Martin George | മനു തോമസിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് മാര്‍ടിന്‍ ജോര്‍ജ്; ഉന്നത നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കും
പോരാളി ഷാജിക്കെതിരെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എംവി ജയരാജന്‍ ഒന്നും മിണ്ടിയില്ലല്ലോ
സിപിഎം നേതാക്കള്‍ക്കും മക്കള്‍ക്കുമെതിരെ ഒരുപാട് കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്
കണ്ണൂര്‍: (KVARTHA) സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റി അംഗത്വത്തില്‍ നിന്നും ഒഴിവായ മനുതോമസിനെ പാര്‍ടിയിലേക്ക് ക്ഷണിച്ച് ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ്. മനു തോമസ് കഴിഞ്ഞ ഒരു വര്‍ഷമായി നീതിയുടെ പക്ഷത്താണ് നിലനില്‍ക്കുന്നത്. ജനാധിപത്യ മതേതര പാര്‍ടിയായ കോണ്‍ഗ്രസില്‍ അദ്ദേഹം വരാന്‍ തയാറായാല്‍ ഉന്നത നേതൃത്വവുമായി ആലോചിച്ച് പാര്‍ടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
മനു തോമസ് ഉന്നയിച്ച ആരോപണങ്ങളില്‍ സിപിഎം നേതൃത്വം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മാര്‍ടിന്‍ ജോര്‍ജ് ചോദിച്ചു. പോരാളി ഷാജിക്കെതിരെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എംവി ജയരാജന്‍ ഒന്നും മിണ്ടിയില്ലല്ലോ. മനു തോമസ് ഇത്രയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ മനു തോമസ് മാത്രമല്ല ഇതിനേക്കാള്‍ അപ്പുറമുളള മനു തോമസുമാര്‍ വെളിപ്പെടുത്തലുകളുമായി മുന്‍പോട്ടുവരും.
ശുഎൈബ് വധത്തിന് പിന്നിലും ടിപി ചന്ദ്രശേഖരനെ കൊല ചെയ്ത സംഭവത്തിലും സിപിഎം നേതൃത്വത്തിന് തന്നെ പങ്കുണ്ടെന്നാണ് മനുവിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്. സിപിഎം നേതാക്കള്‍ക്കും മക്കള്‍ക്കുമെതിരെ ഒരുപാട് കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. അത്തരം കാര്യങ്ങള്‍ പുറത്തുവരുമ്പോള്‍ കണ്ണൂരില്‍ സിപിഎമിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകുമെന്നും മാര്‍ടിന്‍ ജോര്‍ജ് പ്രതികരിച്ചു.