Open forum | ലോക കേരളസഭ: മനസ് തുറന്ന് ഓപൻ ഫോറം; നെഞ്ചിൽ തട്ടി പാട്ടുകൾ

 


സൂപ്പി വാണിമേൽ

തിരുവനന്തപുരം: (www.kvartha.com) ആശയറ്റ മനസുകൾക്ക് പ്രതീക്ഷയുടെ വഴികൾ തുറന്ന ഓപൺ ഫോറവും ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടുകളിലൂടെ പ്രവാസികളുടെ നെഞ്ചിൽതൊട്ട സംഗീതസായാഹ്നവും ലോക കേരളസഭ സമ്മേളനത്തിൽ വേറിട്ട അനുഭവമായി. ഓപൺ ഫോറം നോർക ഉപാധ്യക്ഷനും ലുലു ഗ്രൂപ് ചെയർമാനുമായ ഡോ. എം എ യൂസഫലി നയിച്ചപ്പോൾ സംവിധായകരും ഗായകരുമായ ശഹബാസ് അമനും സിതാരയും പിന്നണിയും ചേർന്ന് സംഗീത വിരുന്നൂട്ടി.
                        
Open forum | ലോക കേരളസഭ: മനസ് തുറന്ന് ഓപൻ ഫോറം; നെഞ്ചിൽ തട്ടി പാട്ടുകൾ

മൂന്നരവർഷമായി മൊബൈൽ ഫോണിലൂടെ കേൾക്കുക മാത്രം ചെയ്യുന്ന അച്ഛൻ സഊദി അറേബ്യയിലെ തൊഴിലിടത്തിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണുമരിച്ച വിവരം തകർത്ത മനസുമായി ഓപൺ ഫോറം മുമ്പാകെ നിന്ന എബിൻ തേടിയത് അച്ചായന്റെ മൃതദേഹം കൊണ്ടുവരാൻ സഹായമായിരുന്നു.

ഖമീസ് മിഷ്യനിൽ പതിനൊന്ന് വർഷമായി ജോലി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് ചെക്കക്കോണം ബാബു (46) മൂന്നര വർഷം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്. 'സർ എന്റെ പേര് എബിൻ എന്നാണ്. ഞാൻ വരുന്നത് നെടുമങ്ങാട് ട്രിവാൻഡ്രം ജില്ലയാണ്. അഞ്ചാറ് ദിവസം മുമ്പ് എന്റെ പപ്പേടെ കൂട്ടുകാരൻ വിളിച്ചാർന്നു. അച്ഛായൻ സഊദിയിൽ ഖമീസിലാണ് ജോലി ചെയ്യുന്നത്. അച്ഛൻ ജോലിക്കിടെ മൂന്നാം നിലയിൽ നിന്ന് വീണ് മരണപ്പെട്ടു എന്ന് പറഞ്ഞാർന്നു. ഞങ്ങൾക്ക് ഇതേപ്പറ്റി കൂടുതൽ ഒന്നും അറിയാത്തതുകൊണ്ട് നോർകയിൽ ഞാൻ തന്നെ പരാതി കൊടുത്താർന്നു. അവിടന്ന് വിളിക്കാന്ന് പറഞ്ഞാർന്ന്, എന്നിട്ട് മിനിഞ്ഞാന്ന് എംബസിയിൽ നിന്ന് വിളിച്ചാർന്നു.

പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബൊഡി ഏറ്റുവാങ്ങാൻ അവിടെ ആരുമില്ലാന്ന് പറഞ്ഞാർന്നു. അതിന് ചിലവൊക്കെ ഉണ്ട് എന്ന് പറഞ്ഞപ്പൊ ഞാൻ പറഞ്ഞു, ഞങ്ങൾക്ക് അവിടെ വലുതായിട്ട് ആരേയും അറിയില്ല. അച്ഛന്റെ ഖബീലിനെ അറബി സംസാരിക്കുന്ന ഒരു ചേട്ടനെക്കൊണ്ട് വിളിപ്പിച്ചാർന്നു. രണ്ട് വർഷം മുമ്പ് ഇകാമ കഴിഞ്ഞ് ഉറൂബ് ചെയ്തു വിട്ടെന്നാണ് പറഞ്ഞത്. അച്ഛനെ കണ്ടിട്ടിപ്പൊ മൂന്ന്-മൂന്നര വർഷമായി ഞങ്ങള്. വിളിക്കുന്നതല്ലാതെ കണ്ടിട്ടില്ല.......' - തൊണ്ടയിടറി വാക്കുകൾ മുറിയുന്ന അവസ്ഥയിലായി മാർഇവാനിയോസ് കോളജ് ബിരുദ വിദ്യാർഥി എബിൻ.

കൂടുതൽ സംസാരിപ്പിക്കാതെ യൂസഫലി എബിന്റെ പ്രശ്നം ഏറ്റെടുത്തു, 'അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കിട്ടണം. അതല്ലേ ആവശ്യം, അത് ഞാൻ ചെയ്തുതരാം...'. വേദിയിൽ നിന്ന് തന്നെ തന്റെ പി എ ശാഹിദിനെക്കൊണ്ട് വിവരങ്ങൾ ശേഖരിപ്പിച്ച് സഊദി അധികൃതരെ ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചു. കരഞ്ഞുകലങ്ങിയ എബിന്റെ കണ്ണുകൾ തിളങ്ങി. ഈമാസം ഒമ്പതിനാണ് എബിന്റെ അച്ഛൻ അപകടത്തിൽ പെട്ടത്. സ്പോൺസർഷിപ് കാലാവധി രണ്ടു വർഷം മുമ്പ് കഴിഞ്ഞിരുന്നു. സ്വകാര്യ സ്കൂൾ ബസിൽ ആയയാണ് മരിച്ച ബാബുവിന്റെ ഭാര്യ ഉഷ. മറ്റൊരു മകൻ പ്ലസ്ടു വിദ്യാർഥി വിപിൻ.

ഓത്തുപള്ളീലന്ന് പോയ കാലം ഓർത്ത് കണ്ണീർ വാർക്കുന്ന നീലമേഘത്തിനൊപ്പമായി സംഗീതപ്പെയ്ത്തിൽ ഒത്തിരി നേരം പ്രവാസികളുടെ ഗൃഹാതുര മനസുകൾ. 'അന്തിവിണ്ണിൽ അമ്പിളിക്കല...', 'നെഞ്ചകത്ത് വേനലാളിടാം....', 'ഏറെ മോന്തിയായിട്ടും..മധുരമില്ലാചായയിൽ..', 'താമസമെന്തേ വരുവാൻ...', 'മലർമണം മാഞ്ഞല്ലോ..', 'സോജാ രാജകുമാരി....' തുടങ്ങി മലയാളം ഹിന്ദി ഗാനങ്ങളിലൂടെ തുടർന്ന സംഗീത സഭാ പരിപാടി 'പുന്നാരമാരന്റെ കനിവോലും നെഞ്ച്' തൊടുകയും 'പാതിരാവായിട്ടും കത്തൊന്നും കണ്ടില്ല..' എന്ന് പരിഭവിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

Keywords:  Latest-News, Kerala, Top-Headlines, Programme, Singer, Song, M.A.Yusafali, Saudi Arabia, Loka Kerala Sabha, Loka Kerala Sabha: Open forum with an open mind.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia