കണ്ണൂരില്‍ ലോട്ടറി തട്ടിപ്പിനു പിന്നില്‍ വന്‍ റാക്കറ്റ്: പോലിസ് അന്വേഷണത്തില്‍ ചുരുളഴിയുന്നത് നിര്‍ണായക വിവരങ്ങള്‍

 


കണ്ണൂര്‍: (www.kvartha.com 26.10.2019) മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് തട്ടിയെടുത്തെന്ന പരാതിയില്‍ അന്വേഷണം നടത്തുന്ന സംഘത്തിനു ലഭിക്കുന്നത് നിര്‍ണായക വിവരങ്ങള്‍. പറശ്ശിനി ക്ഷേത്രം കേന്ദ്രീകരിച്ച് ഒരു സംഘം തട്ടിപ്പ് നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയും കോഴിക്കോട് പാവങ്ങാട് പഴയങ്ങാടി പൂത്തൂരില്‍ താമസക്കാരനുമായ മുനികുമാര്‍ പൊന്നുച്ചാമി എന്ന മുനിയനാണ് ലോട്ടറി തട്ടിപ്പിന്റെ ചുരുള്‍ അഴിക്കുന്നതിനുള്ള പരാതി നല്‍കിയത്. സമ്മാനര്‍ഹമായ ടിക്കറ്റ് മുനിയന്‍ പറശ്ശിനി ക്ഷേത്രനടയില്‍ വച്ച് പ്രാര്‍ഥിച്ചതായും ഇതാണ് ടിക്കറ്റ് നമ്പര്‍ പുറത്താവാനും തട്ടിപ്പിനും കാരണമായതെന്നുമാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

സംഭവത്തില്‍ കഴിഞ്ഞ ഒരു മാസമായി പോലീസ് നിരീക്ഷണം നടത്തി വരികയാണ്. അജിതനെയും കൂട്ടാളികളേയും കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ലോട്ടറി വില്‍പ്പന നടത്തിയ മുയ്യത്തെ പി.വി പവിത്രനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. അതേസമയം, ലോട്ടറി ഫലം പുറത്തുവന്നപ്പോള്‍ തനിക്കാണ് ലോട്ടറി വന്നതെന്ന് തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കല്ലിങ്കീല്‍ പത്മനാഭനെ അറിയിച്ച മംഗലശേരി സ്വദേശി പെട്ടെന്ന് വിദേശത്തേക്ക് മുങ്ങിയതും സംശയത്തിലാണ്. ഇതുമായി ബന്ധപ്പെട്ടും പൊലിസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ ടിക്കറ്റ് കോടതിയില്‍ ഹാജരാക്കി ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

കണ്ണൂരില്‍ ലോട്ടറി തട്ടിപ്പിനു പിന്നില്‍ വന്‍ റാക്കറ്റ്: പോലിസ് അന്വേഷണത്തില്‍ ചുരുളഴിയുന്നത് നിര്‍ണായക വിവരങ്ങള്‍

ഒന്നാം സമ്മാനം തനിക്കാണെന്ന വാദം ഉന്നയിച്ച് ബാങ്കില്‍ കലക്ഷന്‍ ലോട്ടറി ടിക്കറ്റ് നല്‍കിയ പറശ്ശിനിക്കടവിലെ പി.എം അജിതന്‍ പറശ്ശിനി ക്ഷേത്ര ജീവനക്കാരനാണ്. അഞ്ച് കോടി രൂപയാണ് കഴിഞ്ഞ ജൂലായ് 18ന് നറുക്കെടുത്ത എം.ഇ 174253 നമ്പര്‍ മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. ഈ ടിക്കറ്റ് അടങ്ങിയ പഴ്സ് പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്തു വച്ച് തട്ടിയെടുത്തതായാണ് മുനിയന്‍ നല്‍കിയ പരാതി. കഴിഞ്ഞ ഒരു മാസത്തിലേറെയായി പോലീസ് രഹസ്യമായി അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തത്. എട്ട് വര്‍ഷം മുമ്പ് അജിതന് 40 ലക്ഷം രൂപയും 50 പവനും ഒന്നാം സമ്മാനമായി കേരള ലോട്ടറിയില്‍ നിന്നും ലഭിച്ചതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 കഴിഞ്ഞ 30 വര്‍ഷമായി കോഴിക്കോട് താമസിക്കുന്ന മുനിയന്‍ ടാക്സി ഡ്രൈവറാണ്. എല്ലാ മാസവും പറശ്ശിനിക്കടവില്‍ വരുന്ന ഇദ്ദേഹം ജൂണ്‍ 16ന് പറശിനിക്കടവില്‍ വന്നപ്പോഴാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തതെന്ന് പരാതിയില്‍ പറയുന്നു. ജൂണ്‍ 26ന് വീണ്ടും പറശ്ശിനിക്കടവില്‍ വന്നപ്പോള്‍ പേഴ്സ് ഉള്‍പ്പെടെ പോക്കറ്റടിച്ച് ടിക്കറ്റ് നഷ്ടമായെന്നാണ് പരാതി. ടിക്കറ്റിന് പുറകില്‍ പേരെഴുതിയതായും പരാതിയിലുണ്ട്. മുനിയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ലോട്ടറി വകുപ്പ് സമ്മാനത്തുക നല്‍കുന്നത് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Keywords:  News, Kannur, Lottery, Kerala, Cheating, Police, Case, Investigates, lottery cheating in kannur; police investigation continues
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia