Attingal | അടൂർ പ്രകാശും വി ജോയിയും വി മുരളീധരനും കടുത്ത പോരാട്ടത്തിൽ! ആറ്റിങ്ങൽ ആര് നേടും?

 


സോണൽ മൂവാറ്റുപുഴ

(KVARTHA)
ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ നടക്കുന്നത് പൊരിഞ്ഞ പോരാട്ടമാണ്. നിലവിലെ എം.പി അടൂർ പ്രകാശ് ഇവിടെ യു.ഡി.എഫിന് വേണ്ടി ജനവിധി തേടുമ്പോൾ എംഎൽഎ ആയ വി ജോയ് എൽ.ഡി.എഫിനു വേണ്ടിയും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എൻ.ഡി.എയ്ക്കു വേണ്ടിയും മത്സരത്തിനിറങ്ങുന്നു. അതിനാൽ തന്നെ ആറ്റിങ്ങൽ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുകയാണ്. വളരെക്കാലമായി എൽ.ഡി.എഫിൻ്റെ കയ്യിൽ ഇരുന്ന മണ്ഡലം കഴിഞ്ഞ തവണ അടൂർ പ്രകാശിനെ ഇറക്കി യു.ഡി.എഫ് തിരിച്ചു പിടിക്കുകയായിരുന്നു. അതുവരെ കോന്നിയെ പ്രതിനിധാനം ചെയ്ത് നിയമസഭാംഗമെന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു അടൂർ പ്രകാശ്. അദ്ദേഹം ഇടയ്ക്ക് സംസ്ഥാന മന്ത്രിയുമായിരുന്നു.
  
Attingal | അടൂർ പ്രകാശും വി ജോയിയും വി മുരളീധരനും കടുത്ത പോരാട്ടത്തിൽ! ആറ്റിങ്ങൽ ആര് നേടും?

ചിറയിൻകീഴ് ലോക്സഭാ മണ്ഡലം ഇല്ലാതായി പുതുതായി രൂപം കൊണ്ടതാണ് ആറ്റിങ്ങൽ. പഴയ ചിറയിൻകീഴ് മണ്ഡലം യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെ വലിയ വേരോട്ടമുള്ള മണ്ഡലം തന്നെയായിരുന്നു. അവിടെ നിന്ന് പലപ്പോഴായി കോൺഗ്രസിലെ തലേക്കുന്നിൽ ബഷീർ എം.പി ആയിരുന്നിട്ടുണ്ട്. പിന്നീട് തലേക്കുന്നിൽ ബഷീറിനെ പരായപ്പെടുത്തി സി.പി.എമ്മിലെ എ സമ്പത്ത് മണ്ഡലം എൽ.ഡി.എഫിനായി തിരിച്ചു പിടിക്കുകയായിരുന്നു. പിന്നീട് ഇവിടെ മുൻ നിയമസഭാ സ്പീക്കർ വർക്കല രാധാകൃഷ്ണനും ദീർഘനാൾ എൽ.ഡി.എഫിൻ്റെ എം.പി ആയി ഇരുന്നിട്ടുണ്ട്. ശേഷം ചിറയിൻകീഴ് പാർലമെൻ്റ് മണ്ഡലം ഇല്ലാതായി ആറ്റിങ്ങൽ മണ്ഡലം രൂപം കൊണ്ടപ്പോൾ വീണ്ടും എൽ.ഡി.എഫിനു വേണ്ടി എ സമ്പത്ത് ഇവിടെ മത്സരിക്കുകയും സീറ്റ് എൽ.ഡി.എഫിന് വേണ്ടി നിലനിർത്തുകയുമായിരുന്നു.

അതിനുശേഷം കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ കോന്നി എം.എൽ.എ ആയിരുന്ന അടൂർ പ്രകാശിനെ കോൺഗ്രസ് ഇവിടെ എ സമ്പത്തിനെതിരെ ഇറക്കി മണ്ഡലം യു.ഡി.എഫിന് അനുകൂലമാക്കുകയായിരുന്നു. അന്ന് പ്രവചനങ്ങൾ കാറ്റി പറത്തി അടൂർ പ്രകാശ് ജയിച്ചത് ചരിത്രം. ഇക്കുറിയും പഴയ ചരിത്രം ആവർത്തിക്കാനുള്ള പ്രവർത്തനത്തിൽ തന്നെയാണ് അടൂർ പ്രകാശ്. കോൺഗ്രസിലെ തന്നെ വളരെ ജനകീയ നേതാക്കളിൽ ഒരാളാണ് അടൂർ പ്രകാശ്. എൽ.ഡി.എഫിന് മുൻതൂക്കമുള്ള കോന്നി നിയമസഭാമണ്ഡലം എക്കാലവും യു.ഡി.എഫിന് അനുകൂലമാക്കി നിർത്തിയതു തന്നെ അടൂർ പ്രകാശിൻ്റെ കോന്നി മണ്ഡലത്തിലുള്ള പ്രവർത്തന മികവുകൊണ്ട് തന്നെയാണ്.

അടൂർ പ്രകാശ് എം.പി ആയി പോയപ്പോൾ കോന്നിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലം എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. തിരുവനന്തപുരത്തോടും കൊല്ലത്തോടും ചേർന്ന് കിടക്കുന്ന ലോക്സഭാ മണ്ഡലം കൂടിയാണ് അറ്റിങ്ങൽ. ഈഴവ സമുദായാംഗങ്ങൾ ആണ് ഇവിടെ കൂടുതൽ. ഇക്കുറി അടൂർ പ്രകാശിനെ വെട്ടാൻ എൽ.ഡി.എഫ് ഇറക്കിയിരിക്കുന്നത് ആറ്റിങ്ങൽ എൽ.എൽ.എ ആയ വി.ജോയിയെ ആണ്. വി ജോയിയും വളരെ ജനകീയൻ തന്നെയാണ്.

പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ സ്വീകാര്യത വി ജോയിക്കുണ്ട്. അതുകൊണ്ട് പാർട്ടി പ്രവർത്തനം ശക്തമാകും എന്ന് സി.പി.എം കരുതുന്നു. എൻ.ഡി.എ യ്ക്ക് വേണ്ടി ബി.ജെ.പി യുടെ സംസ്ഥാനത്തെ കരുത്തനും കേന്ദ്ര സഹമന്ത്രിയുമായ വി മുരളീധരനും മത്സരിക്കുന്നു. ബി.ജെ.പി യ്ക്കും നല്ല വോട്ട് ബാങ്കുള്ള മണ്ഡലം തന്നെയാണ് ആറ്റിങ്ങൽ. അതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും ശക്തമായ മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. ആറ്റിങ്ങൽ ആരെ വരിക്കുമെന്നത് ഫലം വരുന്നതുവരെ കാത്തിരിക്കേണ്ടി വരും.
 
Attingal | അടൂർ പ്രകാശും വി ജോയിയും വി മുരളീധരനും കടുത്ത പോരാട്ടത്തിൽ! ആറ്റിങ്ങൽ ആര് നേടും?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia