SWISS-TOWER 24/07/2023

മണി അടിമാലിയിലെ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവിലെന്ന് സൂചന

 


ADVERTISEMENT

മണി അടിമാലിയിലെ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവിലെന്ന് സൂചന
ഇടുക്കി: വിവാദപ്രസംഗത്തിലൂടെ  കൊലക്കേസിലകപ്പെട്ട സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി അടിമാലിയിലെ ഒരു സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതായി സൂചന പുറത്തുവന്നു. പോലീസ് രഹസ്യന്വേഷണ വിഭാഗമാണ് മണി സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതായുള്ള വിവരം നല്‍കിയിരിക്കുന്നതെന്നാണ് അറിയുന്നത്. ഹൈറേഞ്ചിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം അടിമാലിയില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത തിങ്കളാഴ്ച ഉച്ചവരെ മണിയെ മാധ്യമപ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് മണിയുടെ മൊബൈലും ഡ്രൈവറുടെ മൊബൈലും സ്വിച്ച് ഓഫിലാണ്.

മണിക്കെതിരെ കേസെടുത്തതിനെ തുടര്‍ന്ന് ഉയര്‍ന്നിട്ടുള്ള പ്രതിഷേധ പരിപാടികളില്‍ മണി പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജാഗ്രത പാലിച്ചുവെങ്കിലും മണി ഒളിവില്‍ നിന്നും പുറത്ത് വന്നില്ല. ഇതിനിടയില്‍ മണിക്ക് വേണ്ടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സിപിഎം നീക്കം നടത്തി വരുന്നുണ്ട്. മണിക്കെതിരെ കൂടുതല്‍ തെളിലുകള്‍ ലഭിച്ചശേഷം മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയുള്ളൂവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതിനിടയില്‍ മണിയുടെ ഒളിതാവളം കണ്ടെത്താന്‍ പോലീസും മാധ്യമങ്ങളും ഒരേ പോലെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മണി ഒളിവില്‍ പോയിരിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

നെയ്യാറ്റില്‍കര തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മണി മാധ്യമങ്ങള്‍ക്കു മുന്നിലോ പൊതുവേദികളിലോ പ്രത്യക്ഷപ്പെടരുതെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. അതിനിടെ വണ്ടിപ്പെരിയാരില്‍ വെള്ളിയാഴ്ച നടക്കുന്ന പൊതുയോഗത്തില്‍ മണി പങ്കെടുക്കുമെന്ന് നേരത്തേ തയ്യാറാക്കിയ പ്രോഗ്രം നോട്ടീസില്‍ പറയുന്നു. 2002ല്‍ കൊല്ലപ്പെട്ട അയ്യപ്പദാസിന്റെ അനുസ്മരണ ചടങ്ങില്‍ വിശിഷ്ടാതിഥികളായി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കൊപ്പമാണ് മണിയുടെ പേര് ചേര്‍ത്തിരിക്കുന്നത്.


Keywords: Idukki, CPM, Kerala, M.M Mani 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia