കരുളായി വെടിവയ്പില്‍ മാധ്യമങ്ങള്‍ വര്‍ഗ്ഗീസിന്റെ കാര്യത്തിലെ നിലപാട് ആവര്‍ത്തിച്ചില്ല; ഞെട്ടിയത് സിപിഎമ്മും പോലീസും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28/11/2016) നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളില്‍ നിന്ന് ഉണ്ടായ പ്രതികരണം ഭരണ നേതൃത്വത്തെ ഞെട്ടിച്ചുവെന്ന് വിവരം. സിപിഎമ്മില്‍ നിന്നും ഇടതുമുന്നണിയിലെ ചില ഘടകകക്ഷികളില്‍ നിന്നും ലഭിക്കുന്നതാണ് ഈ വിവരം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ സംഭവത്തില്‍ ഇതുവരെയില്ലാത്ത ആശയക്കുഴപ്പത്തില്‍പ്പെട്ടതിനു കാരണവും മാധ്യമങ്ങള്‍ സ്വീകരിച്ച ശക്തമായ നിലപാടാണ്.

നിലമ്പൂര്‍ കരുളായി വനത്തില്‍ നടന്നത് ഏറ്റുമുട്ടലല്ല, ഏകപക്ഷീയമായ വെടിവയ്പായിരുന്നു എന്ന സംശയം ഉയര്‍ത്തിയിരിക്കുന്നത് കേരളത്തിനു പുറത്തും മുമ്പ് കേരളത്തിലും ഇതേപോലുള്ള സംഭവങ്ങള്‍ നടന്നപ്പോള്‍ പോലീസ് ഭാഷ്യം അതേപോലെ വിശ്വസിച്ചവര്‍ ഉള്‍പ്പെടെയാണ് എന്നതാണ് അപ്രതീക്ഷിതമായത്. നക്‌സല്‍ നേതാവ് എ. വര്‍ഗ്ഗീസ് വയനാട്ടിലെ പുല്‍പ്പള്ളിക്കാട്ടില്‍ വെടിയേറ്റു മരിച്ചപ്പോള്‍ അത് ഏറ്റുമുട്ടലായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. മാധ്യമങ്ങളും അതുതന്നെ പറഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷംകോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ വെളിപ്പെടുത്തിയപ്പോഴാണ് വര്‍ഗ്ഗീസിനെ പിടികൂടി കൈകളും കണ്ണും കെട്ടി വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ലോകം അറിഞ്ഞത്. അതിനു നേതൃത്വം നല്‍കിയ ഐജി ലക്ഷ്മണയ്ക്ക് ഈ വെളിപ്പെടുത്തലിനേത്തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്തു.

നിലമ്പൂര്‍ സംഭവത്തിലും മാവോയിസ്റ്റുകള്‍ പോലീസുമായി ഏറ്റുമുട്ടി മരിച്ചു എന്ന പോലീസ് ഭാഷ്യം മാധ്യമങ്ങള്‍ സ്വീകരിക്കുമെന്നും ചെറിയ പ്രതിരോധ ഗ്രൂപ്പുകളോ അവരുടെ പ്രസിദ്ധീകകരണങ്ങളോ മാത്രം മറിച്ചൊരു നിലപാട് എടുക്കുമെന്നുമാണ് ഭരണ നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നതാണ് പിന്നീട് കണ്ടത്. മാവോയിസ്റ്റുകളുടെ ക്യാമ്പ് വളഞ്ഞ പോലീസും തണ്ടര്‍ബോള്‍ട്ട് സംഘവും കുപ്പുസ്വാമിയെയും അജിതയെയും വെടിവച്ചു കൊല്ലുകയായിരുന്നു എന്ന ശക്തമായ സംശയമാണ് എല്ലാ മാധ്യമങ്ങളും പ്രകടിപ്പിക്കുന്നത്.

ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറിതന്നെ പോലീസ് വെടിവയ്പിനെതിരേ പരസ്യമായി പ്രതികരിച്ചത് മാധ്യമങ്ങള്‍ക്ക് കരുത്തുപകരുകയും ചെയ്തു. ദിവസങ്ങള്‍ കഴിയുന്തോറും പ്രശ്‌നം വഷളാകുന്നുവെന്നും അത്, മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വലിയ വിലകല്‍പ്പിക്കുന്ന സിപിഎമ്മിനും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും തിരിച്ചടിയാകുന്നുവെന്നും വന്നതോടെയാണ് രണ്ട് അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചത്. ഡിജിപി പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം, മുഖ്യമന്ത്രി പ്രഖ്യാപിച്ച മജിസ്‌ട്രേറ്റ് തല അന്വേഷണം എന്നിവ. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതികരണങ്ങള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം കൊടുത്തതും സര്‍ക്കാരിനെ വെട്ടിലാക്കി. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ പ്രശ്‌നം വരുമെന്നാണ് വിവരം.
കരുളായി വെടിവയ്പില്‍ മാധ്യമങ്ങള്‍ വര്‍ഗ്ഗീസിന്റെ കാര്യത്തിലെ നിലപാട് ആവര്‍ത്തിച്ചില്ല; ഞെട്ടിയത് സിപിഎമ്മും പോലീസും

Keywords:  Media in Kerala against police version, CPM leadership shocked, Kerala, Maoist, Police, CPM, Nilambur
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia