ഇരകളെ തേടി മംഗലാപുരത്തെ ആശുപത്രി ഏജന്റുമാര്‍ രംഗത്ത്

 


ഇരകളെ തേടി മംഗലാപുരത്തെ ആശുപത്രി ഏജന്റുമാര്‍ രംഗത്ത്
കാഞ്ഞങ്ങാട്: രോഗികളെ തേടി മംഗലാപുരത്തെ സ്വകാര്യാശുപത്രികളുടെ ഏജന്റുമാര്‍ കാസര്‍കോട് ജില്ലയിലും കണ്ണൂരിന്റെ വടക്കന്‍ ഭാഗങ്ങളിലും തമ്പടിച്ചു. നിരന്തരം പത്രസമ്മേളനങ്ങള്‍ നടത്തിയും വൈദ്യപരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിച്ചുമാണ് മംഗലാപുരം ആശുപത്രികളില്‍ രോഗികളെയെത്തിക്കാന്‍ ആശുപത്രി ഏജന്റുമാരും ചില ഡോക്ടര്‍മാരും ക്യാമ്പ് ചെയ്യുന്നത്. ആശുപത്രിക്ക് ഇല്ലാത്ത സജ്ജീകരണങ്ങളും സേവനസൗകര്യങ്ങളും പെരുപ്പിച്ച് കാട്ടിയാണ് ഇരകളെ പാട്ടിലാക്കുന്നത്. ഇതിന് പ്രാദേശിക ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണങ്ങളും തേടുന്നുണ്ട്.

ഹൃദ്രോഗത്തിനും പ്രമേഹത്തിനും നേത്ര-ദന്തരോഗങ്ങള്‍ക്കുമാണ് കൂടുതല്‍ പരിശോധനാ ക്യാമ്പുകള്‍ നടത്തുന്നത്. ഗ്രാമീണ മേഖലയിലടക്കം ഇത്തരം സംരംഭങ്ങള്‍ നടക്കുന്നുണ്ട്. ഡിസംബര്‍ മുതല്‍ മെയ് വരെയാണ് മെഡിക്കല്‍ ക്യാമ്പുകളുടെ കാലം. ഈ ക്യാമ്പുകളില്‍ ചെന്നുചാടുന്ന രോഗികളെ തുടര്‍ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മംഗലാപുരം ആശുപത്രികളിലെത്തുന്നതോടെ രോഗികളുടെയും ഇവരുടെ കുടുംബാംഗങ്ങളുടെയും കൈപൊള്ളുന്ന അനുഭവമാണ് ആവര്‍ത്തിക്കപ്പെടുന്നത്. ഉയര്‍ന്ന ഡോസിലുള്ള ആന്റിബയോട്ടിക് ഔഷധങ്ങളും മറ്റും നല്‍കി ഉത്തര മലബാറില്‍ നിന്നുള്ള രോഗികളുടെ ചോരയൂറ്റി നിത്യരോഗികളാക്കുകയാണ് മംഗലാപുരം ആശുപത്രി ഉടമകള്‍ എന്നാണ് ഇതിനകം ഉയര്‍ന്ന പരാതികളിലൊന്ന്്.

മംഗലാപുരം ആശുപത്രികളില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ചുകൊണ്ടുള്ള നിരവധി കത്തുകളും പരാതികളും മാധ്യമങ്ങളുടെ ഓഫീസുകളില്‍ നിരന്തരമെത്തുന്നുണ്ട്. ബില്‍ സംഖ്യ കുറഞ്ഞതിന്റെ പേരില്‍ മൃതദേഹങ്ങള്‍ പോലും തടഞ്ഞുവെച്ച അനുഭവങ്ങള്‍ പതിവാണ്. ചികിത്സയിലെ പാകപ്പിഴകള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഗുണ്ടകളെ വിട്ട് രോഗികളുടെ സഹായികളെ നേരിട്ട സംഭവവും പഴങ്കഥയല്ല. ചികിത്സയ്ക്കിടയിലുണ്ടായ കുറ്റകരമായ വീഴ്ചയെ തുടര്‍ന്ന് നിരവധിപേര്‍ മരിച്ച സംഭവവും മംഗലാപുരത്തുണ്ടായതാണ്. പക്ഷേ ഇത് ചോദ്യം ചെയ്യാന്‍ മംഗലാപുരത്തെത്തുന്ന മലയാളികള്‍ക്ക് ആകുന്നില്ല. അന്യസംസ്ഥാനമായത് തന്നെ ഇതിന് കാരണം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട്ടെ ഒരു അഭിഭാഷകന്റെ ഭാര്യ ചികിത്സയ്ക്കിടയിലൂണ്ടായ ഗുരുതരമായ വീഴ്ചയെ തുടര്‍ന്ന് ദാരുണമായി മരണപ്പെട്ടിരുന്നു. പ്രമുഖ മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ചുള്ള ആശുപത്രിയിലാണ് ഈ അത്യാഹിതം സംഭവിച്ചത്. ഒടുവില്‍ കാസര്‍കോട്ടെ അഭിഭാഷകരുടെയും മറ്റും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രി ഉടമകള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

ചികിത്സയ്ക്കിടയിലുണ്ടാകുന്ന വീഴ്ചകള്‍ക്കെതിരെ ഉപഭോക്്തൃ സംരക്ഷണ നിയമ പരിരക്ഷയും മലയാളികളായ രോഗികള്‍ക്ക് ലഭിക്കുന്നില്ല. കാസര്‍കോട്ടും പരിസരങ്ങളിലും ക്യാമ്പുകള്‍ സംഘടിപ്പിച്ച് വിതരണം ചെയ്യുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡിന് പിന്നിലും വന്‍ തട്ടിപ്പാണ് നടക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ പ്രഖ്യാപിത തത്വങ്ങളും മാന്യതകളും ബലികഴിച്ചുകൊണ്ടാണ് മംഗലാപുരത്തെ ചില ആശുപത്രികള്‍ കച്ചവടം തകര്‍ക്കുന്നത്.

ഉത്തരമലബാറില്‍ പ്രശസ്തമായ പരിയാരം മെഡിക്കല്‍ കോളേജും കണ്ണൂരിലെയും കാഞ്ഞങ്ങാട്ടെയും ജില്ലാ ആശുപത്രികളും തലശ്ശേരിയിലെയും കാസര്‍കോട്ടെയും ജനറല്‍ ആശുപത്രികളും നിരവധി സഹകരണ ആശുപത്രികളും നടത്തുന്ന മികച്ച സേവനങ്ങളെ ഇകഴ്ത്തികാട്ടിയാണ് മംഗലാപുരം ഏജന്റുമാര്‍ ഇവിടെ കാമ്പയിന്‍ നടത്തുന്നത്. പരിയാരം മെഡിക്കല്‍ കോളേജിന് പാരപണിയുന്നവരില്‍ പ്രമുഖര്‍ പയ്യന്നൂരിലെ ചില ഡോക്ടര്‍മാരും സ്വകാര്യാശുപത്രി ഉടമകളുമാണെന്നാണ് പരസ്യമായ രഹസ്യം. അതുകൊണ്ട് തന്നെയാണ് ദേശീയ-സംസ്ഥാനപാതയിലൂടെ ഇത്രയേറെ ആംബുലന്‍സുകള്‍ മംഗലാപുരം ആശുപത്രികളെ ലക്ഷ്യമിട്ട് കുതിച്ച് പായുന്നത്. ഒരു രോഗിയെ മംഗലാപുരത്ത് എത്തിച്ചാല്‍ നിശ്ചിത ശതമാനം കമ്മിഷന്‍ കൈപ്പറ്റുന്ന ഡോക്ടര്‍മാരുമുണ്ടെന്ന് ആരോപിക്കുന്നവര്‍ ആതുരസേവനരംഗത്തുള്ളവര്‍ തന്നെയാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ ശോച്യത പെരുപ്പിച്ച് കാട്ടിയും സ്വകാര്യാശുപത്രി ഏജന്റുമാര്‍ രോഗികളെ ചൂഷണം ചെയ്യുന്നുണ്ട്.

Keywords:  Mangalore, Hospital,  Doctor, kanhangad, Kerala


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia