Election | കണ്ണൂരിൽ കരുത്തന്മാർ തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച്; ആരു ജയിക്കുമെന്നത് അപ്രവചനീയം!

 


കണ്ണൂർ: (KVARTHA) പാർലമെൻ്റ് മണ്ഡലത്തിൽ കരുത്തൻമാരായ സ്ഥാനാർത്ഥികൾ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം. കഴിഞ്ഞ കുറച്ചുദിവസമായി രാജ്യത്തെതന്നെ ഉയര്‍ന്ന താപനിലയാണ് കണ്ണൂരില്‍. മീനവെയിലിലെ ചൂടുജീവിതം കണ്ണൂരുകാരെ അടിമുടി പൊള്ളിക്കുകയാണ്. ഇവിടെനിന്നുവരുന്ന വാര്‍ത്തകളിലുമുണ്ട് ആ ചൂടും പൊള്ളലും. തെരഞ്ഞെടുപ്പ് കാലമാകുമ്പോഴേക്കും ആചാരംപോലെ അക്രമോത്സുകമാകുന്നുവെന്ന ദുഷ്‌പേര് കാലങ്ങളായി കണ്ണൂരിനുമേല്‍ പതിഞ്ഞിരിരിക്കുകയാണ്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല.

 
Election | കണ്ണൂരിൽ കരുത്തന്മാർ തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച്; ആരു ജയിക്കുമെന്നത് അപ്രവചനീയം!

പത്തു ദിവസം മുൻപാണ് പാനൂര്‍ മുളിയാത്തോടില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. കക്ഷിരാഷ്ട്രീയമെന്നതുപോലെ ബോംബുരാഷ്ട്രീയവും കണ്ണൂരിന്റെ ചില മേഖലകളിലെങ്കിലും ഇന്നും തിടംവച്ചുകിടക്കുകയും അതിന്റെ പേരുദോഷം കണ്ണൂരുകാരെയാകെ വേട്ടയാടുകയുമാണ്. രാഷ്ട്രീയം അത്രമേല്‍ രക്തത്തില്‍ അലിഞ്ഞൊരു ദേശം കേരളത്തില്‍ വേറെയില്ലെന്നു പറയാം. അതേ വീറും വാശിയും കണ്ണൂരിന്റെ തെരഞ്ഞെടുപ്പ് ഗോദയിലുമുണ്ട്.

സ്ഥാനാര്‍ഥികളായി ഇരുമുന്നണികളും കളത്തിലിറക്കിയവരെ നോക്കിയാല്‍ മാത്രം മതി ആ പോരാട്ടച്ചൂടറിയാന്‍. ചെങ്കോട്ട എന്ന് വിളിപ്പേരുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലമാകുമ്പോഴേക്ക് പലപ്പോഴും വലത്തോട്ടു ചായുന്ന മനസാണ് കണ്ണൂരിന്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തെ നെഞ്ചേറ്റുമ്പോള്‍ തന്നെയാണ് ലോക്‌സഭയിലേക്ക്, പലവട്ടം യു.ഡി.എഫിനെയും മണ്ഡലം ചേര്‍ത്തുനിര്‍ത്തുന്നത്. യു.ഡി.എഫിനെയോ എല്‍.ഡി.എഫിനെയോ സ്ഥിരമായി ജയിപ്പിച്ചുവിടുന്ന മണ്ഡലമല്ല എന്ന സവിശേഷതകൂടി കണ്ണൂരിനുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തവണയും കണ്ണൂര്‍ ആരെ തുണയ്ക്കുമെന്നത് പ്രവചനാതീതമാകുന്നത്.

നിലവിലെ എം.പിയും കെ.പി.സി.സി അധ്യക്ഷനുമായ കെ.സുധാകരനെ കളത്തിലിറക്കുമ്പോള്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്. എതിരാളി സുധാകരനായിരിക്കുമെന്ന ബോധ്യത്തില്‍ അത്രയും കരുത്താനായൊരാളെത്തന്നെ സി.പി.എമ്മും ഗോദയിലിറക്കി, സി.പി.എം ജില്ല സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായ എം.വി ജയരാജനെ. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കൊണ്ടും കൊടുത്തും വളര്‍ന്ന രണ്ട് നേതാക്കള്‍ നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ഈ തെരഞ്ഞെടുപ്പിന് ചൂടും ചൂരുമേറുന്നു.

50 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് ശേഷം പാര്‍ട്ടിവിട്ട സി രഘുനാഥ് ആണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. ബി.ജെ.പി ഇത്തവണ കണ്ണൂരില്‍ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണ് രഘുനാഥ് പറയുന്നത്. മോദി ഇഫക്ട് വോട്ടാക്കി മാറ്റാമെന്നും യു.ഡി.എഫിലെ അസംതൃപ്ത വോട്ടുകള്‍ സമാഹരിക്കാമെന്നുമാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.രഘുനാഥിന്റെ കണക്കുകൂട്ടല്‍.

മുഖ്യമന്ത്രിയുടെയും കെ.പി.സി.സി. അധ്യക്ഷന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും തട്ടകം എന്ന നിലയില്‍ ഇടതുവലതു മുന്നണികള്‍ക്ക് വിജയം അഭിമാനപ്രശ്‌നമാണ്. കടുത്തമത്സരം നടക്കുന്നതിനാല്‍ അടിത്തട്ടില്‍ ഇറങ്ങിക്കളിക്കാനാണ് ഇരുമുന്നണികളും ശ്രദ്ധിക്കുന്നത്. ആവശ്യത്തിന് സമയം കിട്ടിയതിനാല്‍ സി.പി.എം അവരുടെ തട്ടകങ്ങള്‍ നന്നായി ഉഴുതുമറിച്ചു. കെ സുധാകരന്‍ എന്ന നേതാവിന്റെ തലയെടുപ്പുകൊണ്ടും അക്രമരാഷ്ട്രീയത്തിനെതിരേയുള്ള പ്രചാരണം കൊഴുപ്പിച്ചുമാണ്, സി.പി.എം ഉഴുത മണ്ണില്‍ യു.ഡി.എഫ് വിത്തിറക്കുന്നത്. വിളവ് ആരുകൊയ്യുമെന്നതിന് ജൂണ്‍ നാലുവരെ കാത്തിരിക്കണമെന്നുമാത്രം.

Keywords: Lok Sabha Election, Congress, Politics, K Sudhakaran, MV Jayarajan, Kannur, Fight, Vote, BJP, LDF, UDF, Lok Sabha Election: Neck and neck fight in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia