‘മമ്പുറം തങ്ങൾ’ പ്രഥമ പൈതൃക പുരസ്കാരം കെ അബൂബക്കറിന്; ഒപ്പം അര നൂറ്റാണ്ടായി വീട് മേയുന്ന ചെമ്പായി ബാലനെ ആദരിച്ചു
ADVERTISEMENT
● അറബി മലയാളം, മാപ്പിള പൈതൃക പഠന മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.
● 50 വർഷമായി വീട് മേയുന്ന 90 വയസ്സുള്ള ചെമ്പായി ബാലനെ പ്രത്യേകം ആദരിച്ചു.
● മമ്പുറം തങ്ങളും ദളിത് സമൂഹവും തമ്മിലുള്ള ദൃഢമായ ആത്മബന്ധത്തിന്റെ പ്രതീകമാണ് ബാലന്റെ ഈ സേവനം.
● തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയാണ് പുരസ്കാരങ്ങളും ആദരവും കൈമാറിയത്.
തിരൂരങ്ങാടി: (KVARTHA) കേരള മുസ്‌ലിം പൈതൃക പഠന ഗവേഷണ കേന്ദ്രമായ മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഹെരിറ്റേജ് സ്റ്റഡീസിൻ്റെ പ്രഥമ പൈതൃക പുരസ്‌കാരം പ്രമുഖ ഭാഷാ ഗവേഷകനും ഗ്രന്ഥകാരനുമായ കെ അബൂബക്കറിന് സമ്മാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയാണ് പുരസ്കാരം കൈമാറിയത്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
188-ാം മമ്പുറം ആണ്ടുനേർച്ചയോട് അനുബന്ധിച്ച് നടന്ന മമ്പുറം തങ്ങൾ സെമിനാറിലാണ് പുരസ്‌കാരം സമർപ്പിച്ചത്. അറബി മലയാള ഭാഷ, സാഹിത്യം, മാപ്പിള പൈതൃക പഠനം എന്നീ മേഖലകളിൽ അദ്ദേഹം നൽകിയ ദീർഘകാല സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം.
പുരസ്കാരവും ജൂറിയും
കാലിക്കറ്റ് സർവകലാശാല പ്രൊഫസർ ഡോ. കെ എസ് മാധവൻ, എംജി സർവകലാശാലയിലെ ഡോ. എം എച്ച് ഇല്യാസ്, മാപ്പിള ഹെരിറ്റേജ് ലൈബ്രറിയിലെ സയ്യിദ് അഷ്‌റഫ് തങ്ങൾ, പിഎസ്എംഒ കോളജിലെ പി കെ മുഹമ്മദ് ശരീഫ് എന്നിവരടങ്ങിയ ജൂറിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
കൊടുവള്ളിയിലെ വലിയപറമ്പിൽ 1964-ൽ ജനിച്ച കെ അബൂബക്കർ, കോടഞ്ചേരി ഗവ. കോളജ്, മലബാർ ക്രിസ്ത്യൻ കോളജ്, കേരള സർവകലാശാല എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. മലയാളത്തിൽ എംഎയും ബിഎഡും നേടിയ അദ്ദേഹം 1990-ൽ അധ്യാപനരംഗത്തേക്ക് പ്രവേശിച്ചു. 2022-ൽ സർവീസിൽ നിന്ന് വിരമിച്ചു.
അറബി മലയാള സാഹിത്യ-ഗവേഷണ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹം മാപ്പിള പൈതൃക പഠന മേഖലയിൽ ധാരാളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ഇവ്വിഷയകമായി കേരളത്തിലുടനീളം നൂറോളം വേദികളിൽ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
സമാഹരണമായ മോയിൻകുട്ടി വൈദ്യരുടെ സമ്പൂർണ കൃതികൾ, കോ-എഡിറ്ററായി പുറത്തിറക്കിയ അറബിമലയാളം വിവരണാത്മക ഗ്രന്ഥസൂചി, എഡിറ്ററായ മലയാളത്തിലെ ഇശൽ വഴികൾ, അറബി മലയാളം: ഭാഷ സാഹിത്യം സംഗീതം, വൈദ്യരുടെ കാവ്യലോകം, ടി ഉബൈദ് ജീവചരിത്രം, മുസ്‌ലിംകളുടെ സാംസ്‌കാരിക പൈതൃകം തുടങ്ങിയവ പ്രധാന കൃതികളാണ്.

ആത്മബന്ധത്തിൻ്റെ പ്രതീകമായി ചെമ്പായി ബാലൻ
മമ്പുറം തങ്ങളുടെ പഴയ വീട് പുല്ല് മേയുന്ന ചടങ്ങിൽ കഴിഞ്ഞ 50 വർഷമായി പങ്കാളിയാകുന്ന ചെമ്പായി ബാലനെയും മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഹെരിറ്റേജ് സ്റ്റഡീസും മഖാം മാനേജിങ് കമ്മിറ്റിയും ചേർന്ന് ആദരിച്ചു. 188-ാം മമ്പുറം ആണ്ടുനേർച്ചയോട് അനുബന്ധിച്ച് നടന്ന മമ്പുറം തങ്ങൾ സെമിനാറിൽ വെച്ച് മന്ത്രി കെ എം ഷാജിയാണ് ആദരം അർപ്പിച്ചത്. 90 വയസ്സ് പ്രായമുള്ള ബാലൻ വേങ്ങര ചേറൂർ മിനി കപ്പ് സ്വദേശിയാണ്.
മമ്പുറം തങ്ങളും ദളിത് സമൂഹവും തമ്മിലുള്ള ദൃഢമായ ആത്മബന്ധത്തിൻ്റെ പ്രതീകമാണ് ഇന്നും നിലനിൽക്കുന്ന വീട് മേയൽ ചടങ്ങ്. ചാക്കീരി കുടുംബത്തിൻ്റെ നിർദേശപ്രകാരം ദളിത് സമുദായത്തിലെ കണക്കന്മാരാണ് ഈ ദൗത്യം നൂറ്റാണ്ടുകളായി നിർവഹിക്കുന്നത്. അതിൻ്റെ തുടർച്ചയാണ് ഇന്നും മുടങ്ങാതെ ചെമ്പായി ബാലനും സുഹൃത്തുക്കളും ചെയ്തുകൊണ്ടിരിക്കുന്നത്.
മുൻ വിദ്യാഭ്യാസ മന്ത്രിയും ലീഗ് നേതാവുമായിരുന്ന ചാക്കീരി അഹ്‌മദ് കുട്ടിയുടെ കാലം മുതൽക്കേ ബാലൻ മമ്പുറത്ത് ഈ സേവനത്തിനായി എത്തുന്നുണ്ട്. ബാലൻ്റെ പിതാവ് കാരിയായിരുന്നു മുൻപ് ഈ ചുമതല നിർവഹിച്ചിരുന്നത്. അന്ന് പിതാവിന് പുല്ല് എടുത്തുനൽകുന്ന സഹായിയായിട്ടാണ് മമ്പുറത്തേക്ക് വരുന്നത്. പിതാവിൻ്റെ ശേഷവും ഈ പാരമ്പര്യം അദ്ദേഹം നിലനിർത്തുന്നു.
ചാക്കീരി കുടുംബത്തിൻ്റെ നേതൃത്വത്തിലാണ് തങ്ങളുടെ കാലം മുതൽ ഇത് നടന്നുപോരുന്നതെന്നും ഇത്തവണയും മമ്പുറം തങ്ങളോടുള്ള ആത്മബന്ധം നിലനിർത്തിക്കൊണ്ട് വീട് മേയാൻ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ബാലൻ പറഞ്ഞു.
മത-സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കും ഷെയർ ചെയ്യുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: The inaugural Heritage Award by the Mampuram Thangal Institute for Research and Heritage Studies was presented to language researcher K Aboobacker. At the same time, 90-year-old Chembayi Balan was honoured for his 50-year tradition of thatching Mampuram Thangal's old house, showcasing the historic bond with the Dalit community.
#MampuramThangal #HeritageAward #KAboobacker #ChembayiBalan #KeralaHistory #MappilaHeritage
