Earthquake | തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ഭൂചലനം; 4 സെകന്‍ഡ് നീണ്ടുനിന്ന പ്രകമ്പനത്തില്‍ വീടുകളുടെ ജനച്ചില്ലുകള്‍ക്ക് കുലുക്കം അനുഭവപ്പെട്ടു, പാത്രങ്ങളും ഗൃഹോപകരണങ്ങളും താഴെവീണു
പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനമുണ്ടായത്
തൃശൂര്‍ ജില്ലയില്‍ രാവിലെ 8.15ന് കുന്നംകുളം എരുമപ്പെട്ടി, പഴഞ്ഞി മേഖലയിലാണ് നേരിയ ഭൂചലനം ഉണ്ടായത്
ഭൂകമ്പം ഉണ്ടായ സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ തഹസില്‍ദാര്‍മാര്‍ക്കും ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി
തൃശൂര്‍/പാലക്കാട്: (KVARTHA) രണ്ട് ജില്ലകളില്‍ ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ നടുങ്ങി ജനങ്ങള്‍. നാല് സെകന്‍ഡ് നീണ്ടുനിന്ന ഭൂചലനം ആണ് ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ രാവിലെ 8.15ന് കുന്നംകുളം എരുമപ്പെട്ടി, പഴഞ്ഞി മേഖലയിലാണ് നേരിയ ഭൂചലനം ഉണ്ടായത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപോര്‍ട് ചെയ്തിട്ടില്ല. മൂന്ന് തീവ്രതയാണ് ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനത്തില്‍ രേഖപ്പെടുത്തിയത്.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനമുണ്ടായത്. രാവിലെ എട്ടുമണിക്കുശേഷം തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി, കക്കാട്ടിരി, കോട്ടപ്പാടം, മതുപ്പുള്ളി, കോതച്ചിറ, എഴുമങ്ങാട്, കപ്പൂര്‍, കുമരനെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയില്‍നിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകള്‍ക്ക് കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. അടുക്കളയിലെ പാത്രങ്ങളും ഗൃഹോപകരണങ്ങളും താഴെവീണു. ഇതോടെ ആളുകള്‍ പരിഭ്രാന്തരായി വീട്ടില്‍ നിന്നും ഇറങ്ങിയോടി. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.
ഭൂകമ്പം ഉണ്ടായ സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ തഹസില്‍ദാര്‍മാര്‍ക്കും ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.