മരുമകള്‍ക്ക് ഉറച്ച സീറ്റ്; സിപിഎമ്മിനു മുന്നില്‍ ഗൗരിയമ്മയുടെ മുഖ്യ ഉപാധി

 


തിരുവനന്തപുരം: (www.kvartha.com 05.08.2015) സിപിഎമ്മിലേക്ക് 21 വര്‍ഷത്തിനു ശേഷം കെ ആര്‍ ഗൗരിയമ്മ തിരിച്ചെത്താന്‍ കൃത്യം രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ അവര്‍ സിപിഎമ്മിനു മുന്നില്‍വച്ച മുഖ്യ ഉപാധി പുറത്തുവരുന്നു.

തന്റെ സഹോദരീ പുത്രി പ്രൊഫ. ബീനാകുമാരിക്ക് വിജയം ഉറപ്പുള്ള നിയോജക മണ്ഡലം മത്സരിക്കാന്‍ നല്‍കുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്യുക എന്നതാണ് അത്. ഇക്കാര്യത്തില്‍ സിപിഎമ്മിനു വിയോജിപ്പില്ല. അതു പൂര്‍ണമായും സമ്മതിച്ചുകൊണ്ടാണ് ഗൗരിയമ്മയെ വരവേല്‍ക്കുന്നത്.

ഈഴവ വിഭാഗത്തില്‍ നിന്നുള്ള ഒരു വനിതാ നേതാവെന്ന നിലയില്‍ ബീനാകുമാരിയെ ഉയര്‍ത്തിക്കൊണ്ടുവരാനും സിപിഎം ശ്രമിക്കുമെന്നാണു വിവരം. അതിനു മുന്നോടിയായി ഗൗരിയമ്മയുടെ ഉപാധി അംഗീകരിച്ച് അവര്‍ക്ക് ഉറച്ച സീറ്റ് നല്‍കും. പക്ഷേ, ആലപ്പുഴ ജില്ലയിലെ കായംകുളമോ തിരുവനന്തപുരം ജില്ലയിലെ നേമമോ വേണമെന്നാണ് ഗൗരിയമ്മയുടെ ആവശ്യം. കായംകുളത്തെ സിറ്റിംഗ് എംഎല്‍എവി എസ് പക്ഷക്കാരനായ സി കെ സദാശിവനും നേമത്തെ പ്രതിനിധീകരിക്കുന്നത് വി എസ് ശിവന്‍കുട്ടിയുമാണ്.

ശിവന്‍കുട്ടി തലസ്ഥാനത്തെ പ്രമുഖ നേതാവും ഔദ്യോഗിക പക്ഷത്തിനു പ്രിയപ്പെട്ടയാളുമാണ്. ഇവരില്‍ ആരെ മാറ്റിയാലും പ്രശ്‌നമാണെന്നു സിപിഎം നേതൃത്വത്തിന് ആശങ്കയുണ്ട്. എങ്കിലും ഗൗരിയമ്മയുടെ ഉപാധി അംഗീകരിക്കാന്‍ ഇതല്ലെങ്കിലും ഉറച്ച സീറ്റ് നല്‍കിയേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതിശക്തമായ മത്സരം നടക്കുകയും യുഡിഎഫിനെ പിന്തള്ളി ബിജെപിയുടെ ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത മണ്ഡലമാണ് നേമം. ശിവന്‍കുട്ടി അവിടെ മികച്ച മത്സരം കാഴ്ചവച്ചുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

നിയമസഭയില്‍ കെ എം മാണിക്കെതിരെ ബജറ്റ് ദിനത്തില്‍ പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നിന്നതും ശിവന്‍കുട്ടിയായിരുന്നു. അതേസമയം, പാര്‍ട്ടി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിലൂടെ സമീപകാലത്ത് പാര്‍ട്ടിയുമായി അല്പം ഇടഞ്ഞുനില്‍ക്കുകയാണ് മുന്‍ മേയര്‍ കൂടിയായ അദ്ദേഹം. ബീനാകുമാരി തിരുവനന്തപുരത്തു സ്ഥിര താമസമാണെന്നു ചൂണ്ടിക്കാട്ടിയാണ് നേമം സീറ്റിനു വേണ്ടി ഗൗരിയമ്മ പിടിമുറുക്കുന്നത്.

കായംകുളം എംഎല്‍എ സി കെ സദാശിവന്‍ വി എസ് പക്ഷത്തെ പ്രമുഖനായിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം ന്യൂട്രല്‍ നിലപാടിലാണെന്നാണ് അറിയപ്പെടുന്നത്. ആലപ്പുഴയിലെ സിപിഎമ്മിനുള്ളില്‍ അദ്ദേഹത്തിനു സ്വീകാര്യതയുണ്ടു താനും. സദാശിവനെ മാറ്റി അവിടെ ബീനാകുമാരിയെ മത്സരിപ്പിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത ഉണ്ടാകുമോ എന്നാണ് നേതൃത്വത്തിന്റെ ആശങ്ക. പ്രശ്‌നങ്ങളില്ലാതെ ഗൗരിയമ്മയുടെ സ്ഥാനാര്‍ത്ഥിക്ക് ഉറച്ച സീറ്റ് നല്‍കുക എന്നതാണ് സിപിഎമ്മിനു മുന്നിലുള്ള കീറാമുട്ടി.

കേരളമാകെ ജെഎസ്എസിനുള്ള ഓഫീസുകളെല്ലാം കൂടി 45 കോടിയോളം രൂപയുടെ
സ്വത്തുണ്ടെന്നു നേരത്തെ കെവാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതെല്ലാം ഗൗരിയമ്മയുടെ പേരിലാണ്. ഗൗരിയമ്മ പാര്‍ട്ടിയിലേക്കു വരുന്നതോടെ അത് സിപിഎമ്മിനു ലഭിക്കുമെന്നു കണ്ട് തടയാനാണ് അവശേഷിക്കുന്ന ജെഎസ്എസ് നേതൃത്വം ശ്രമിക്കുന്നത്. ആഗസ്റ്റ് 19നാണ് ഗൗരിയമ്മയുടെ ഔപചാരിക മടക്കം.
മരുമകള്‍ക്ക് ഉറച്ച സീറ്റ്; സിപിഎമ്മിനു മുന്നില്‍ ഗൗരിയമ്മയുടെ മുഖ്യ ഉപാധി

Also Read:
ഖത്വീബിന്റെ മുറിയുടെ പൂട്ട് തകര്‍ത്ത് 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്നു

Keywords:  Main conditions from K.R.Gouri amma to CPM; Sure seat for brothers daughter, Thiruvananthapuram, Election, UDF, BJP, Corruption, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia