പെരിന്തല്‍മണ്ണയില്‍ ഗൃഹോപകരണ ശാലയില്‍ വന്‍ തീപ്പിടിത്തം; ഒന്‍പത് അഗ്‌നിരക്ഷാസേനകള്‍ സംഭവസ്ഥലത്തെത്തി, ആളപായമില്ല

 


മലപ്പുറം: (www.kvartha.com 03.12.2019) പെരിന്തല്‍മണ്ണ നഗരമധ്യത്തില്‍ ദേശീയപാതയോരത്തെ ഗൃഹോപകരണ വില്‍പ്പനശാലയില്‍ വന്‍ തീപ്പിടിത്തം. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ മണ്ണാര്‍ക്കാട് റോഡില്‍ ഷാജഹാന്‍ ടി വി ആന്‍ഡ് ഫ്രിഡ്ജ് ഹൗസിലാണ് ദുരന്തമുണ്ടായത്. ഒന്‍പത് അഗ്‌നിരക്ഷായൂണിറ്റുകള്‍ രണ്ടുമണിക്കൂറോളം പരിശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കി.

അഞ്ചുനിലക്കെട്ടിടത്തിന്റെ നാലാംനിലയില്‍ ഇടതുഭാഗത്തുനിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഈസമയം ജീവനക്കാരും ഇടപാടുകാരുമൊക്കെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഉണ്ടായിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് എല്ലാവരും പുറത്തേക്കോടിയതിനാല്‍ ആളപായമുണ്ടായില്ല. ആളുകള്‍ തടിച്ചുകൂടിയതോടെ ദേശീയപാതയിലെ ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. ചമയം ബാപ്പുവിന്റെ ഭാര്യ ഫാത്തിമയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

പെരിന്തല്‍മണ്ണയില്‍ ഗൃഹോപകരണ ശാലയില്‍ വന്‍ തീപ്പിടിത്തം; ഒന്‍പത് അഗ്‌നിരക്ഷാസേനകള്‍ സംഭവസ്ഥലത്തെത്തി, ആളപായമില്ല

പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാസേനയെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഉയരത്തിലായതിനാല്‍ തീ അതിവേഗം മറ്റുഭാഗങ്ങളിലേക്ക് പടര്‍ന്നു. അതോടെ മലപ്പുറത്തുനിന്ന് അഗ്‌നിരക്ഷാസേനയുടെ അത്യാധുനിക യൂണിറ്റുള്‍പ്പെടെ 7.15 ഓടെ എത്തി. വലിയതോതില്‍ വെള്ളവും രാസവസ്തുവും കലര്‍ത്തിയ മിശ്രിതം പമ്പുചെയ്തതോടെയാണ് തീ നിയന്ത്രണവിധേയമായത്.

അഗ്‌നിരക്ഷാസേനയുടെ സമയോചിത ഇടപെടല്‍കൊണ്ട് അടുത്തുണ്ടായിരുന്ന മറ്റു വ്യാപാരസ്ഥാപനങ്ങളിലേക്കും റെസിഡന്‍സിയിലേക്കും തീ പടരാതെ ശ്രദ്ധിക്കാന്‍ സാധിച്ചു. തീയുടെ ശക്തി കുറഞ്ഞതോടെ 7.35-ന് അഗ്‌നിരക്ഷാസേനയിലെ വിദഗ്ധസംഘം കെട്ടിടത്തിന് അകത്തേക്കുകയറി. അപ്പോഴും ഒരുഭാഗത്ത് ഫൈബര്‍ബോര്‍ഡുകള്‍ അടക്കമുള്ളവ പുകയുന്നുണ്ടായിരുന്നു. ചെറിയ പൊട്ടിത്തെറികളുമുണ്ടായി. ഇതിനിടെ മറ്റിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാസേനയുടെ യൂണിറ്റുകളെത്തി.

ഒന്‍പത് യൂണിറ്റുകള്‍ ചേര്‍ന്ന് എട്ടരയോടെയാണ് തീ നിയന്ത്രണത്തിലാക്കിയത്. പെരിന്തല്‍മണ്ണ, മഞ്ചേരി, മലപ്പുറം, നിലമ്ബൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍നിന്നാണ് അഗ്‌നിരക്ഷായൂണിറ്റുകള്‍ എത്തിയത്.

തറയിലെ ടൈല്‍സ് ഉള്‍പ്പെടെയുള്ളവ പൊട്ടിച്ചിതറുകയും കെട്ടിടത്തിന് മുകള്‍നിലയിലെ ചുവരില്‍ വിള്ളലുമുണ്ടായിട്ടുണ്ട്. നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല. ടാങ്കറില്‍ വെള്ളമെത്തിച്ചും സമയോചിതമായി കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നാട്ടുകാരും വ്യാപാരികളും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Malappuram, Fire, Massive Fire, Building, Fire and Rescue Team, Massive Fire at Perinthalmanna Town
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia