Sabarimala pilgrimage | ശബരിമല തീര്‍ഥാടനത്തിന് ഉപയോഗിക്കുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കും; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെന്നും മന്ത്രി മുഹമ്മദ് റിയാസ്
Sep 25, 2022, 19:26 IST
തിരുവനന്തപുരം: (www.kvartha.com) ശബരിമല തീര്‍ഥാടനത്തിന് ഉപയോഗിക്കുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കുമെന്നും പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെ തിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഒക്ടോബര്‍ 19, 20 തീയതികളില്‍ മന്ത്രിതല സംഘം റോഡുകളിലൂടെ സഞ്ചരിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പ്രധാനമായി ഉപയോഗിക്കുന്ന 19 റോഡുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മണ്ഡലകാലത്തിന് മാസങ്ങള്‍ ഉണ്ടെങ്കിലും നേരത്തെ തന്നെ തയാറെടുപ്പുകള്‍ നടത്താനാണ് തീരുമാനം. ലക്ഷകണക്കിന് തീര്‍ഥാടകര്‍ വരുന്ന സാഹചര്യത്തില്‍ റോഡുകളുടെ പൊതുസ്ഥിതി വിലയിരുത്താനാണ് ഞായറാഴ്ച യോഗം ചേര്‍ന്നതെന്നും മന്ത്രി പറഞ്ഞു.
ചില ഉദ്യോഗസ്ഥര്‍ നല്ലരീതിയില്‍ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നുണ്ട്. എന്നാല്‍ ചിലര്‍ അലസത കാണിക്കുന്നുണ്ട്. സാങ്കേതികത്വം പറഞ്ഞ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിക്കാന്‍ അനുവദിക്കില്ല. പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഓരോ റോഡിനും ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ചുമതല കൃത്യമായി നിര്‍വഹിച്ചോ എന്ന് അറിയാന്‍ ഒക്ടോബര്‍ അഞ്ചാം തീയതി ചീഫ് എന്‍ജിനീയര്‍മാര്‍ റോഡുകളിലൂടെ സഞ്ചരിക്കും. തുടര്‍ന്ന് റിപോര്‍ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കും. ഒക്ടോബര്‍ 19, 20 തീയതികളില്‍ മന്ത്രിതല സംഘം റോഡുകളിലുടെ സഞ്ചരിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തും. പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കും. ഇതിനായി ഓണ്‍ലൈന്‍ ബുകിംഗ് ആരംഭിക്കാന്‍ തീരുമാനിച്ചു. എരുമേലിയില്‍ ശബരിമല സത്രം ബില്‍ഡിംഗ് വിഭാഗത്തിന്റേയാണ്. ഇവിടെ ഓണ്‍ലൈന്‍ ബുകിംഗ് ആരംഭിക്കും. ഡോര്‍മിറ്ററി സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡോര്‍മിറ്ററി സംവിധാനവും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുവരും. എരുമേലിയില്‍ റസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനം 19ന് ആരംഭിക്കും. സന്നിധാനത്ത് 19ന് റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്യും. സന്നിധാനത്ത് പൊതുമരാമത്തിന്റെ കീഴില്‍ നാലു കെട്ടിടങ്ങളാണ് ഉള്ളത്. തീര്‍ഥാടകര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും ഏര്‍പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
Keywords: Maintenance of major roads used for Sabarimala pilgrimage will be completed by October 15, Thiruvananthapuram, News, Sabarimala Temple, Shabarimala Pilgrims, Minister, Meeting, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.