കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ നയങ്ങളിലുള്ള പ്രതിഷേധം: സാറാ ജോസഫും സച്ചിദാനന്ദനും പാറക്കടവും പുരസ്‌ക്കാരവും പദവിയും തിരിച്ചുനല്‍കുന്നു

 


തൃശൂര്‍: (www.kvartha.com 10.10.2015) സാറാ ജോസഫും സച്ചിദാനന്ദനും പാറക്കടവും പുരസ്‌ക്കാരവും പദവിയും തിരിച്ചുനല്‍കുന്നു. മോഡി സര്‍ക്കറിന്റെ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് കേരളത്തിലെ സാഹിത്യകാരന്‍മാര്‍ കൂട്ടത്തോടെയാണ് രംഗത്തെത്തിയിരിക്കുന്നത്.
 പ്രതിഷേധത്തിന്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കും. പുരസ്‌കാരമായി ലഭിച്ച ശില്‍പവും പ്രശസ്തി പത്രവും സമ്മാനത്തുകയായ 50,000 രൂപയുമാണ് തിരിച്ചു നല്‍കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം തിരിച്ചു നല്‍കുന്നതെന്ന് സാറാ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന ഭീതിതമായ അവസ്ഥക്കെതിരായ പ്രതിഷേധമാണിത്. എഴുത്തുകാരെ കൊന്നുകളയുന്ന സാംസ്‌കാരിക പ്രവര്‍ത്തനമാണ് മോഡി സര്‍ക്കാരിന്റേത്. രാജ്യത്ത് ഭീകരാന്തരീക്ഷവും വര്‍ഗീയതയും വര്‍ധിക്കുന്നു. പ്രത്യേക അജണ്ടവെച്ചാണ് രാജ്യത്ത് ബി ജെ പി സര്‍ക്കാര്‍ ഭരണം നടത്തുന്നത്.

സാഹിത്യകാരന്മാരെയും നിരപരാധികളെയും തുടര്‍ച്ചയായി കൊല ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം പാലിക്കുന്നുവെന്നും ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും സാറാ ജോസഫ് വ്യക്തമാക്കി.

അതേസമയം മോഡി സര്‍ക്കാറിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാഡമിയിലെ പദവികള്‍ രാജിവെക്കാന്‍ പ്രശസ്ത എഴുത്തുകാരന്‍ കെ. സച്ചിദാനന്ദനും തീരുമാനിച്ചു. സ്വാതന്ത്ര്യ ധ്വംസനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പദവി രാജിവെക്കുന്നതെന്ന് സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. അടിയന്തരാവസ്ഥക്ക് സമാനമായ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് പറഞ്ഞ സച്ചിദാനന്ദന്‍ എന്ത് ഭക്ഷിക്കണം, ചിന്തിക്കണം, എഴുതണം എന്ന് ചിലര്‍ തീരുമാനിക്കുന്നു, അല്ലാത്തവരെ ഹീനമായി കൊലപ്പെടുത്തുന്നു, ഫാഷിസ്റ്റ് വത്കരണത്തിന്റെ ഭാഗമായാണ് ഭരണകൂടത്തിന്റെ നീക്കമെന്നും ചൂണ്ടിക്കാട്ടി.

കൂടാതെ പ്രശസ്ത സാഹിത്യകാരന്‍ പി.കെ പാറക്കടവും കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. അദൃശ്യമായ അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് തന്റെ രാജിയെന്ന്  പാറക്കടവ് പറഞ്ഞു. ഫാസിസ്റ്റ് ഭരണകാലത്ത് ഭരണാധികാരികള്‍ മൗനം പാലിക്കുന്നു. ദളിതരും ന്യൂനപക്ഷവും പീഡിപ്പിക്കപ്പെടുന്നു. എഴുത്തുകാരും സ്വതന്ത്ര ബുദ്ധിജീവികളും വേട്ടയാടപ്പെടുന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ ഇതിനെതിരെയുള്ള പ്രതിഷേധമാണ് തന്റെ രാജിയെന്ന് പാറക്കടവ് പറഞ്ഞു. കേരള സാഹിത്യ അക്കാദമി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായ പി.കെ. പാറക്കടവ് മാധ്യമം പിരീയോഡിക്കല്‍സ് എഡിറ്ററാണ്.

പ്രമുഖരായ പല എഴുത്തുകാരും അക്കാദമി പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങളിലൂടെ കേന്ദ്രസര്‍ക്കാറിനെ പ്രതിഷേധം അറിയിച്ചപ്പോള്‍ മലയാളം എഴുത്തുകാരില്‍ നിന്നുള്ള ആദ്യ പ്രതികരണമാണിത്.

എഴുത്തുകാരി നയന്‍താര സെഹ്ഗാളും മുന്‍ ലളിതകലാ അക്കാദമി അധ്യക്ഷനും കവിയുമായ അശോക് വാജ്‌പേയിയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ഉര്‍ദു എഴുത്തുകാരന്‍ റഹ്മാന്‍ അബ്ബാസ് മഹാരാഷ്ട്ര ഉര്‍ദു സാഹിത്യ അക്കാദമി പുരസ്‌കാരവും തിരിച്ചു നല്‍കിയിരുന്നു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദുത്വ സംഘങ്ങളുടെ ആക്രമണം വര്‍ധിക്കുന്നതിലും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം കാത്തു സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിലും പ്രതിഷേധിച്ചാണിത്.

കല്‍ബുര്‍ഗിയുടെ വധത്തിലും അന്വേഷണം വൈകുന്നതിലും പ്രതിഷേധിച്ച് കര്‍ണാടകയിലെ എഴുത്തുകാരായ വീരണ്ണ മഡിവാളര്‍, ടി. സതീഷ് ജ്വാവരെ ഗൗഡ, സംഘമേഷ്, ഹനുമന്ദ് ഹലിഗേരി, ശ്രീദേവി വി. ആലൂര്‍, ചിതാനന്ദ സാലി എന്നിവരാണ് പരുസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയത്.

കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ നയങ്ങളിലുള്ള പ്രതിഷേധം: സാറാ ജോസഫും സച്ചിദാനന്ദനും പാറക്കടവും പുരസ്‌ക്കാരവും പദവിയും തിരിച്ചുനല്‍കുന്നു


Also Read:
ടി.ഇ അബ്ദുല്ലയ്ക്ക് പിന്നാലെ എ. അബ്ദുര്‍ റഹ് മാനും മത്സര രംഗത്തുനിന്നും പിന്‍മാറി

Keywords:  Malayalam literary figures join protest against communal policies,Thrissur, Prime Minister, Narendra Modi, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia