വടകര തിരിച്ചുപിടിക്കാന്‍ സിപിഎമ്മിനു പ്രത്യേക കര്‍മപദ്ധതി; കെ കെ ലതികയെയും പരിഗണിക്കുന്നു

 


തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഉണ്ടായ മാധ്യമ പ്രചാരണത്തെയും രാഷ്ട്രീയ വെല്ലുവിളിയെയും മറികടക്കാന്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഉജ്വല വിജയത്തിനു സിപിഎം പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. ചന്ദ്രശേഖരന്‍ കേസിലെ പ്രതിയായിരുന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്റെ ഭാര്യ കെ കെ ലതിക എംഎല്‍എയെ വടകരയില്‍ മല്‍സരിപ്പിക്കാനുള്‍പ്പെടെ ആലോചനയുമുണ്ട്.

വടകരയില്‍ യുഡിഎഫ് പിന്തുണയോടെ കെ കെ രമ മല്‍സരിക്കുമെന്ന സൂചന പുറത്തുവന്നതോടെയാണിത്. നേരത്തേ വടകരയില്‍ നിന്നു വിജയിക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനോടു പരാജയപ്പെടുകയും ചെയ്ത പി സതീദേവിയെത്തന്നെ ഇത്തവണയും മല്‍സരിപ്പിക്കണം എന്ന അഭിപ്രായവും ഉണ്ടെങ്കിലും കെ കെ ലതികയ്ക്കാണു മുന്‍തൂക്കം. ഏതായാലും മൂന്നാമതൊരാള്‍ വന്നാലും അത് വനിത തന്നെയായേക്കുമെന്നും സൂചനയുണ്ട്. വടകര കേരളം ഉറ്റുനോക്കുന്ന വനിതാ പോരാട്ടത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്യും.

ടി പി ചന്ദ്രശേഖരന്റെ തട്ടകമായിരുന്ന, അദ്ദേഹം കൊല്ലപ്പെട്ട ഒഞ്ചിയം ഉള്‍പെടെ വടകരയിലെ മല്‍സരം സിപിഎമ്മിന് ഇത്തവണ അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്. അവിടെ വിജയിച്ചാല്‍ അത് ചന്ദ്രശേഖരന്‍ വധം പാര്‍ട്ടിക്ക് ആഘാതമായെന്ന പ്രചാരണത്തിനുള്ള ഏറ്റവും നല്ല തിരിച്ചടിയായി മാറുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിക്കും മുന്നണിക്കും മികച്ച വിജയം നേടാന്‍ തയ്യാറാക്കുന്ന ഉള്‍പ്പാര്‍ട്ടി പദ്ധതിയില്‍ വടകരയുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ടത്രേ. വടകര പ്രത്യേകമായി ശ്രദ്ധവയ്‌ക്കേണ്ട നിയോജക മണ്ഡലമാണെന്നും അവിടെ ആര്‍എംപിയും യുഡിഎഫും കൈകോര്‍ക്കുമ്പോള്‍ പാര്‍ട്ടിയുടെയും ഘടക കക്ഷികളുടെയും വോട്ടുകളില്‍ നിന്ന് ഒരെണ്ണംപോലും അപ്പുറത്തേക്കു പോകാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നുമാണ് ഇക്കാര്യത്തിലെ വിശദീകരണം.

ചന്ദ്രശേഖരന്‍ വധം ദേശീയതലത്തില്‍ തന്നെ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുകയും വന്‍തോതിലുള്ള രാഷ്ട്രീയ പ്രതിസന്ധി സിപിഎമ്മിനു വരുത്തിവയ്ക്കുകയും ചെയ്ത സംഭവമാണ്. രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല പാര്‍ട്ടിക്കുള്ളില്‍ വി എസ് അച്യുതാനന്ദനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഇത് ഉപയോഗിച്ച് സംസ്ഥാന നേതൃത്വത്തെ ശക്തമായി ആക്രമിക്കുകയും ചെയ്തു. വടകരയിലെ വിജയം ഇതിനെല്ലാമുള്ള മറുപടിയായി മാറുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. ചിട്ടയായ പ്രവര്‍ത്തനത്തിന്റെ പതിവുരീതിക്കു പുറമേ കൂടുതല്‍ ശ്രദ്ധിക്കുക കൂടി ചെയ്താല്‍ വിജയിക്കാന്‍ കഴിയുമെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വത്തിനു നല്‍കിയിരിക്കുന്ന റിപോര്‍ട്ട്.

മുന്‍ സിപിഐ എംഎല്‍ (റെഡ്ഫഌഗ്) നേതാവും ഇപ്പോള്‍ സിപിഎമ്മിന്റെ കോഴിക്കോടു ജില്ലയിലെ പ്രമുഖ നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ ടി കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലായേക്കും വടകരയിലെ പ്രവര്‍ത്തനങ്ങള്‍.

വടകര തിരിച്ചുപിടിക്കാന്‍ സിപിഎമ്മിനു പ്രത്യേക കര്‍മപദ്ധതി; കെ കെ ലതികയെയും പരിഗണിക്കുന്നുപി മോഹനനെ പോലീസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി അറസ്റ്റു ചെയ്‌തെങ്കിലും അതിനപ്പുറം നേതാക്കളിലേക്ക് കേസ് നീണ്ടില്ല. എന്നാല്‍ ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഗൂഢാലോചന സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന രമയുടെ ആവശ്യം ശക്തമായി അവര്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. രമ ലോക്‌സഭാംഗമായാല്‍ ഈ ദിശയിലുള്ള ശ്രമങ്ങള്‍ വിജയിച്ചേക്കും എന്നതാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത് എന്നാണ് ആര്‍എംപി പ്രചരിപ്പിക്കുന്നത്. എന്നാല്‍ സിബിഐ അന്വേഷണത്തെ പാര്‍ട്ടി ഭയക്കുന്നില്ല എന്നാണ്  സിപിഎം നിലപാട്. വടകരയില്‍ മല്‍സരിക്കുന്നത് രമയായാലും അല്ലെങ്കിലും അവിടെ പൊരുതി ജയിക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Thiruvananthapuram, T.P Chandrasekhar Murder Case, CPM, Lok Sabha, Election, Kerala, K.K. Lathika, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia