Arrested | കണ്ണൂരില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: (KVARTHA) എംഡിഎംഎയുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ യുവാക്കള്‍ അറസ്റ്റില്‍. അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നുമായി കാറില്‍ വരികയായിരുന്ന വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നാല് യുവാക്കളാണ് തളിപ്പറമ്പില്‍ വച്ച് പൊലീസ് പിടിയിലായത്.
കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി എം ഹേമലത ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കൊതേരി, എസ് ഐ കെവി സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പൊലീസുമാണ് ഇവരെ പിടികൂടിയത്.
നഫ്‌നാസ്, ഇസ്മാഈല്‍, ശരത്ത്, മുഹമ്മദ് ശാനില്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍-58 എ.ബി 8529 സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് മന്നയില്‍ സയ്യിദ് നഗര്‍-അള്ളാംകുളം റോഡില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.
കാറിന്റെ ഹാന്‍ഡ് ബ്രേക് ലിവറിന് താഴെ ഒളിപ്പിച്ചുവെച്ച നിലയിലാണ് 30,000 രൂപ വിലവരുന്ന 11.507 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. റൂറല്‍ പൊലീസിന്റെ ലഹരിവിരുദ്ധ വിഭാഗമായ ഡാന്‍സാഫ് ടീം ഏറെ നാളായി ഇവരെ പിന്തുടര്‍ന്നുവരികയായിരുന്നു.