Criticized | സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്‍ വിശ്വാസികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

 


മട്ടന്നൂര്‍: (www.kvartha.com) മട്ടന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രസമിതിക്കെതിരായ സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്റെ ദുരാരോപണങ്ങള്‍ ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്.

മട്ടന്നൂരിലെ മുസ്ലീം പള്ളി കമറ്റിക്കെതിരായ സിപിഎം നീക്കവും വിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള ഇതേ അജന്‍ഡയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. 1860 ലെ ഇന്‍ഡ്യന്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രെജിസ്റ്റര്‍ ചെയ്യപ്പെട്ട സമിതിയാണ് ശ്രീമഹാദേവ ക്ഷേത്ര സമിതി. മട്ടന്നൂരിലെ ക്ഷേത്ര വിശ്വാസികളായ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അന്നുമുതല്‍ ഇന്നുവരെ ഈ സമിതിയില്‍ അംഗങ്ങളും ഭാരവാഹികളുമായിട്ടുണ്ട്.

കമിറ്റി ഒരു പാര്‍ടിയുടെ അധീനതയിലാണെന്ന് സമര്‍ഥിക്കുക വഴി മറ്റ് രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്തജനങ്ങളായ വിശ്വാസികളെ ഭിന്നിപ്പിക്കാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. അല്ലാതെ ജയരാജന്‍ പറഞ്ഞത് പോലെ ക്ഷേത്രസമിതി കോണ്‍ഗ്രസ് കമിറ്റി അല്ല.

ക്ഷേത്രം ഏറ്റെടുത്ത് വികസിപ്പിച്ചതിനോടൊപ്പം ക്ഷേത്ര സ്വത്തുക്കള്‍ വര്‍ധിപ്പിക്കുകയും ഓഡിറ്റോറിയവും കെട്ടിടങ്ങളും നിര്‍മിച്ച് മെമ്പര്‍മാരുടെയും ഭക്തജനങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സാമ്പത്തിക സമാഹരണത്തിലൂടെ മട്ടന്നൂരിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സമിതിയാണ് ക്ഷേത്രസമിതിയെന്നും അദ്ദേഹം പറഞ്ഞു.

മട്ടന്നൂരില്‍ ഒരു സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിക്കുകയും ക്ഷേത്രസമിതി അംഗങ്ങളും വിശ്വാസികളുമായവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ശ്രീ മഹാദേവ എഡുകേഷനല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അതിനെ നല്ല രീതിയില്‍ വളര്‍ത്തി എടുക്കുകയും ചെയ്തു. നിലവിലെ നിയമപ്രകാരം 50 വര്‍ഷത്തെ പാട്ടവ്യവസ്ഥയിലുള്ള ക്ഷേത്രഭൂമിയിലും ട്രസ്റ്റിന്റെ ഭൂമിയിലുമായാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

അത്തരം കാര്യങ്ങളൊന്നും പഠിക്കാതെയാണ് എംവി ജയരാജന്‍ വിടുവായത്തം വിളമ്പുന്നത്. മട്ടന്നൂര്‍ ഒരു വിമാനത്താവള നഗരം ആവുന്നതിന് മുമ്പ് ഈ നാടിന്റെ വളര്‍ച മുഴുവന്‍ ശ്രീ മഹാദേവ ക്ഷേത്ര സമിതിയുടെ ഇത്തരം സംരഭങ്ങളിലൂടെ ആയിരുന്നു എന്നത് മട്ടന്നൂരുകാര്‍ക്ക് മറക്കാന്‍ സാധ്യമല്ല. ആ സമിതിയെയാണ് കഴിഞ്ഞ ഒരു വാര്‍ത്താസമ്മേളനം വിളിച്ച് സിപിഎമിന്റെ ജില്ലാ സെക്രടറി എം വി ജയരാജന്‍ ആക്ഷേപിച്ചത്.

ക്ഷേത്രസമിതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കാറുള്ള ആഭരണങ്ങള്‍ കോടതി നിര്‍ദേശപ്രകാരം ഉത്സവാവശ്യത്തിന് ക്ഷേത്രത്തില്‍ ഏല്‍പ്പിച്ചതിനെ മോഷണമായി ജയരാജന്‍ ചിത്രീകരിച്ചു. 36 കടമുറികള്‍ മറ്റുള്ളവര്‍ക്ക് മറിച്ചു വിറ്റു എന്നാണ് മറ്റൊരു ആരോപണം, കേരളത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന ഭൂപരിഷ്‌കരണ നിയമത്തിന്റെ ഭാഗമായ ഒരു കാര്യത്തെ മറച്ചുവച്ച് അതേ നിയമത്തെ അതേ പാര്‍ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രടറി ഇപ്പോള്‍ തള്ളിപ്പറഞ്ഞ് തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍.

2007 ല്‍ ക്ഷേത്രത്തിന്റെ വളര്‍ചയില്‍ അസൂയ പൂണ്ട ചില പാര്‍ടി പ്രവര്‍ത്തകര്‍ ക്ഷേത്രം പൊതുസ്വത്താക്കി പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരാനായി വ്യവഹാരങ്ങളും നിവേദനങ്ങളും നടത്തുകയും അതിലെല്ലാം പരാജയപെടുകയും ചെയ്തു, തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം പിണറായിയുട പൊലീസിന്റെ നേതൃത്വത്തില്‍ ഗുണ്ടകളുടെ പിന്തുണയോടെ ക്ഷേത്രം ബലമായി പിടിച്ചെടുത്തത്.

ഈ അക്രമം ഇന്‍ഡ്യയില്‍ ഉടനീളം നിയമത്തെ അനുസരിക്കുന്ന നല്ലവരായ എല്ലാ മനുഷ്യരുടെയും മനസ്സില്‍ തീ കോരിയിടുന്ന ഒരു സംഭവമായിരുന്നു, ദേശീയ മാധ്യമങ്ങള്‍ എല്ലാം ഈ സംഭവത്തെ ഒരു പോലെ അപലപിച്ചുവെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സും അന്ന് ഇതിനെതിരെ പ്രതികരിച്ചിരുന്നു. സി പി എമിന്റെ പ്രാദേശിക ഗുണ്ടകള്‍ പൊലീസിന്റെ ഒത്താശയോടെ ചെയ്ത ഈ അതിക്രമത്തിന്ന് കല്‍പന പുറപ്പെടുവിച്ച ആളാണ് എം വി ജയരാജന്‍, എന്നിട്ടാണ് ഇപ്പോള്‍ പോത്ത് വേദവാക്യം ഉരുവിടുന്ന പോലെ സമിതിയാണ് കോണ്‍ഗ്രസ് ഗുണ്ടകളെ അണിനിരത്തി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചു എന്ന ദുരാരോപണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

47 വര്‍ഷക്കാലം തന്റെ അക്ഷീണ പരിശ്രമം കൊണ്ട് ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുത്ത ബാലകൃഷ്ണന്‍ നമ്പ്യാര്‍ എന്ന മഹല്‍ വ്യക്തിയെ ഇകഴ്ത്തി താഴ്ത്താന്‍ മനുഷ്യത്ത്വമുള്ള ആര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. സമൂഹത്തിലെ എല്ലാവരെയും സമഭാവനയോട കണ്ട ഗാന്ധിയനായ അദ്ദേഹത്തെ ഒരു വെറും തരം താണ വ്യക്തിയായാണ് ജയരാജന്‍ കണ്ടെത്തിയത്, ഇത് ക്രൂരമായിപ്പോയെനന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഒക്കെ പുറകില്‍ കളിച്ച ഗൂഢാലോചനക്കാരെക്കുറിച്ച് കോണ്‍ഗ്രസ്സിന് വ്യക്തമായ ധാരണയുണ്ട്. ക്ഷേത്ര ഭരണം കയ്യാളി ക്ഷേത്ര സ്വത്തുക്കള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഒറ്റി നല്‍കിയ പാരമ്പര്യമാണ് സിപിഎമിന് ഉള്ളത്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് തലശ്ശേരി താലൂക് അഗ്രികള്‍ചറല്‍ മാര്‍കറ്റിംഗ് സൊസൈറ്റിയുടെ ഇന്നത്തെ അവസ്ഥയെന്നും മാര്‍ടിന്‍ ജോര്‍ജ് ആരോപിച്ചു.

Criticized | സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്‍ വിശ്വാസികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയില്‍ നിന്ന് അക്രമത്തിലൂടെയും അട്ടിമറിയിലൂടെയും പിടിച്ചെടുത്ത പൊന്നും വിലയുള്ള സ്ഥലം വില കുറച്ച് കാണിച്ച് അതില്‍ നിന്ന് കിട്ടിയ കമീഷന്‍ വീതിച്ചെടുത്തവരാണ് ഇവിടുത്തെ സിപിഎം നേതാക്കള്‍ എന്ന കാര്യം ഓര്‍മപ്പെടുത്തുന്നു. അതു പോലുള്ള ദുര്‍ഗതി മട്ടന്നൂര്‍ ക്ഷേത്രത്തിന്റെ സ്വത്തുവകകള്‍ക്ക് സംഭവിക്കാന്‍ ഇടവരുത്തരുതെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ ഈ അവസരം വിനിയോഗിക്കുന്നുവെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

ക്ഷേത്രങ്ങളില്‍ നിന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കണമെന്ന ബഹുമാനപ്പെട്ട ഹൈകോടതിയുടെ നിര്‍ദേശം വന്നപ്പോള്‍ പാര്‍ടി ഗുണ്ടകളെ തിരുകിക്കയറ്റിയുണ്ടാക്കിയ പരിപാലന സമിതി ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങേണ്ടിവരും എന്ന സത്യം മനസ്റ്റിലാക്കി ക്ഷേത്ര സമിതി കോണ്‍ഗ്രസ് സമിതിയാണെന്ന് ദുരാരോപണം നടത്തുന്ന ജയരാജന്റെ ബുദ്ധി ഒന്നാം തരം തന്നെയെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

Keywords:  Martin George Criticized MV Jayarajan, Kannur, News, Politics, CPM, Congress, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia