Lok Sabha Poll | കണ്ണൂരില്‍ പോര് കരുത്തന്‍മാര്‍ തമ്മില്‍, കെ സുധാകരന് മുന്‍പില്‍ കീറാമുട്ടികളേറെ; സീറ്റ് നിലനിര്‍ത്തല്‍ കോണ്‍ഗ്രസിന് അഗ്നി പരീക്ഷ
Feb 26, 2024, 14:16 IST
/ ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) ഏറെക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടു കണ്ണൂരില്‍ സിറ്റിങ് എം.പിയായ കെ.സുധാകരന് ഇളവു നല്‍കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഇതോടെ കരുത്തരായ രണ്ടു സ്ഥാനാര്‍ത്ഥികള്‍ തമ്മിലുളള ഏറ്റുമുട്ടലിനാണ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സാക്ഷ്യം വഹിക്കുക. കെ.പി.സി.സി അധ്യക്ഷ പദവിയും എം.പി സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകുന്ന ബുദ്ധിമുട്ട് സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതിനാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ കെ.പി.സി.സി അധ്യക്ഷ പദവി ഒഴിവാക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കണ്ണൂര്‍: (KVARTHA) ഏറെക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടു കണ്ണൂരില്‍ സിറ്റിങ് എം.പിയായ കെ.സുധാകരന് ഇളവു നല്‍കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഇതോടെ കരുത്തരായ രണ്ടു സ്ഥാനാര്‍ത്ഥികള്‍ തമ്മിലുളള ഏറ്റുമുട്ടലിനാണ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സാക്ഷ്യം വഹിക്കുക. കെ.പി.സി.സി അധ്യക്ഷ പദവിയും എം.പി സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകുന്ന ബുദ്ധിമുട്ട് സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതിനാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ കെ.പി.സി.സി അധ്യക്ഷ പദവി ഒഴിവാക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏറ്റവും വിജയസാധ്യതയുളള സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ മാത്രമാണെന്ന് എ. ഐ.സി.സി നടത്തിയ സര്‍വേയിലും വ്യക്തമായിരുന്നു. സുധാകരനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയില്ലെങ്കില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം നഷ്ടപ്പെടുമെന്നാണ് സര്‍വേയില്‍ തെളിഞ്ഞത്. ഇതുപ്രകാരം കേരളത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്ന നാലംഗ സംഘം സുധാകരന്റെ പേര് നിര്‍ദേശിക്കുകയും ഹൈക്കമാന്‍ഡ് അംഗീകരിക്കുകയുമായിരുന്നു. അവസാനഘട്ടത്തില്‍ മുന്‍ അഡ്വക്കേറ്റ് ജനറല്‍ തലശേരിയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. ആസഫലിയുടെ പേര് സ്ഥാനാര്‍ത്ഥി അന്തിമ പട്ടികയില്‍ എത്തിയിരുന്നുവെങ്കിലും മത്സരിക്കാൻ താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്ന് സുധാകരനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കണ്ണൂരില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ കടുത്ത മത്സരമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.സുധാകരന് സി.പി.എം കോട്ടകളില്‍ നിന്നും വോട്ടു ചോര്‍ന്ന് കിട്ടിയിരുന്നുവെങ്കിലും ഇക്കുറി അതു തടയുന്നതിനാണ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. മുസ്‌ലിം ലീഗ് കണ്ണൂര്‍ സീറ്റിനായി അവകാശവാദമുന്നയിച്ചതും ഇക്കുറി വീണ്ടും സുധാകരനെ തന്നെ മത്സരിപ്പിച്ചു ലീഗിന്റെ അവകാശ വാദം തടയുന്നതിനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. സുധാകരനു പകരം പുതുമുഖ സ്ഥാനാര്‍ത്ഥികളെ പലരെയും പരിഗണിച്ചിരുന്നുവെങ്കിലും കണ്ണൂര്‍ ഡി.സി.സിയുടെ എതിര്‍പ്പുകാരണം ദേശീയ നേതൃത്വത്തിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
സിറ്റിങ് എം.പിയായ കെ.സുധാകരന്‍ വീണ്ടും മത്സരിക്കുന്നതില്‍ പാര്‍ട്ടിക്കുളളില്‍ നിന്നും അതൃപ്തി ശക്തമാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവായ വി.പി അബ്ദുല്‍ റഷീദിനെ മത്സരിപ്പിക്കണമെന്നായിരുന്നു എ. ഗ്രൂപ്പിന്റെ ആവശ്യം. ഈ ആവശ്യം തളളിയത് എ ഗ്രൂപ്പിന്റെ മുറിവില്‍ വീണ്ടും ഉപ്പുതേച്ചിട്ടുണ്ട്. ഇരിക്കൂര്‍ നിയമസഭാ മണ്ഡലം കെ.സി വിഭാഗം സ്ഥാനാര്‍ത്ഥിയായ സജീവ് ജോസഫ് തട്ടിയെടുത്തതിന്റെ മുറിവ് ഇനിയും എ ഗ്രൂപ്പിന് മാറിയിട്ടില്ല. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിനെയെന്നും പിന്തുണച്ച മലയോരങ്ങളില്‍ സുധാകരന് വോട്ടുകുറയുമെന്ന അടക്കം പറച്ചില്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ കോണ്‍ഗ്രസിലെ സ്ഥാനമോഹികളുടെ അതൃപതിയും സുധാകരനെതിരെ തിരിയുമെന്ന കണക്കുകൂട്ടല്‍ സി.പി. എം വെച്ചു പുലര്‍ത്തുന്നുണ്ട്.
രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ വയനാട്ടില്‍ മത്സരിച്ച രാഷ്ട്രീയ സാഹചര്യം ഇക്കുറിയില്ലെന്നാണ് സി.പി.എം വിലയിരുത്തല്‍. ഇത്തരം പ്രതികൂല ഘടകങ്ങള്‍ മറികടന്നു വേണം കെ.സുധാകരന് കണ്ണൂര്‍ എം.പി സ്ഥാനം നിലനിര്‍ത്താന്‍. പഴയസഹചാരിയും മുന്‍ ഡി.സി.സി ഭാരവാഹിയുമായ സി.രഘുനാഥ് ബി.ജെ.പിക്കായി കളത്തിലിറങ്ങുന്നതു കെ.സുധാകരനെ ഈ കൊടും ചൂടില്‍ കൂടുതല്‍ വെളളം കുടിപ്പിക്കും. കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തുന്നതിനാണ് ബി.ജെ.പി മാസങ്ങള്‍ക്കു മുന്‍പ് പാര്‍ട്ടിയില്‍ ചേര്‍ന്ന സി രഘുനാഥിനെ താമര ചിഹ്‌നത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ ആരോഗ്യപരമായ പ്രശ്‌നങ്ങളും കൊടും ചൂടും എഴുപതു പിന്നിട്ട കെ.സുധാകരന്‍ അഭിമുഖീകരിക്കേണ്ട പ്രതികൂല സാഹചര്യങ്ങളാണ്.
Politics, Election, Congress, CPM, K Sudhakaran, M V Jayarajan, Kannur, M P, Leadership, Muslim League, KPCC, AICC, Survey, Rahul Gandhi, Youth Congress, Wayanad, DCC, UDF, Lok Sabha Poll: Sudhakaran to contest from Kannur against M V Jayarajan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.