Actor Death | നടന്‍ പൂജപ്പുര രവി അന്തരിച്ചു; വിടവാങ്ങിയത്‌ ഹാസ്യനടനായും സ്വഭാവനടനായും ദീര്‍ഘകാലം മലയാളസിനിമയില്‍ അഭിനയിച്ച താരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com) നടന്‍ പൂജപ്പുര രവി (രവീന്ദ്രന്‍ നായര്‍-86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മറയൂരിലെ മകളുടെ വീട്ടില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച രാവിലെ 11.30നു ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോകും.

നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച മലയാളത്തിലെ ശ്രദ്ധേയ താരമാണ് പൂജപ്പുര രവി. ഹാസ്യനടനായും സ്വഭാവനടനായും ദീര്‍ഘകാലം മലയാളസിനിമയില്‍ അഭിനയിച്ചു. വലുതും ചെറുതുമായ വേഷങ്ങള്‍ ഒതുക്കത്തോടെ അഭിനയിച്ച് ഫലിപ്പിച്ചു. ശ്രദ്ധേയമായ ആകാരവും ശബ്ദവും പ്രേക്ഷകരെ ആകര്‍ഷിച്ചു. ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേക കൈയടക്കമുണ്ടായിരുന്നു അദ്ദേഹത്തിന്. 'കള്ളന്‍ കപ്പലില്‍ത്തന്നെ' എന്ന ചിത്രത്തിലെ 'സുബ്രഹ്‌മണ്യം സ്വാമി' എന്ന കഥാപാത്രം പൂജപ്പുര രവിയുടെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. കള്ളന്‍ കപ്പലില്‍തന്നെ, റൗഡി രാമു, ഓര്‍മകള്‍ മരിക്കുമോ?, അമ്മിണി അമ്മാവന്‍, മുത്താരംകുന്ന് പിഒ, പൂച്ചയ്‌ക്കൊരു മൂക്കുത്തി, ലൗ ഇന്‍ സിംഗപ്പൂര്‍, ആനയ്‌ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടന്‍ അമ്പാടി, മഞ്ചാടിക്കുരു, നായാട്ട്, തേനും വയമ്പും, കുയിലിനെ തേടി, ഇതാ ഇന്നുമുതല്‍, രാക്കുയിലിന്‍ രാഗസദസില്‍, ഒരു സിബിഐ ഡയറിക്കുറിപ്പ്, ദ കാര്‍, കിഴക്കന്‍ പത്രോസ്, ആയിരപ്പറ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവസാന ചിത്രം 2016ല്‍ പുറത്തിറങ്ങിയ ഗപ്പി.

തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. എം രവീന്ദ്രന്‍ നായരെന്നാണ് യഥാര്‍ഥ പേര്. നാടക നടന്‍ ആയിരിക്കെ കലാനിലയം കൃഷ്ണന്‍ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്. നാടകമേഖലയില്‍ ധാരാളം രവിമാര്‍ ഉള്ളതിനാല്‍ പൂജപ്പുര എന്ന സ്ഥലപ്പേരുകൂടി ചേര്‍ക്കുകയായിരുന്നു അദ്ദേഹം. ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തില്‍ നടി ആയിരുന്നു. മക്കള്‍ ലക്ഷ്മി, ഹരികുമാര്‍.

ട്രാവന്‍കൂര്‍ ഇന്‍ഫന്‍ട്രിയിലും സൈനിക സ്‌കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവന്‍പിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളില്‍ മൂത്തയാളായിരുന്നു രവി. ചിന്നമ്മ മെമോറിയല്‍ ഗേള്‍സ് സ്‌കൂള്‍, തിരുമല ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഭിനയ രംഗത്തോട് താത്പര്യമുണ്ടാകുന്നത്. പിന്നീട് ആകാശവാണി ബാലലോകം നാടകങ്ങളില്‍ സ്ഥിരം ശബ്ദസാന്നിധ്യമായി.

പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ് എല്‍ പുരം സദാനന്ദന്റെ 'ഒരാള്‍കൂടി കള്ളനായി' എന്ന നാടകത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. അധ്യാപകരില്‍ നിന്നുള്‍പെടെ മികച്ച പ്രതികരണം ലഭിച്ചതോടെ അഭിനയം തന്റെ വഴിയായി അദ്ദേഹം തിരഞ്ഞെടുത്തു. നാടകങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതോടെ സിനിമ ലക്ഷ്യമാക്കി അദ്ദേഹം മദ്രാസിലേക്ക് ട്രെയിന്‍ കയറി. വേലുത്തമ്പി ദളവ ഉള്‍പെടെ ഏതാനും സിനിമകളില്‍ മുഖം കാണിച്ചു.

സിനിമകളില്‍ അവസരങ്ങള്‍ ഇല്ലാതായതോടെ ഗണേഷ് ഇലക്ട്രികല്‍സ് എന്ന കംപനിയില്‍ ജോലിക്കാരനായി ചേര്‍ന്നു. പിന്നീട് ജഗതി എന്‍കെ ആചാരിയുടെ നിര്‍ദേശപ്രകാരം അദ്ദേഹം തിരികെ തിരുവനന്തപുരത്ത് എത്തി കലാനിലയം നാടകവേദിയില്‍ നടനായി. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം കലാനിലയത്തിന്റെ അവിഭാജ്യ ഘടകമായി മാറി. കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ് തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 10 വര്‍ഷത്തോളം കലാനിലയത്തില്‍ നടനായി തുടര്‍ന്നു.

1976ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത അമ്മിണി അമ്മാവന്‍ എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം അവതരിപ്പിക്കാന്‍ സാധിച്ചതോടെ സിനിമയില്‍ നിരവധി വേഷങ്ങള്‍ തേടിയെത്തി. സത്യന്‍, നസീര്‍, മധു, ജയന്‍ തുടങ്ങി മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞ് പൃഥ്വിരാജും ടൊവീനോ തോമസും ഉള്‍പെടെയുള്ള വിവിധ തലമുറകള്‍ക്കൊപ്പം അഞ്ചു പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമായിരുന്നു അദ്ദേഹം.

Actor Death | നടന്‍ പൂജപ്പുര രവി അന്തരിച്ചു; വിടവാങ്ങിയത്‌ ഹാസ്യനടനായും സ്വഭാവനടനായും ദീര്‍ഘകാലം മലയാളസിനിമയില്‍ അഭിനയിച്ച താരം

ജോഷി, പ്രിയദര്‍ശന്‍, സിബി മലയില്‍, കമല്‍, വിനയന്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെയെല്ലാം ആദ്യ സിനിമകളില്‍ അഭിനയിച്ചു. പ്രിയദര്‍ശന്റെ നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. സിനിമയില്‍ അവതരിപ്പിച്ചവയില്‍ പകുതിയിലധികവും 'പട്ടര്‍' കഥാപാത്രങ്ങളായിരുന്നു എന്നത് പൂജപ്പുര രവിക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു അപൂര്‍വ സവിശേഷതയാണ്. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ മിനിസ്‌ക്രീനില്‍ ശ്രദ്ധിച്ച അദ്ദേഹം നിരവധി ടിവി സീരിയലുകളില്‍ വേഷമിട്ടു.

പൂജപ്പുരയില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മറയൂരിലെ മകളുടെ വീട്ടിലേക്ക് അദ്ദേഹം താമസം മാറിയത്.

Keywords:  Malayalam actor Poojappura Ravi passes away at 86, Actor Poojappura Ravi, Death, Hospital, Dead Body, Treatment, Drama, Televivision, Serial, Thodupuzha, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia