എറണാകുളം: 61 ലും യുവത്വവുമായി മമ്മുട്ടി തിളങ്ങുന്നു. കരിയറില്‍ അടുത്ത കാലത്തായി ഹിറ്റുകളൊന്നും സൃഷ്ടിക്കാന്‍ കഴിയാതിരുന്നിട്ടും മമ്മൂട്ടി മലയാള സിനിമയില്‍ അവിഭാജ്യഘടകമായി തുടരുകയാണ്. സെപ്തംബര്‍ ഏഴിന് 61 വയസ്സ് തികയുകയാണ് മലയാളിയുടെ ഈ മഹാനടന്. 1951-ല്‍ കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പില്‍ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. 375 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഈ നടന്റേതായി ഇനിയും ഒരുപാട് ചിത്രങ്ങള്‍ റിലീസിനായി അണിയറയില്‍ ഒരുങ്ങുകയാണ്.
മുഹമ്മദ് കുട്ടി ഇസ്മയില്‍ പാണാ പറമ്പില്‍ എന്നാണ് മമ്മൂട്ടിയുടെ യഥാര്‍ത്ഥ നാമം. മൂന്ന് തവണ മികച്ച ദേശീയ നടനായി തിളങ്ങിയ മമ്മൂട്ടിക്ക് അഞ്ച് തവണ മികച്ച സംസ്ഥാന നടനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. 1971-ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകളാണ് ആദ്യ സിനിമ. മലയാള സിനിമയെ കൂടാതെ തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 25-ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ചെമ്പിലെ സാധാരണ കര്‍ഷകനായ ഇസ്മയിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായാണ് മമ്മൂട്ടിയുടെ ജനനം. 1960 കളില്‍ മമ്മൂട്ടിയുടെ കുടുംബം എറണാകുളത്തേക്ക് കുടിയേറി. എറണാകുളത്ത് സെന്റ് ആല്‍ബര്‍ട് സ്കൂളിലും, ഗവണ്മെന്റ് സ്കൂളിലുമായാണ് മമ്മൂട്ടിയുടെ സ്കൂള്‍ വിദ്യാഭ്യാസം. മഹാരാജാസ് കോളേജിലാണ് പ്രീഡിഗ്രിക്ക് പഠിച്ചത്. തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നും നിയമ ബിരുദം സമ്പാദിച്ചു. മഞ്ചേരിയില്‍ രണ്ടുവര്‍ഷം വക്കീലായി പ്രാക്ടീസ് നടത്തി.1980-ല്‍ സുല്ഫിത്തിനെ ജീവിതസഖിയാക്കിയ മമ്മൂട്ടിക്ക് രണ്ടുമക്കളാണുള്ളത്.സുറുമിയും, ദുല്‍ഖര്‍ സല്‍മാനും.. മകന് ദുല്‍ഖര്‍ മലയാള സിനിമയില്‍ ഇതിനകം ഏതാനും ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച് കൊണ്ട് മമ്മുട്ടിയുടെ പിന്തുടര്ച്ചാവകാശിയായി രംഗത്തു വന്നിട്ടുണ്ട്.
അനൂപ് കണ്ണന്റെ ജവാന് ഓഫ് വെള്ളിമല, വി.എം.വിനുവിന്റെ ഫേസ് ടു ഫേസ്, ജി.എസ്.വിജയന്റെ ബാവൂട്ടിയുടെ നാമത്തില്‍, സലിം അഹ്മദിന്റെ കുഞ്ഞനന്തന്റെ കട, അമല്‍ നീരദിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം എന്നിവയാണ് ചിത്രീകരണം പുരോഗമിക്കുന്നതും, തുടങ്ങാനിരിക്കുന്നതുമായ ചിത്രങ്ങള്‍. മമ്മൂട്ടി നായകനായ താപ്പാന ഇപ്പോള്‍ തീയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഷഷ്ടി പൂര്‍ത്തി കഴിഞ്ഞ ഈ നടനെ വെച്ച് ബിഗ് ബഡ്ജറ്റ് ചിത്രമെടുക്കാന്‍ ഇപ്പോഴും നിരവധി നിര്‍മാതാക്കള്‍ തയ്യാറാണ്. എന്നാല്‍ നല്ല തിരക്കഥയുടെ ക്ഷാമമാണ് മമ്മുട്ടിക്ക് തിരിച്ചടിയാകുന്നത്. ഈ നടനില്‍ നിന്നും ഇനിയും പല ഹിറ്റുകളും മലയാളികള്‍ പ്രതീക്ഷിക്കുന്നുണ്ട്. തന്റെ പിറന്നാള്‍ വലിയ ആഘോഷമായി മമ്മുട്ടി നടത്താറില്ല.
Keywords: Birthday, Actor, Mammootty, Film, Kottayam, Released, Tamil, Hindi, Ernakulam, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.