SWISS-TOWER 24/07/2023

Alencherry | കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭയുടെ അധ്യക്ഷ പദവി ഒഴിഞ്ഞു; ഇനിമുതല്‍ മേജര്‍ ആര്‍ച് ബിഷപ് എമരിറ്റസ്

 


കൊച്ചി: (KVARTHA) കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭയുടെ അധ്യക്ഷ പദവി ഒഴിഞ്ഞു. സിറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് സ്ഥാനം ഒഴിയുന്നതായി ആലഞ്ചേരി അറിയിച്ചത്. മുന്‍കൂട്ടി തയാറാക്കിയ പ്രസ് റിലീസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിക്കുകയായിരുന്നു.

Aster mims 04/11/2022
Alencherry | കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭയുടെ അധ്യക്ഷ പദവി ഒഴിഞ്ഞു; ഇനിമുതല്‍ മേജര്‍ ആര്‍ച് ബിഷപ് എമരിറ്റസ്

മാര്‍പ്പാപ്പയുടെ അനുമതിയോടെ പദവിയൊഴിയുന്നതായി അദ്ദേഹം അറിയിച്ചു. മാര്‍ ജോര്‍ജ് ആലഞ്ചേരി ഇനിമുതല്‍ മേജര്‍ ആര്‍ച് ബിഷപ് എമരിറ്റസ് എന്ന് അറിയപ്പെടും. തൃശൂര്‍ ആര്‍ച് ബിഷപ്പ് കൂടിയായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, എറണാകുളം അങ്കമാലി അതിരൂപതയുടെ അപസ് തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയും ഒഴിഞ്ഞു. പുതിയ മേജര്‍ ആര്‍ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ സിറോ മലബാര്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കും.

മെല്‍ബണ്‍ രൂപതയുടെ ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ച ബിഷപ് എമിരിറ്റസ് മാര്‍ ബോസ്‌കോ പുത്തൂരിന്, എറണാകുളം അങ്കമാലി അതിരൂപതയുടെ താല്‍ക്കാലിക ചുമതലയും നല്‍കിയിട്ടുണ്ട്. സിറോ മലബാര്‍ സഭയുടെ ആദ്യ കൂരിയ ബിഷപ്പ് കൂടിയാണ് മാര്‍ ബോസ്‌കോ പുത്തൂര്‍.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാക്കുകള്‍:


ദൈവകൃപയാല്‍ 2011 മേയ് 29 മുതല്‍ മേജര്‍ ആര്‍ച് ബിഷപ്പ് എന്ന നിലയില്‍ സിറോ മലബാര്‍ സഭയില്‍ ഞാന്‍ ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു. സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് മേജര്‍ ആര്‍ച് ബിഷപ്പിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ എനിക്കു സാധിച്ചത്. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അറിയാവുന്നതുപോലെ മേജര്‍ ആര്‍ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള എന്റെ ആഗ്രഹം 2019 ജൂലൈ 19ന് ഞാന്‍ പരിശുദ്ധ പിതാവിനെ അറിയിച്ചിരുന്നു.

നമ്മുടെ സഭയിലെ വര്‍ധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും എന്റെ ആരോഗ്യ സ്ഥിതിയും ശ്രദ്ധാപൂര്‍വം പരിഗണിച്ചാണ് ഞാന്‍ ആ തീരുമാനം എടുത്തത്. സ്ഥാനമൊഴിയണമെന്ന എന്റെ ആഗ്രഹം അംഗീകരിക്കുന്നതിനു വേണ്ടി ഞാന്‍ താല്‍പര്യത്തോടെ അഭ്യര്‍ഥിച്ചെങ്കിലും എന്റെ തീരുമാനം സ്വീകരിക്കുന്നതിനു മുന്‍പ്, സിറോ മലബാര്‍ സഭയുടെ സിനഡിന്റെ അഭിപ്രായം തേടി. സിനഡ് എന്റെ തീരുമാനം അംഗീകരിച്ചില്ല.

പ്രാര്‍ഥനാ പൂര്‍വമുള്ള പുനരാലോചനകള്‍ക്കു ശേഷം മേജര്‍ ആര്‍ച് ബിഷപ്പിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മാറാനുള്ള താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് 2021 നവംബര്‍ 15ന് എന്റെ രാജി പരിശുദ്ധ പിതാവിന് വീണ്ടും സമര്‍പ്പിച്ചു. എന്റെ രാജിയില്‍ ഉടനടി തീരുമാനമെടുത്തില്ലെങ്കിലും, ഒരു വര്‍ഷത്തിനു ശേഷം പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ രാജി സ്വീകരിക്കുകയും ഔദ്യോഗിക ഉത്തരവാദിത്തത്തില്‍നിന്ന് വിരമിക്കാന്‍ എന്നെ അനുവദിക്കുകയും ചെയ്തിരിക്കുന്നു എന്ന വിവരം നിങ്ങളെ അറിയിക്കാന്‍ എനിക്കു സന്തോഷമുണ്ട്.

അതിനാല്‍ ഇന്നേ ദിവസം പ്രാബല്യത്തില്‍ വരുന്ന വിധം സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് ഞാന്‍ ഔദ്യോഗികമായി വിരമിക്കുന്നു. നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും മാറ്റത്തിന്റെ ഈ കാലത്ത് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

പൗരസ്ത്യ സഭാ നിയമപ്രകാരം മേജര്‍ ആര്‍ച് ബിഷപ്പിന്റെ സ്ഥാനത്തിന് ഒഴിവു വരുമ്പോള്‍ സഭയുടെ കൂരിയ ബിഷപ്പ്, ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, പുതിയ മേജര്‍ ആര്‍ച് ബിഷപ്പ് സ്ഥാനമേല്‍ക്കുന്നതുവരെ സിറോ മലബാര്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കുന്നതാണ്- എന്നും മാര്‍ ആലഞ്ചേരി വ്യക്തമാക്കി.

Keywords:  Mar George Alencherry steps down as Major Archbishop of Syro-Malabar Catholic Church, Kochi, News, Mar George Alencherry, Resignation, Religion, Press Meet, Media, Press Release, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia