടെ എത്തിയിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ ആദിവാസികളെ മനുഷ്യമറയാക്കുമോ എന്ന ആശങ്കയാണ് പലപ്പോഴും പോലീസിനെ ഏറ്റുമുട്ടലില്‍ നിന്നും പിന്‍തിരിപ്പിച്ചിരുന്നത്. രണ്ട് മാസം മുന്‍പ് കരുളായി മുണ്ടക്കടവില്‍ മാവോയിസ്റ്റുകള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയും കരുവാരകുണ്ട് പോലീസ് സ്‌റ്റേഷനിലെ പോലീസ് ജീപ്പിന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പോലീസ് മാവോയിസ്റ്റുകള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തില്‍ ദിവസങ്ങളായി നിരീക്ഷണം ശക്തമായിരുന്നു. പോലീസ് വെടിവെയ്പ്പില്‍ മാവോയിസ്റ്റുകളെ കൊന്നതോടെ ഈ ഭാഗങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരിക്കപ്പെട്ടിരിക്കുകയാണ്.
കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിട്ട് മൂന്ന് വര്‍ഷത്തിലേറെ; മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചത് കോടിക്കണക്കിന് രൂപ

Keywords: Malappuram, Kerala, Police, Maoist, Wayanad, Kannur, Karnataka, Tamilnadu, Maoists, Nilambur, Anti-Maoist operations.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia