Chala Tanker Tragedy | ചാല ഗ്യാസ് ടാങ്കര്‍ ലോറി ദുരന്തത്തിന് 10 വയസ്; നീറുന്ന ഓര്‍മകളുമായി ഇരകളായ കുടുംബങ്ങള്‍; പൊലിഞ്ഞത് 20 ജീവന്‍

 


കണ്ണൂര്‍: (www.kvartha.com) ചാല ഗ്യാസ് ടാങ്കര്‍ ലോറി ദുരന്തത്തിന് ശനിയാഴ്ചയ്ക്ക് 10 വയസ്. 2012 ഓഗസ്റ്റ് 27ന് രാത്രി 11 മണിയോടെയായിരുന്നു മംഗ്‌ളൂറില്‍ നിന്നും ചാല വഴി കോഴിക്കോട്ടേ ചേളാരിയിലേക്ക് പാചക വാതകം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി ചാലയിലെ റോഡിലുള്ള ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 20 പേര്‍ മരിക്കുകയും 50 ഓളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.
            
Chala Tanker Tragedy | ചാല ഗ്യാസ് ടാങ്കര്‍ ലോറി ദുരന്തത്തിന് 10 വയസ്; നീറുന്ന ഓര്‍മകളുമായി ഇരകളായ കുടുംബങ്ങള്‍; പൊലിഞ്ഞത് 20 ജീവന്‍

ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിയുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഉത്രാട നാളിലായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. ബസിനെ മറികടക്കുന്നതിനിടെ മീഡിയനില്‍ കയറുകയും അമിത വേഗതയിലായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. താരതമ്യേന തിരക്ക് കുറഞ്ഞ റോഡും തിരുവോണത്തലേന്നുമായതിനാല്‍ തന്നെ അപകടത്തില്‍പെട്ട ടാങ്കറിന്റെ രക്ഷയ്ക്ക് പെട്ടെന്ന് ആരും എത്തിയില്ല. ഡ്രൈവറെ ക്യാബിനില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും സേഫ്റ്റി വാള്‍വ് വഴി ഗ്യാസ് ലീകായി തുടങ്ങിയിരുന്നു.

അപകടം മനസിലാക്കിയ ഡ്രൈവറുടെ നിര്‍ദേശപ്രകാരം അവിടെ ഉണ്ടായിരുന്നവര്‍ നാട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് ഇലക്ട്രിസിറ്റി ബന്ധം വിച്ഛദിക്കുകയും ചെയ്തു. പിന്നീട് ഫയര്‍ ഫോഴ്‌സ്, പൊലീസ് തുടങ്ങിയവരെ അപകട വിവരം അറിയിച്ച് നാട്ടുകാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനുള്ള നിര്‍ദേശങ്ങള്‍ നല്‍കവേയാണ് ടാങ്കറിന് പെട്ടെന്ന് തീ പിടിച്ചത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിനും പൊലീസിനും സംഭവ സ്ഥലത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയുക അല്ലാതെ വേറൊന്നും പിന്നീട് ചെയ്യാനുണ്ടായിരുന്നില്ല. ടാങ്കറിനകത്തേക്ക് പടര്‍ന്ന തീ വഴി ടാങ്കര്‍ പൊട്ടിത്തെറിച്ച് അഗ്‌നി ഗോളുമായി രൂപാന്തരപ്പെട്ടു.

ഉഗ്ര സ്‌ഫോടനത്തില്‍ ടാങ്കിന്റെ പാര്‍ട്‌സുകള്‍ ആകാശത്ത് കിലോമീറ്റര്‍ താണ്ടി പതിച്ചു. അഗ്‌നി ഗോളം സമീപത്തെ വീടുകളെയും കടകളെയും വിഴുങ്ങി. ഉഗ്ര സ്‌ഫോടനം കേട്ട് പുറത്തിറങ്ങിയ പലരെയും അഗ്‌നി വിഴുങ്ങി. മിനുറ്റുകളോളം ആര്‍ക്കും പ്രവേശിക്കാനാവാത്ത വിധം പ്രദേശം നിന്നു കത്തി. തീ അടങ്ങിയ ശേഷം അവിടെ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയവര്‍ക്ക് കാണാനായത് പൊള്ളലേറ്റ ശരീരങ്ങളും കത്തിക്കരിഞ്ഞ മൃതദേഹങ്ങളുമായിരുന്നു. പ്രദേശം ശ്മശാന ഭൂമിയായി മാറിയിരുന്നു. രക്ഷാ പ്രവര്‍ത്തനം നാട്ടുകാരുടെയും സിവില്‍ ഡിഫന്‍സിന്റെയും മറ്റ് സന്നദ്ധ രാഷ്ട്രീയ സംഘടനകളുടെയും ശ്രമ ഫലമായി പുലര്‍ചെ വരെ നീണ്ടു. അഗ്‌നി ഒരു നാടിനെ വിഴുങ്ങിയതിന്റെ യഥാര്‍ഥ ചിത്രം ജനം അറിഞ്ഞത് പിറ്റേന്നാണ്.

ആ പ്രദേശത്തെ കിലോ മീറ്ററുകള്‍ പരിധിയില്‍ എല്ലാം കരിഞ്ഞുണങ്ങിയിരിക്കുന്നു. പക്ഷി മൃഗാദികള്‍ എല്ലാം കരിഞ്ഞു വീണിരിക്കുന്നു. ഒരു പുതു നാമ്പു പോലും ശേഷിക്കാതെ ചാല കത്തിയെരിഞ്ഞു. പൊട്ടിയ സിലിന്‍ഡര്‍ ടാങ്കിന്റെ ഒരു പകുതി ഭാഗം ചെന്ന് പതിച്ചത് ഒന്നര കിലോമീറ്റര്‍ ദൂരെയായിരുന്നു. പോയി വീണ വഴിയിലെ നൂറോളം തെങ്ങുകളുടെ മുകള്‍ ഭാഗം മുറിച്ചു താഴെയിട്ട സിലിന്‍ഡര്‍ വയലും വാഴത്തോപ്പെല്ലാം കത്തിച്ചാമ്പലാക്കിയാണ് പോയത്.

സ്ത്രീകളും കുട്ടികളുമുള്‍പെടെ 20 പേര്‍ ദുരന്തത്തില്‍ മരിച്ചു. അഞ്ചുവീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. മുപ്പതോളം വീടുകള്‍ക്ക് കേടുപറ്റി. 60 ലേറെ പേര്‍ക്ക് പരിക്കേറ്റു. കാര്‍ഷികവിളകള്‍ കത്തിക്കരിയുകയും വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു. ദുരന്തത്തില്‍ മൂന്ന് കുടുംബങ്ങള്‍ നാമാവശേഷമായി. ഉറ്റവരുടെ മൃതദേഹങ്ങള്‍ കാണാനോ ഏറ്റെടുക്കാനോ ആരുമില്ലാത്ത വീടുകള്‍. തുടര്‍ന്നുളള ഏതാനും നാളുകള്‍ ഓരോ ദിവസവും കേട്ടത് ഓരോ മരണ വാര്‍ത്തകളായിരുന്നു.

അതി ജീവനത്തിന്റെ വഴിയിലൂടെ ചാല ഇന്ന് ഏറെ മാറി. പ്രത്യക്ഷത്തില്‍ ദുരന്തത്തിന്റെ ഒരു ശേഷിപ്പും ഇന്ന് പ്രദേശത്തില്ല. പക്ഷേ ചാലയിലൂടെ കടന്നു പോവുന്ന ഏതൊരാളും ഇന്നും ആ ദുരന്തത്തെ ഓര്‍ക്കും. ദുരന്തത്തിനു ശേഷം ടാങ്കര്‍ ലോറികള്‍ക്ക് ശക്തമായ മാര്‍ഗ നിര്‍ദേശങ്ങളും പരിശോധനകളും ഏതാനും മാസങ്ങള്‍ തകൃതിയായി നടന്നു. പിന്നീട് എല്ലാം പഴയ പോലെ. അതിനു ശേഷം ദേശീയപാതയില്‍ നിരവധി ടാങ്കര്‍ ലോറി അപകടങ്ങള്‍ ഉണ്ടായി.

സംസ്ഥാനത്തെ തിരക്കേറിയ റോഡുകള്‍ ഗ്യാസ് ടാങ്കര്‍ ലോറികള്‍ക്ക് ഒട്ടും അനുയോജ്യമല്ലാത്തതിനാല്‍ കഴിവതും ട്രെയിന്‍ മാര്‍ഗമോ ജലമാര്‍ഗമോ കൊണ്ടുപോകാന്‍ നടപടിയെടുക്കണമെന്ന് വ്യാപകമായി ചാല ദുരന്തത്തെ തുടര്‍ന്ന് അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും ഇന്നും രാപ്പകല്‍ വിത്യാസമില്ലാതെ ഭീതിവിതച്ച് ടാങ്കര്‍ ലോറികള്‍ ദേശീയപാതയിലൂടെ കുതിക്കുകയാണ്. ഇത്തരത്തില്‍ ഇനിയൊരു അപടകടം ഉണ്ടാകല്ലേയെന്ന പ്രാര്‍ഥനയോടെയാണ് പ്രദേശവാസികള്‍ ഇവിടെ കഴിയുന്നത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Accident, Accidental Death, Remembrance, Tragedy, Chala Tanker Tragedy 2012, Memories of Chala Tanker Tragedy.
< !- START disable copy paste --> < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia