Arrested | കുടുംബ കോടതിയില്‍ നിന്ന് കേസ് കഴിഞ്ഞ് മടങ്ങിയ യുവതിയെ ബസില്‍ നിന്നും പിടിച്ചുവലിച്ച് താഴെയിറക്കി ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
Feb 4, 2023, 12:17 IST
തിരുവനന്തപുരം: (www.kvartha.com) കുടുംബ കോടതിയില്‍ നിന്ന് കേസ് കഴിഞ്ഞ് മടങ്ങിയ യുവതിയെ ബസില്‍ നിന്നും പിടിച്ചുവലിച്ച് താഴെയിറക്കി ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രഞ്ജിതിനെ(35) യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് നെടുമങ്ങാട് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നത്:
നെടുമങ്ങാട് കുടുംബ കോടതിയില്‍ നിന്ന് വിചാരണ കഴിഞ്ഞിറങ്ങിയ കല്ലറ സ്വദേശിയായ യുവതിക്ക് നേരെയാണ് ഇയാള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ യുവതിക്ക് പരുക്കേറ്റിരുന്നു. ഭര്‍ത്താവും യുവതിയും തമ്മില്‍ വേര്‍പിരിഞ്ഞ കേസിന്റെ വിചാരണയ്ക്കാണ് ഇവര്‍ കോടതിയില്‍ എത്തിയത്. വിചാരണ കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ രഞ്ജിത് ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു.
വിചാരണയ്‌ക്കെത്തിയ ഇരു കക്ഷികളോടും പരസ്പരം എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടോ എന്ന് ജഡ്ജ് ചോദിച്ചപ്പോള്‍ യുവതി ഇല്ലെന്ന് പറഞ്ഞതില്‍ പ്രകോപിതനായ രഞ്ജിത് വിചാരണ കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം മടങ്ങുകയായിരുന്ന യുവതിയെ ബസില്‍ കയറുന്ന സമയത്ത് പിന്നാലെ എത്തി പിടിച്ച് വലിച്ച് താഴെ ഇട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി.
സംഭവം കണ്ടുനിന്ന സമീപവാസികളില്‍ ചിലര്‍ രഞ്ജിതിനെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരുമായും പിടിവലി നടത്തി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് യുവതിയെ രക്ഷപ്പെടുത്തിയത്.
രഞ്ജിത് മുന്‍പും ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടുണ്ടെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. രഞ്ജിതിന്റെ ഉപദ്രവം കാരണം നെടുമങ്ങാട് കുടുംബകോടതിയില്‍ നിന്ന് യുവതി ഗാര്‍ഹിക പീഡന നിയമ പ്രകാരം പ്രൊടക്ഷന്‍ ഓര്‍ഡര്‍ വാങ്ങിയിരുന്നു. ഇത് നിലനില്‍ക്കെ ആണ് രഞ്ജിത് കോടതി ഉത്തരവ് ലംഘിച്ചു കൊണ്ടു യുവതിയെ ആക്രമിച്ചത്.
പൊതു സ്ഥലത്ത് വച്ച് സ്ത്രീത്വത്തെ അപമാനിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Man arrested for assaulting woman, Thiruvananthapuram, News, Local News, Attack, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.