ലോകായുക്ത ഓര്‍ഡിനന്‍സ്: സര്‍കാര്‍ ചെരുപ്പിനൊപ്പിച്ച് കാല്‍ മുറിക്കുന്നു: ജി ദേവരാജന്‍

 കൊല്ലം: (www.kvartha.com 25.01.2022) ലോകായുക്തയുടെ അധികാരം കവരുന്ന വിധത്തിലുള്ള സംസ്ഥാന സര്‍കാരിന്റെ പുതിയ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രടറി ജി ദേവരാജന്‍. സര്‍കാര്‍ ഓര്‍ഡിനന്‍സ് ചെരുപ്പിനൊപ്പിച്ച് കാല്‍ മുറിക്കുന്ന വിചിത്രവും വിവേകരഹിതവുമായ നീക്കമാണെന്ന് ജി ദേവരാജന്‍ പറഞ്ഞു. 

വിപുലവും ശക്തവുമായ അധികാരങ്ങളോടു കൂടിയ ലോക്പാലിനും ലോകായുക്തകള്‍ക്കും വേണ്ടി പാര്‍ലമെന്റില്‍ ഇടതുപാര്‍ടികള്‍ ഒരുമിച്ചു ശബ്ദമുയര്‍ത്തിയിട്ടുള്ളതാണ്. പ്രധാനമന്ത്രിയെക്കൂടി ലോക്പാലിന്റെ അധികാരപരിധിയില്‍ കൊണ്ടുവരണമെന്നും ഇടതുപാര്‍ടികള്‍ സംയുക്തമായി ആവശ്യപ്പെട്ടിരുന്നു. 

ലോകായുക്ത ഓര്‍ഡിനന്‍സ്: സര്‍കാര്‍ ചെരുപ്പിനൊപ്പിച്ച് കാല്‍ മുറിക്കുന്നു: ജി ദേവരാജന്‍


കോര്‍പറേറ്റ് സ്ഥാപനങ്ങളും സര്‍കാര്‍ സഹായം കിട്ടുന്ന സന്നദ്ധ സംഘടനകളും പൊതു-സ്വകാര്യ-പങ്കാളിത്തത്തോടെ നടക്കുന്ന പദ്ധതികളുടെ നടത്തിപ്പ് സംഘടനകള്‍ എന്നിവയൊക്കെ ലോക്പാലിന്റെ പരിധിയിലാക്കണമെന്നും ഇടതുപാര്‍ടികള്‍ ആവശ്യപ്പെട്ടിരുന്നു. മൈനിംഗ് കേസില്‍ ലോകായുക്തയുടെ വിധി അനുസരിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം 2011ല്‍ നടത്തിയ സമരവും അതേത്തുടര്‍ന്ന് പാര്‍ലമെന്റില്‍ ഇടതുപാര്‍ടികള്‍ അവതരിപ്പിച്ച പ്രമേയവും കേരളം ഭരിക്കുന്ന സി പി എം ഓര്‍ക്കണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടും മന്ത്രി ബിന്ദു നടത്തിയ വഴിവിട്ട സര്‍വകലാശാലാ നിയമനവും കോവിഡിന്റെ മറവില്‍ സര്‍കാര്‍ തലത്തില്‍ നടക്കുന്ന മറ്റു അഴിമതി വിഷയങ്ങളും സംസ്ഥാന ലോകായുക്തയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ തിടുക്കത്തില്‍ ഇപ്രകാരം ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ലോകായുക്തയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം അത്യന്തം അപലപനീയവും ഇന്നലവരെ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. 

തങ്ങളുടെ ആഗ്രഹങ്ങള്‍ക്കും താത്പ്പര്യങ്ങള്‍ക്കും അനുസരിച്ച് വഴിവിട്ട മാര്‍ഗങ്ങളിലൂടെ നിയമനിര്‍മ്മാണം നടത്തുന്നത് ജനാധിപത്യ വിരുദ്ധവുമാണ്. ഇന്നലെകളില്‍ സി പി എം സ്വീകരിച്ച മുദ്രാവാക്യങ്ങളില്‍ ആത്മാര്‍ഥയുണ്ടെങ്കില്‍ അഴിമതിയെ സ്ഥാപനവല്‍ക്കരിക്കുവാന്‍ സഹായിക്കുന്ന ഇപ്പോഴത്തെ ഓര്‍ഡിനന്‍സ് പിന്‍വലിക്കുവാന്‍ തയ്യാറാകണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

Keywords:  News, Kerala, State, Kollam, Politics, Political Party, Criticism, Government, Lokayukta Ordinance; Strange and irrational move by the government: G Devarajan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia