'സഖാക്കളേ! ഇത് ഞങ്ങളാണ്', ആര്‍ത്തിരച്ചു വന്ന ജനം ശാന്തരായി; കൂത്തുപറമ്പ് വെടിവെപ്പ് തത്സമയം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ അനുഭവം - 3
Nov 23, 2019, 16:53 IST
- സി കെ എ ജബ്ബാര്‍
കണ്ണൂര്‍: (www.kvartha.com 23.11.2019) വാര്‍ത്തയുമായി കണ്ണൂരിലെത്തി വേണം അത് കോഴിക്കോട്ട് കൈമാറാന്‍. രണ്ട് മണിയോടെയെങ്കിലും നല്‍കിയില്ലെങ്കില്‍ ബന്ദിന്റെ മുന്നൊരുക്കത്തിനുള്ള അച്ചടി തുടങ്ങാനാവില്ലെന്നറിയാം. നാടാകെ കത്തുന്നു. തീയണക്കേണ്ട അഗ്‌നിശമന യൂനിറ്റ് പോലും. സഹപ്രവര്‍ത്തകരെ ആരെയും കാണാനില്ല. തലശ്ശേരി റോഡിലാണ് വെടിവെപ്പ് ഏറെയും നടന്നത്. വെടിയേറ്റവരില്‍ ചിലര്‍ വീണു കിടക്കുന്നുണ്ടെന്നറിഞ്ഞു. ഐഡന്റിറ്റി കാര്‍ഡിന് അന്ന് ടാഗ് ഇല്ലാതിരുന്നതിനാല്‍ പുറത്ത് പ്രദര്‍ശിപ്പിക്കാനാവില്ലായിരുന്നു. അത് കൊണ്ട് സമരക്കാരനാണോ പത്രക്കാരനാണോ എന്ന് തിരിച്ചറിയാത്ത പ്രശ്‌നമുണ്ടാവും. എങ്കിലും രണ്ടും കല്‍പിച്ച് റോഡിലിറങ്ങി. ഡെപ്യുട്ടി കലക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ ചേര്‍ന്നു. അവരോടൊപ്പമായാല്‍ കല്ലേറിനെ ഭയപ്പെട്ടാല്‍ മതിയല്ലൊ. കയ്യിലുണ്ടായിരുന്ന നോട്ട് ബുക്കും പേനയും ഉയര്‍ത്തിക്കാട്ടി തലശ്ശേരി റോഡിലേക്ക് നടന്നു.
ചോര വാര്‍ന്ന് ദാഹജലത്തിനായ്...
ചോരയൊലിച്ച് വഴിയില്‍ വീണു കിടക്കുന്ന ഒരാള്‍ വെള്ളത്തിന് കേഴുന്നു. തൊട്ടടുത്ത മസ്ജിദ് വാതിലുകള്‍ അടഞ്ഞു കിടക്കുന്നു. ഗേറ്റ് ചാടിക്കടന്ന് വുളൂ ചെയ്യുന്ന ടാങ്കില്‍ നിന്ന് വെള്ളമെടുത്ത് ഓടുകയാണ് ഒരാള്‍. പക്ഷെ, പോലീസുകാര്‍ അയാളെ തിരിച്ചോടിച്ചു. പള്ളി കോമ്പൗണ്ടില്‍ നിന്ന് ചിലര്‍ കുടി വെള്ളം അവശരായെത്തുന്നവര്‍ക്ക് നല്‍കുന്നുണ്ട്. പിന്നീട് പോലീസ് വന്ന് പള്ളി ഗേറ്റടച്ചു. വെള്ളിയാഴ്ചയായതിനാല്‍ ജുമുഅ നമസ്‌കാരത്തിലേക്ക് ആളുകള്‍ എത്തേണ്ട സമയമാണെന്ന് പറഞ്ഞിട്ടും പോലീസ് ഗേറ്റ് തുറക്കാന്‍ അനുവദിച്ചില്ല. ആശുപത്രി പരിസരത്ത് പരിക്കേറ്റെത്തുന്നവരെ പരിചരിക്കാന്‍ യുവാക്കള്‍ നില്‍ക്കുന്നുണ്ട്. പോലീസ് അവിടെയും എത്തി ലാത്തി വീശീ. ആള്‍ക്കൂട്ടത്തില്‍ നിന്ന് കുതറി ഞാന്‍ ഫുട്പാത്തിന്റെ മറുകര പിടിച്ച് നടന്നു. പോലീസിനെ തിരിച്ചെറിഞ്ഞ കല്ലുകളിലൊന്ന് എന്റെ പുറത്തും പതിച്ചു. പുറം മസിലില്‍ അസഹ്യമായ വേദന. കൂത്തുപറമ്പിന്റെ ഊടുവഴികള്‍ അന്ന് വലിയ പരിചിതമല്ലാത്തത് കൊണ്ട് വെപ്രാളം ചെറുതൊന്നുമല്ല.
റോഡില്‍ വീണു കിടക്കുന്നവരുടെ ചോരയൊലിച്ച കാഴ്ച ഭീതിതമായിരുന്നു. ചോരയൊലിച്ച് നിലത്ത് വീണു കിടക്കുന്നവരെ താങ്ങിയെടുക്കാന്‍ വന്നവരില്‍ ചിലര്‍ക്ക് ഉടുതുണി ഇല്ലായിരുന്നു. സ്വന്തം ഉടുതുണി ചീന്തി പൊട്ടിയൊലിക്കുന്ന തല വരിഞ്ഞുകെട്ടിക്കൊടുക്കുന്ന ആ രംഗം മറക്കാനാവില്ല. പരിക്കേറ്റ് ഒറ്റപ്പെട്ട രണ്ട് പോലീസുകാര്‍ ഷോപ്പിംഗ് കോംപ്ലക്‌സിനടുത്ത കടവാരാന്തയിലുണ്ട്. ആള്‍ക്കൂട്ടം അവരെ ലക്ഷ്യമാക്കി നീങ്ങി. ആ കാഴ്ച കാണാനാവില്ല എന്ന് കരുതി അവിടുന്നും തിരിഞ്ഞു നടന്നു.
തെരുവ് യുദ്ധം!
ആശുപത്രിക്കുള്ളില്‍ ചെന്നപ്പോള്‍ കണ്ണേ മടങ്ങൂ എന്ന് മനസ്സ് മന്ത്രിച്ചു. വെടിയേറ്റവരെ തലശ്ശേരി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. നേതാക്കളായ എം സുരേന്ദ്രനും എം വി ജയരാജനും അതിലുള്‍പ്പെടും. എസ്‌ഐ ഗംഗാധരനും സാരമായ പരിക്കുണ്ട്. ഒരു പോലീസുകാരന്റെ തലയിലേക്ക് കെട്ടിടത്തിന് മുകളിലുള്ള ചിലര്‍ ചെങ്കല്ല് പതിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ചുമരില്‍ തട്ടി കല്ല് തുണ്ടുകളായത് ജീവാപായം ഒഴിവാക്കി.
വെടിവെപ്പും മരണവും കാട്ടുതീ പോലെ നാടാകെ പടര്‍ന്നു. ജനം തെരുവിലാണ്. ഓരോ കവലകളും യു ദ്ധക്കളമായി. കണ്ണില്‍ കണ്ടതെല്ലാം തകര്‍ക്കുന്നു. മന്ത്രി രാഘവന്റെ തറവാട് പോലും ചാമ്പലായി. പോലീസിന്റെ വയര്‍ലസ്സ് വണ്ടിക്കരികില്‍ ചെന്ന് സന്ദേശങ്ങളില്‍ കാത് കൂര്‍പ്പിച്ചു. ജില്ലയാകെ കത്തുകയാണെന്നാണ് സേനാ സന്ദേശം. പിറ്റേന്ന് 130 ലേറെ തീവെപ്പ് കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
സംഭവത്തിന് ശേഷം കൂത്തുപറമ്പില്‍ നിന്ന് മടങ്ങിയ മന്ത്രിയുടെ യാത്ര ശരിക്കും 'കള്ളനും പോലീസും കളി' പോലെയായിരുന്നു. മന്ത്രിയെ ജില്ലാ ആസ്ഥാനത്ത് സുരക്ഷിതമായി എത്തിക്കാന്‍ പോലീസ് ഊടുവഴികള്‍ മാറിയും തിരിഞ്ഞും മടങ്ങിയും പങ്കപ്പാട് പെട്ടു. പോലീസ് വയര്‍ലസ് യന്ത്രത്തിലെ റൂട്ട് നിര്‍ദേശം അങ്ങിനെയായിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലെ ജീപ്പുകള്‍ ഒരേ സമയം വ്യത്യസ്ത മുക്കുമൂലകളില്‍ ഒളിഞ്ഞും പാത്തും മന്ത്രിയുടെ മടക്ക യാത്രക്ക് അകമ്പടി സേവിച്ചു. മന്ത്രിയെ സുരക്ഷിത സ്ഥാനത്തെക്കാനുള്ള സേനയുടെ ശ്രദ്ധക്കിടയില്‍ നാട്ടിലെ മറ്റ് ജനങ്ങളുടെ രോഷാഗ്‌നിയെ നേരിടാന്‍ കഴിയാതെ പോയി.
സിപിഎം നേതാക്കള്‍ക്കൊപ്പം
വഴികള്‍ തടസ്സപ്പെട്ടതോടെ എങ്ങിനെയാണ് കണ്ണൂരിലേക്ക് തിരിച്ചെത്തുക എന്നത് എന്റെ ആശങ്ക ഇരട്ടിപ്പിച്ചു. സംഭവമറിഞ്ഞ് എത്തിയ സിപിഎം നേതാക്കളായ പി ശശിയും ദേശാഭിമാനി കണ്ണൂര്‍ യൂനിറ്റ് ചുമതലയിലുണ്ടായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നും എത്തിച്ചേര്‍ന്നിരുന്നു. ഇവര്‍ പോലീസ് സ്റ്റേഷനില്‍ എത്തി എസ്പി പത്മകുമാറിനോട് രൂക്ഷമായി സംസാരിക്കുന്നുണ്ടായിരുന്നു. ശശി എത്തിച്ചേര്‍ന്ന കാര്‍ കണ്ണൂരിലേക്ക് തിരിക്കവെ ഞാന്‍ അതില്‍ കയറി. പാര്‍ട്ടി നേതാക്കളോടൊപ്പം കാറില്‍ കണ്ണൂരിലേക്കുള്ള യാത്ര സാഹസികമായിരുന്നു. കാരണം വഴിയിലുടനീളം യുദ്ധക്കളം പോലെ തടസ്സങ്ങളാണ്. പെരളശ്ശേരിയിലെത്തുമ്പോള്‍ ഞങ്ങളുടെ കാര്‍ ദൂരെ നിന്ന് കണ്ട് ജനക്കൂട്ടം വടിയും തീപ്പന്തങ്ങളുമായി ആര്‍ത്ത് വരികയാണ്. ഈ കാഴ്ച കണ്ട് പി ശശി കാറിന്റെ മുന്‍ സീറ്റിലിരുന്ന് തലയും ഉടലും പുറത്താക്കി വിളിച്ചു റഞ്ഞു: 'സഖാക്കളേ! ഇത് ഞങ്ങളാണ്' ആര്‍ത്തിരച്ചു വന്ന ജനം ശാന്തരായി. ചാലയില്‍ എത്തുമ്പോള്‍ നിരത്താണോ അഗ്‌നികുണ്ഡമാണോ എന്ന് തിരിച്ചറിയാത്ത വിധം കത്തുന്നു. കാറിന് കടന്ന് പോകാന്‍ കഷ്ടിച്ച സ്ഥലം മാത്രം.
ന്യൂസ് ബ്യൂറോയില്‍ എത്തിയപ്പോള്‍ നെടുവീര്‍പ്പിട്ടു. ബ്യൂറോ പ്രവര്‍ത്തിക്കുന്ന ലബ്ബത്തെരുവിലെ തൊട്ടടുത്ത വീട്ടുകാര്‍ ഇത്തരം ഘട്ടത്തില്‍ സ്വന്തം കുടുംബം പോലെയാണ്. കുടിവെള്ളവും ചോറും അവര്‍ അടുക്കള വാതില്‍പ്പുറത്ത് എത്തിച്ചിരുന്നു.
സ്വാസ്ഥ്യമാണ് വാര്‍ത്തയെഴുത്തിന്റെ കരുത്ത്. പക്ഷെ, നേരില്‍ കണ്ടത് പച്ചമാംസം ചിതറിത്തെറിക്കുന്ന അസ്വസ്ഥമായവ മാത്രം. വ്യക്തിപരമായ ക്ഷീണം. ഒന്ന് രണ്ട് കല്ലുകള്‍ കാല്‍മുട്ടിനും പുറത്തും പതിച്ചതിന്റെ നീറ്റല്‍. ശരീരമാകെ അസ്വസ്ഥത. എങ്ങിനെ എഴുതി തുടങ്ങണം എന്ന ശങ്ക. പരിക്കേറ്റവരുടെയും മരിച്ചവരുടെയും വിവരം തലശ്ശേരി ലേഖകന്‍ (അനില്‍ കുരുടത്ത് ആണെന്നാണ് ഓര്‍മ്മ, ഇപ്പോള്‍ മനോരമ ബ്യുറോ ചീഫ്) കൃത്യമായി തന്നു. പക്ഷെ നാട്ടുകാരുണ്ടോ വാര്‍ത്തയെഴുതാന്‍ അനുവദിക്കുന്നു! തുരുതുരെ ഫോണ്‍ ശബ്ദിക്കുകയാണ്. ആരൊക്കെ മരിച്ചു? എത്ര പേര്‍ മരിച്ചു? നാളെ ബന്ദാണോ? ട്രൈന്‍ ഓടുന്നുണ്ടോ ?.. അങ്ങിനെ ഓരോ വിവരങ്ങളറിയാനുള്ള കോളുകള്‍. റസീവര്‍ താഴ്ത്തി വെക്കാന്‍ പറ്റില്ല. ഏജന്റുമാരും പ്രാദേശിക ലേഖകരും അവരുടെ നാട്ടിലെ തീവെപ്പും സംഘര്‍ഷവും വിളിച്ചു പറയുന്നുമുണ്ട്. ബ്യൂറോയില്‍ നിന്ന് കടലാസുമെടുത്ത് അടുത്ത വീട്ടിലേക്ക് കയറി മാറിയിരുന്നു. പത്തോ പതിനഞ്ചോ മിനുട്ട് കൊണ്ട് വാര്‍ത്തയെഴുതി ഫാക്‌സയച്ചു.
മരിച്ച ആറാമന്‍?
വാര്‍ത്തയയച്ച ശേഷവും സന്ദേഹങ്ങളായിരുന്നു. മരണം ഇനിയുമുണ്ടോ? എത്ര റൗണ്ട് വെടിവെച്ചിരിക്കും? എത്ര പേര്‍ക്ക് പരിക്കേറ്റിരിക്കും? ജില്ലയില്‍ അങ്ങിങ്ങ് എന്തൊക്കെ സംഭവിച്ചു? വാര്‍ത്ത കൊടുത്ത ശേഷം അനന്തമായ ചോദ്യങ്ങളായിരുന്നു. ഓരോ ചോദ്യങ്ങള്‍ക്കുമനുസരിച്ച് കോഴിക്കോട്ടേക്ക് വിളിച്ച് വാര്‍ത്തയുടെ അപ്‌ഡേഷന്‍ നല്‍കി കൊണ്ടിരുന്നു. ജില്ലാ പോലീസ് സുപ്രണ്ട് പത്മകുമാര്‍ (ഇപ്പോള്‍ എഡിജിപി) സത്യസന്ധമായി വിവരങ്ങള്‍ നല്‍കുന്ന ആളായതിനാല്‍ തിരുത്തപ്പെടാത്ത വിവരങ്ങള്‍ തന്നെ നല്‍കാനായി. വെടിയേറ്റവരില്‍ ആറ് പേര്‍ മരിച്ചു എന്നായിരുന്നു ഒടുവിലെ അഭ്യൂഹം. പക്ഷെ അഞ്ച് എന്ന് അവസാന നിമിഷവും എസ്പി ഉറപ്പിച്ചു പറഞ്ഞു. എസ്പി പറഞ്ഞത് കൃത്യമാണ്. പക്ഷെ, കേട്ട അഭ്യൂഹം തെറ്റുമല്ല. ആറാമന്‍ മരിച്ചിട്ടില്ല എന്നേ ഉള്ളൂ. ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പന്‍ ഇന്നുമുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ ഭാഗ്യം കിട്ടിയ.. ഒരു പക്ഷേ, ഭൂമിയില്‍ അപൂര്‍വ്വമായ പുനര്‍ജന്മ ത്യാഗത്തിന്റെ സാക്ഷ്യം. അതൊരു കേവലമായ സാക്ഷ്യമല്ല. ആ സമരത്തിന്റെ നാവും ചരിത്രവും വര്‍ത്തമാനവുമൊക്കെ പുഷ്പനെ നോക്കി വ്യാഖ്യാനിക്കുന്നു ഇന്ന് കേരളം. (അതെക്കുറിച്ച് തുടരും)
Related News: കൂത്തുപറമ്പ് വെടിവെപ്പ് ദൃക്‌സാക്ഷ്യം; പങ്കിടാനും പഠിക്കാനും ഏറെ; സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്റെ അനുഭവം
വെടിയൊച്ചകള്‍ക്കിടയില്‍ 'വീര കൃത്യം'; കൂത്തുപറമ്പ് വെടിവെപ്പ് തത്സമയം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ അനുഭവം - 2
Keywords: Kerala, News, Kannur, Firing, Police, hospital, Death, Minister, memories-of-koothuparamb-firing-part-3.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.