Oldest Person | 120 വയസുള്ള മലപ്പുറത്തെ കുഞ്ഞീരുമ്മ; ഗിന്നസ് വേൾഡ് റെകോർഡ് അധികൃതർ അറിയുമോ കണക്കുകളിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെ? ഈ പ്രായത്തിലും രോഗങ്ങളെ പടിക്കുപുറത്ത് നിർത്തിയ മുത്തശ്ശിയുടെ വിശേഷങ്ങൾ

 


മലപ്പുറം: (www.kvartha.com) കണക്കുകൾ പരിശോധിച്ചാൽ ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ കുഞ്ഞീരുമ്മ. ആധാർ കാർഡിൽ രേഖപ്പെടുത്തിയതനുസരിച്ച് ഇക്കഴിഞ്ഞ ജൂണിൽ ഈ മുത്തശ്ശിക്ക് 120 വയസ് തികഞ്ഞു. നിലവിൽ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി ഗിന്നസ് വേൾഡ് റെകോർഡിൽ ഇടംനേടിയിട്ടുള്ള സ്‌പെയിനിലെ 116 വയസുകാരിയായ മരിയ ബ്രാൻയാസിനെയും മറികടക്കുന്നതാന് കുഞ്ഞീരുമ്മയുടെ പ്രായം. എന്നാൽ ഈ വസ്തുത പലർക്കും അറിയില്ല, ഗിനസ് അധികൃതർക്ക് പോലും.

   
Oldest Person | 120 വയസുള്ള മലപ്പുറത്തെ കുഞ്ഞീരുമ്മ; ഗിന്നസ് വേൾഡ് റെകോർഡ് അധികൃതർ അറിയുമോ കണക്കുകളിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെ? ഈ പ്രായത്തിലും രോഗങ്ങളെ പടിക്കുപുറത്ത് നിർത്തിയ മുത്തശ്ശിയുടെ വിശേഷങ്ങൾ

പരേതനായ കലമ്പൻ സെയ്ദാലിയുടെ ഭാര്യയായ കുഞ്ഞീരുമ്മ മലപ്പുറത്ത് വളാഞ്ചേരിക്കടുത്ത് പൂക്കാട്ടിരിയിലാണ് താമസം. ആധാർ കാർഡ് വിശദാംശങ്ങൾ അനുസരിച്ച്, 1903 ജൂൺ രണ്ടിന് ജനിച്ച കുഞ്ഞീരുമ്മയ്ക്ക് ശനിയാഴ്ച (സെപ്റ്റംബർ ഒമ്പത്) വരെ 120 വയസും 101 ദിവസവും പ്രായമുണ്ട്. ആഗോളതലത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീയായും വ്യക്തിയായും കണക്കാക്കുന്ന മരിയ ബ്രാൻയാസ് 1907 മാർച്ച് നാലിനാണ് ജനിച്ചത്. ഇവർ ശനിയാഴ്ച 116 വർഷവും 223 ദിവസവും പൂർത്തിയാക്കി, കുഞ്ഞീരുമ്മയേക്കാൾ നാല് വർഷവും 126 ദിവസവും ഇളയതാണ് മരിയ.

ആരെയും പോലെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ കുഞ്ഞീരുമ്മയ്ക്ക് കഴിയും എന്നത് ശ്രദ്ധേയമാണ്. 115-ാം വയസിൽ വീണത് മുതൽ വീൽചെയർ ഉപയോഗിക്കേണ്ടി വന്നു. പ്രമേഹം, ബിപി, കൊളസ്‌ട്രോൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് മുക്തയായതിനാൽ മരുന്നുകളുടെ ആവശ്യമില്ല. സാധാരണയായി കഞ്ഞിയാണ് കഴിക്കുന്നതെന്ന് ആരോഗ്യ രഹസ്യത്തെ കുറിച്ച് ഇവർ പറയുന്നു. 17-ാം വയസിൽ കുഞ്ഞീരുമ്മയെ സൈദാലി വിവാഹം കഴിച്ചു. ഇവർക്ക് 13 മക്കളാണുള്ളത്. ഇവരിൽ നാല് പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിപ്പുള്ളത്.

എല്ലാ ദിവസവും മക്കളെ കാണണമെന്നതാണ് ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് പതിനൊന്നാമത്തെ കുട്ടി മൊയ്തു പറഞ്ഞു. '1921-ലെ മലബാർ കലാപത്തിൽ സമീപ പ്രദേശങ്ങളിൽ നിന്നുള്ള വെടിയൊച്ചകൾ കേട്ട് ഭയന്നിരുന്നതായി ഉമ്മ ഞങ്ങളോട് പറയാറുണ്ടായിരുന്നു. വീടിനടുത്തുള്ള പറമ്പിൽ അവർ ആടുകളെ മേയ്ക്കുകയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിൽ തന്റെ മുത്തച്ഛനെ ബ്രിടീഷ് പട്ടാളക്കാർ പിടികൂടിയതും നാല് മാസത്തിന് ശേഷം വിട്ടയച്ചതും ഒരിക്കൽ വിവരിച്ചിട്ടുണ്ട്', ഇളയമകൻ മുഹമ്മദ് ഓർമിച്ചു.

കുഞ്ഞീരുമ്മയെ കുറിച്ചുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ഇവരും പ്രായവും ജനശ്രദ്ധയിൽ വന്നത്. പിന്നാലെ മലയാള മാധ്യമങ്ങളും ഇത് ഏറ്റെടുത്തു. ഇപ്പോൾ ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങളും കുഞ്ഞീരുമ്മയെ കുറിച്ചുള്ള വാർത്ത നൽകിയിട്ടുണ്ട്. വൈകാതെ തന്നെ ആഗോള മാധ്യമങ്ങളിലും മലപ്പുറത്തെ മുത്തശ്ശിയുടെ വിശേഷങ്ങൾ പുറത്തുവരികയും ഗിനസ് അധികൃതർ കനിയുമെന്നുമാണ് പ്രദേശവാസികൾ പ്രതീക്ഷിക്കുന്നത്.

Keywords:  News, News-Malayalam-News, Kerala, Kerala-News, Malappuram, Valanchery, Malayalam News, Malappuram woman at 125, oldest in World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia