Helicopter model | കണ്ണൂരിലുണ്ട് പറക്കാത്ത ഹെലികോപ്റ്റർ; അപൂർവ നിർമിതിയുമായി ബിജു പറശിനി

 

 
man from kannur made helicopter model
man from kannur made helicopter model


തലശേരി ബ്രണ്ണൻ കോളേജിൽ നടന്ന സംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവ കവാടത്തിനായി നിർമ്മിച്ച ചിത്രശലഭങ്ങളുടെ മെറ്റൽ വർക്കും ഈ കലാകാരന് ഏറെ കയ്യടി നേടി കൊടുത്തു

കണ്ണൂർ: (KVARTHA) ചെറുപ്പത്തിൽ ആകാശത്തിൽ ഇരമ്പിപ്പായുന്ന ഹെലികോപ്റ്ററിൽ സഞ്ചരിക്കുകയെന്നത് പറശിനിക്കടവിലെ ബിജു പറശിനിയുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു. എന്നാൽ അന്നത് നടന്നില്ല. എന്നാൽ മുതിർന്നപ്പോൾ സ്വന്തമായി ഒരു ഹെലികോപ്റ്റർ തന്നെ നിർമിച്ചിരിക്കുകയാണ് ഈ യുവാവ്. ലാൻഡ് ചെയ്ത ഹെലികോപ്റ്ററിൽ ആർക്കും കയറാം, ഉല്ലസിക്കാം. 

ആറു ദിവസം കൊണ്ടാണ് ജി.ഐ ഷീറ്റ്, മെറ്റൽ പ്ലേറ്റ്, പൈപ്പ് തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചു ബിജു പറശിനി മെറ്റൽ ആർട്ട് വർക്കിലുടെ ഹെലികോപ്റ്ററിൻ്റെ മിനിയേച്ചർ മോഡൽ ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ യഥാർത്ഥ ഹെലികോപ്റ്ററാണെന്നേ ആരും പറയുകയുള്ളൂ അത്ര മാത്രം സൂക്ഷ്മതയും ഫിനിഷിങ്ങും ഈ വർക്കിനുണ്ട്.

man from kannur made helicopter model

ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ സഹായിക്കുന്ന ലാൻഡിങ് സ്ക്വിഡ്, പറന്ന് ഉയരാൻ സഹായിക്കുന്ന വലിയ പങ്ക, മൂന്ന് പേർക്ക് ഇരിക്കാനുള്ള സീറ്റ്, പൈലറ്റിന് ഹെലികോപ്റ്റർ റൈഡ് ചെയ്യാനുള്ള ഏരിയ എന്നിവയടക്കം ഹെലികോപ്റ്റിൻ്റെ ഉൾഭാഗത്ത് സജ്ജീകരിച്ചിട്ടുണ്ട്. മെറ്റൽ ആർട്ട് വർക്കിൽ നേരത്തെ കഴിവുതെളിയിച്ച ബിജു ധർമ്മശാലയിൽ നടത്തിയ തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിൽ മെറ്റൽ ആർട്ട് വർക്കിൽ ഒരുക്കിയ പ്രവേശന കവാടം ഏറെ ശ്രദ്ധേയമായിരുന്നു. 

തലശേരി ബ്രണ്ണൻ കോളേജിൽ നടന്ന സംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവ കവാടത്തിനായി നിർമ്മിച്ച ചിത്രശലഭങ്ങളുടെ മെറ്റൽ വർക്കും ഈ കലാകാരന് ഏറെ കയ്യടി നേടി കൊടുത്തു. ചെറുതും വലുതുമായ ഒട്ടേറെ മെറ്റൽ ആർട്ട് വർക്കുകളും ബിജു പറശിനി ചെയ്തിട്ടുണ്ട്. വരും കാലങ്ങളിൽ മെറ്റൽ ആർട്ട് വർക്കുകൾക്ക് പ്രാധാന്യമേറെയാണെന്ന് ബിജു പറയുന്നു. സ്കൂളുകളിലും കാംപസുകളിലും ഇത്തരം മെറ്റൽ ആർട്ട് വർക്കുകൾ വിദ്യാർത്ഥികൾക്ക് മാനസിക ഉല്ലാസം നൽകും. 

പാർക്കുകളിലും റിസോർട്ടുകളിലും ഓപ്പൺ ഹോട്ടലുകളിലും മെറ്റൽ ആർട്ട് വർക്കുകൾ ആരെയും ആകർഷിക്കാൻ ഉതകുന്നതാണ്. വീടുകളിൽ ഇന്റീരിയറായും മെറ്റൽ ആർട്ട് വർക്കുകൾ ഇപ്പോൾ ചെയ്തു തുടങ്ങിയിട്ടുണ്ടെന്ന് ബിജു പറയുന്നു. റസ്റ്റോറൻ്റായി ഉപയോഗിക്കാൻ സാധിക്കുന്ന വലിയ ബസിൻ്റെ മാതൃക, മനോഹരമായ ഒരു വൻമരം തുടങ്ങി നിരവധി പദ്ധതികൾ ബിജുവിൻ്റെ മനസിലുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ പൊതുയിടങ്ങളിൽ കണ്ടുവരാറുള്ള മെറ്റൽ ആർട്ട് വർക്കുകൾ കേരളത്തിലും ചെയ്തു തുടങ്ങിയതോടെ ഇത്തരം നിർമ്മിതികൾക്ക് ആവശ്യക്കാരും കൂടി വരികയാണെന്നാണ് ബിജു പറശിനി പറയുന്നത്.

2004 കാലഘട്ടത്തിൽ വെൽഡിങ് ജോലി പഠിക്കാനായി ധർമ്മശാലയിലെ എൻജിനീയറിങ് കോളേജിന് സമീപമുള്ള ഷോപ്പിൽ ജോലി ചെയ്യുമ്പോഴാണ് ബിജുവിന് മെറ്റൽ ആർട്ടിൽ താൽപ്പര്യം ഉടലെടുത്തത്. അന്ന് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ വിവിധ മോഡലുകൾ നിർമ്മിക്കുന്നതിനായുള്ള ഫ്രെയിം നിർമ്മിക്കാൻ ഈ ഷോപ്പിൽ വരാറുണ്ടായിരുന്നു. ഈ നിർമ്മിതികളാണ് ബിജുവിനെ മെറ്റൽ ആർട്ടിലേക്ക് ആകർഷിച്ചത്. അമ്മ ജാനകിയും ഭാര്യ അഖിലയും മക്കളായ ആദവും ആദ്വികും ബിജുവിൻ്റെ സർഗാത്മക പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകുന്നുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia