എട്ട് പുഴകൾ, 41 ജെട്ടികൾ; മലബാർ റിവർ ക്രൂയിസ് പദ്ധതി പാതിവഴിയിൽ, ബോട്ടുകളില്ല

 
Unused boat jetty from Malabar River Cruise project
Unused boat jetty from Malabar River Cruise project

Photo: Special Arrangement

● ഒരൊറ്റ ബോട്ടുപോലും ജെട്ടികളിൽ അടുത്തിട്ടില്ല.
● 15 ക്രൂയിസ് ബോട്ടുകൾ അടക്കമുള്ളവ നടപ്പിലായിട്ടില്ല.
● തളിപ്പറമ്പ് കുപ്പത്തിലെ ബോട്ട് ജെട്ടി ടെർമിനൽ നാശത്തിന്റെ വക്കിൽ.
● നൈറ്റ് ലൈഫ് പദ്ധതിയിലെ നിർമ്മാണങ്ങൾ ദേശീയപാത പരാതിയിൽ നിർത്തിവെച്ചു.


കണ്ണൂർ: (KVARTHA) വടക്കൻ മലബാറിലെ വിനോദസഞ്ചാര മേഖല വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന മലബാർ റിവർ ക്രൂയിസ് പദ്ധതി പാതിവഴിയിൽ നിലച്ച് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. മലബാറിലെ എട്ട് പുഴകളെയും അവയുടെ തീരത്തെ 41 ബോട്ട് ജെട്ടികളെയും ബന്ധിപ്പിച്ച്, നദീതീരങ്ങളിൽ പ്രാദേശികമായ വ്യത്യസ്ത തീമുകളിൽ ടൂറിസം പദ്ധതികളും ഹോം സ്റ്റേകളും ചരിത്രകഥകൾ പറയുന്ന വിനോദസഞ്ചാരവും ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി. ടൂറിസം വകുപ്പും സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസികളും ഈ പദ്ധതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണമാണ് നൽകിയിരുന്നത്.


2017-ൽ ആരംഭിച്ച ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പരിപാടിയിൽ നിന്നുള്ള ധനസഹായം ഉൾപ്പെടെ എട്ട് വർഷം കൊണ്ട് 127 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാൽ, ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിച്ചാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.
 

പദ്ധതിയുടെ നിലവിലെ അവസ്ഥ


ന്യൂമാഹി മുതൽ നീലേശ്വരം വരെയുള്ള 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് റിവർ ക്രൂയിസ് പദ്ധതി നടപ്പിലാക്കിയത്. കണ്ണൂർ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി പുഴകളും കാസർകോട്ടെ തേജസ്വിനി, ചന്ദ്രഗിരി പുഴകളും ഉൾപ്പെട്ടതാണ് മലബാർ റിവർ ക്രൂയിസ് പദ്ധതി പ്രദേശം. എന്നാൽ, ഇവിടങ്ങളിലെ പുഴയോരത്ത് പണി പൂർത്തിയാക്കിയ 32 ബോട്ട് ജെട്ടികളും ഇപ്പോൾ അനാഥമായി കിടക്കുകയാണ്. ഒരൊറ്റ ബോട്ട് പോലും ഈ ജെട്ടികളിൽ അടുത്തിട്ടില്ല. 2024 ഡിസംബറിൽ പണി പൂർത്തീകരിച്ച് പൂർണ്ണതോതിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിക്കാണ് ഈ ദുർഗതി.
 

Unused boat jetty from Malabar River Cruise project


നേരത്തെ പ്രഖ്യാപിച്ച പദ്ധതിയിൽ 15 ക്രൂയിസ് ബോട്ടുകൾ, 10 സ്പീഡ് ബോട്ടുകൾ, നാല് സുരക്ഷാ ബോട്ടുകൾ, കടലിൽ പോകാവുന്ന രണ്ട് ബോട്ടുകൾ, നാല് ഫ്ളോട്ടിംഗ് മാർക്കറ്റുകൾ, രണ്ട് ഫ്ളോട്ടിംഗ് ഭക്ഷണശാലകൾ, വാട്ടർ സ്പോർട്സ് ഉപകരണങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, ചാനൽ മാർക്കറ്റിംഗ് എന്നിവയൊക്കെ ഉൾപ്പെട്ടിരുന്നു. ഇതിൽ പറശിനിക്കടവിലും മുല്ലക്കൊടിയിലും ഫ്ളോട്ടിംഗ് റസ്റ്റോറൻ്റ് ആരംഭിച്ചതൊഴിച്ചാൽ മറ്റൊന്നും തന്നെ ഇതേവരെ നടപ്പിലായിട്ടില്ല.


തളിപ്പറമ്പ് കുപ്പത്ത് ഏഴ് വർഷം മുൻപ് നിർമ്മാണം പൂർത്തീകരിച്ച ബോട്ട് ജെട്ടി ടെർമിനൽ നാശത്തിൻ്റെ വക്കിലാണ്. നിലത്തെ ടൈൽസുകൾ ഇളകിയ ബോട്ട് ജെട്ടി മാലിന്യ സംഭരണ കേന്ദ്രമായും മാറിയിരിക്കുന്നു. ഇവിടെ നൈറ്റ് ലൈഫ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പാർക്കിലെ റസ്റ്റോറൻ്റും കംഫർട്ട് സ്റ്റേഷനും തങ്ങളുടെ സ്ഥലം കൈയേറി നിർമ്മിച്ചതാണെന്ന ദേശീയപാത അതോറിറ്റിയുടെ പരാതിയിൽ നിർമ്മാണം നിർത്തിവെച്ചിരിക്കുകയാണ്.


യാതൊരു മുന്നൊരുക്കവും നടത്താതെ ആരംഭിച്ചതാണ് മലബാറിൻ്റെ മുഖച്ഛായ മാറ്റുമെന്ന് വിശ്വസിപ്പിച്ച പദ്ധതി പാതിവഴിക്കാകാൻ കാരണമെന്നാണ് വിമർശനം. മലബാർ റിവർ ക്രൂയിസ് പദ്ധതി എന്ന് പൂർത്തിയാവുമെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സാധിക്കാതെ വന്നതോടെ 'എത്ര മനോഹരമായി നടക്കാത്ത പദ്ധതി' എന്ന് ആളുകൾ ഇതിനെ വിശേഷിപ്പിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.

മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഈ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 
 


Article Summary: Malabar River Cruise project stalled, 127 crores spent.
 


#MalabarRiverCruise #KeralaTourism #ProjectFailure #Kannur #Kasaragod #SwadeshDarshan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia