Jailed | മധു കൊലക്കേസ്; 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിനതടവ്, 16-ാം പ്രതിക്ക് മൂന്നു മാസം തടവും 500 രൂപ പിഴയും വിധിച്ചു

 


പാലക്കാട്: (www.kvartha.com) അട്ടപ്പാടി ചിണ്ടേക്കിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ കോടതിയില്‍ ശിക്ഷാവിധി പ്രസ്താവിക്കുന്നു. കേസിലെ 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിനതടവ്. പതിനാറാം പ്രതിക്ക് മൂന്നു മാസം തടവും 500 രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ല പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി കെഎം രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.

മനഃപൂര്‍വമല്ലാത്ത നരഹത്യ, തട്ടിക്കൊണ്ടുപോകല്‍, ഗുരുതരമായി ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, അന്യായമായി കുറ്റകൃത്യം ചെയ്യാന്‍ സംഘം ചേരുക, പട്ടികജാതി -പട്ടികവര്‍ഗത്തില്‍ പെട്ടയാളെ നഗ്‌നനായോ അര്‍ധനഗ്‌നനായോ പരേഡ് നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി ചുമത്തിയത്.

ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ശംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി ഹുസൈന്‍ ഐപിസി 143, 147, 323, 342, 304(II), 149 വകുപ്പുകളും മറ്റ് പ്രതികള്‍ക്കെതിരെ ഐപിസി 143, 147, 323, 324, 326, 367, 304 (II), 149 എസ് സി, എസ് ടി നിയമം 3 (1)(ഡി) പ്രകാരവും പതിനാറാം പ്രതി മുനീര്‍ ഐപിസി 352 പ്രകാരവുമാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുല്‍ കരീം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു.

കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്നു മണ്ണാര്‍ക്കാട് പട്ടികജാതി വര്‍ഗ പ്രത്യേക കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേരല്‍, മര്‍ദനം തുടങ്ങിയവയ്ക്കു പുറമേ പട്ടികജാതി വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി.

അതേസമയം, കൊലപാതകക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടും രണ്ടുപേരെ വിട്ടയച്ചതിനെതിരെയും അപീല്‍ നല്‍കുമെന്നു മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. നാലാം പ്രതി അനീഷ്, 11-ാം പ്രതി സിദ്ദീഖ് എന്നിവരെയാണു വിട്ടയച്ചത്.

സാക്ഷികളുടെ കൂറുമാറ്റവും പ്രോസിക്യൂടര്‍മാരുടെ മാറ്റവുമുള്‍പ്പെടെ ഏറെ വെല്ലുവിളികള്‍ നേരിട്ട കേസിന്റെ വിചാരണ ഹൈകോടതിയുടെ പ്രത്യേക നിരീക്ഷണത്തിലാണു പൂര്‍ത്തിയാക്കിയത്. 127 സാക്ഷികളില്‍ 24 പേര്‍ കൂറുമാറി. കൊലപാതകം നടന്ന് ഒന്നര വര്‍ഷത്തിനു ശേഷം മധുവിന്റെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂടറെ നിയോഗിച്ചത്. ആവശ്യമായ സൗകര്യങ്ങള്‍ കിട്ടാത്തതുള്‍പെടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ആദ്യ പ്രോസിക്യൂടര്‍ സ്ഥാനം ഒഴിഞ്ഞു. കേസില്‍ നാലാമത്തെ പ്രോസിക്യൂടറായ രാജേഷ് എം മേനോന്റെ നേതൃത്വത്തിലാണു വിചാരണ പൂര്‍ത്തീകരിച്ചത്.

Jailed | മധു കൊലക്കേസ്; 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിനതടവ്, 16-ാം പ്രതിക്ക് മൂന്നു മാസം തടവും 500 രൂപ പിഴയും വിധിച്ചു

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകന്‍ മധു (30) ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. കള്ളനെന്ന് ആരോപിച്ചു കാട്ടില്‍നിന്നു പ്രതികള്‍ സംഘം ചേര്‍ന്നു പിടികൂടി മര്‍ദിച്ച് മുക്കാലിയിലെത്തിച്ചു പൊലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്ന് അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്കു മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലം മരിച്ചുവെന്നാണു കേസ്.

വനത്തില്‍ ആണ്ടിയളച്ചാല്‍ ഭാഗത്തു മധു ഉണ്ടെന്നു വിവരം ലഭിച്ച പ്രതികള്‍ കാട്ടില്‍ അതിക്രമിച്ചു കയറിയെന്ന വനം വകുപ്പു കേസും നിലവിലുണ്ട്. കാട്ടില്‍ പോയി മധുവിനെ പിടികൂടി വരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികളില്‍ ചിലര്‍ തന്നെ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. മുക്കാലിയില്‍ ആള്‍ക്കൂട്ടം മധുവിനെ തടഞ്ഞുവച്ചതിന്റെ മൊബൈല്‍ ഫോണ്‍, സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ തെളിവായി ഹാജരാക്കി.

Keywords:  Madhu Murder case: 13 accused awarded 7 years RI, Palakkad, News, Police, Court, Life Imprisonment, Murder case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia