മാനസ കൊലപാതകം; പൊലീസ് കുറ്റപത്രം സമര്‍പിച്ചു; കേസില്‍ 2-ാം പ്രതി ആദിത്യന്‍
Nov 2, 2021, 15:50 IST
കൊച്ചി: (www.kvartha.com 02.11.2021) കോതമംഗലത്ത് അവസാന വര്‍ഷ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം പ്രതി ആത്മഹത്യ ചെയ്‌തെന്ന കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പിച്ചു. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇരുന്നൂറോളം പേജുള്ള കുറ്റപത്രമാണ് സമര്‍പിച്ചത്. ബിഹാറില്‍ നിന്ന് തോക്ക് വാങ്ങിക്കുന്നതിന് സഹായിച്ചെന്ന കുറ്റം ചുമത്തിയ കണ്ണൂര്‍ സ്വദേശി ആദിത്യനാണ് കേസിലെ രണ്ടാം പ്രതി.
കഴിഞ്ഞ ജൂലൈ 30നാണ് മാനസ കൊല്ലപ്പെടുന്നത്. അവസാന വര്‍ഷ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയും കൂട്ടുകാരികളും ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായി ഒരു വീടെടുത്ത് താമസിക്കുകയായിരുന്നു. അതിനിടെയാണ് രഖില്‍ എന്നുപേരുള്ള സുഹൃത്ത് അതിക്രമിച്ച് കയറി കയ്യില്‍ ഉണ്ടായിരുന്ന തോക്ക് കൊണ്ട് മാനസയ്ക്ക് നേരെ നിറയൊഴിച്ച് കൊലപ്പെടുത്തിയതെന്നാണ് കേസ്. കൊലയ്ക്ക് ശേഷം രഖില്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തുവെന്നുമാണ് കേസ്.
ബിഹാറില്‍ നിന്ന് തോക്ക് വാങ്ങിക്കുന്നതിനും കൊണ്ടുവരുന്നതിനും രഖിലിനെ സഹായിച്ചെന്ന കുറ്റം ചുമത്തിയ ആദിത്യന്‍ ആണ് രണ്ടാം പ്രതി. തോക്കു കൊടുത്ത ബീഹാര്‍ സ്വദേശി സോനു കുമാര്‍ ആണ് മൂന്നാം പ്രതി. ഇടനിലക്കാരനായ മനിഷ് കുമാര്‍ വര്‍മയാണ് നാലാം പ്രതി.
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ കുറ്റപത്രത്തില്‍ 81 സാക്ഷികളുണ്ട്. അന്വേഷണത്തിനായി പൊലീസ് സംഘം ബിഹാര്‍, വാരണാസി, പാറ്റ്‌ന, മുംഗീര്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി. ബീഹാറില്‍ നിന്നാണ് രണ്ടു പ്രതികളെ അറസറ്റ് ചെയ്തത്. മൂന്നു പ്രതികളും ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.
Keywords: Manasa murder case; Police Filed Chargesheet, Kochi, News, Murder, Police, Court, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.