Wayanad | വയനാട്ടില്‍ ആരാണ് താരം! രാഹുലിനെ തളയ്ക്കാന്‍ ആനിരാജയ്ക്കാവുമോ? വോട്ടു ശതമാനം കൂട്ടാന്‍ സുരേന്ദ്രനും ഇറങ്ങിയപ്പോള്‍ വീരപഴശിയുടെ മണ്ണില്‍ തിരഞ്ഞെടുപ്പ് അങ്കം മുറുകുന്നു

 



/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA)
കേരളത്തിലെ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന പോരാട്ടമാണ് വയനാട്ടിലേത്. കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതാണ് വയനാടിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നത്. വയനാട്ടില്‍ രാഹുലിനെ നേരിടാനായി ഇറങ്ങിയിരിക്കുന്നത് ഇന്ത്യാ സഖ്യത്തിലെ പ്രധാനകക്ഷിയായ സിപിഐയുടെ ദേശീയ നേതാവായ ആനിരാജയാണ്. എന്‍ഡിഎയ്ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കളത്തിലിറങ്ങിയതോടെ വയനാട്ടിലെ അങ്കത്തിന് ഇക്കുറി മൂര്‍ച്ചയും വീര്യവും കൂടും.
  
Wayanad | വയനാട്ടില്‍ ആരാണ് താരം! രാഹുലിനെ തളയ്ക്കാന്‍ ആനിരാജയ്ക്കാവുമോ? വോട്ടു ശതമാനം കൂട്ടാന്‍ സുരേന്ദ്രനും ഇറങ്ങിയപ്പോള്‍ വീരപഴശിയുടെ മണ്ണില്‍ തിരഞ്ഞെടുപ്പ് അങ്കം മുറുകുന്നു

രാഹുല്‍ ഇനിയും പ്രചാരണം തുടങ്ങിയിട്ടില്ലെങ്കിലും യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ആനിരാജയാകട്ടെ ഒന്നാം റൗണ്ട് പ്രചരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കെ സുരേന്ദ്രന്‍ രാഹുലിനെ അമേത്തിയില്‍ വീഴ്ത്തിയ സ്മൃതി ഇറാനിയെപ്പോലെ അട്ടിമറി വിജയത്തിനായുളള പോരാട്ടത്തിലാണ്. പാര്‍ട്ടി ദേശീയനേതൃത്വം തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

എന്തുതന്നെയായാലും കഴിഞ്ഞ തവണത്തെപ്പോലെ ഒരു ഈസിവാക്കോവര്‍ രാഹുലിന് നല്‍കില്ലെന്ന വാശിയിലാണ് എതിരാളികള്‍. അധിനിവേശത്തിനെതിരെ പോരാടിയ പഴശിയുടെ മണ്ണില്‍ മറ്റൊരു ചരിത്രപോരാട്ടത്തിന് സജ്ജമായിരിക്കെ വയനാട്ടില്‍ അടിയൊഴുക്കുകളും ശക്തമാണ്. ഇന്ത്യയെ വിഭജിക്കുന്ന ബിജെപി രാഷ്ട്രീയത്തിനെതിരെ ഐക്യത്തിന്റെ സന്ദേശവുമായി രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് പിന്‍തുണയര്‍പ്പിച്ചു കൊണ്ടു വീണ്ടും റെക്കാര്‍ഡ് ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും നല്ല അടിത്തറയുളള വയനാടന്‍ മണ്ണില്‍ നിന്നും യാതൊരു പോറലുമേല്‍ക്കാതെ രാഹുലിനെ വീണ്ടും ഡല്‍ഹിയിലേക്ക് അയക്കുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പങ്കുവയ്ക്കുന്നത്.

എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുളള വനിതാ നേതാക്കളില്‍ ഒരാളായ ആനിരാജ രാഹുലിന് ഉയര്‍ത്തുന്ന വെല്ലുവിളി നന്നേ ചെറുതല്ല. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയുടെ സഹധര്‍മിണിയായ ആനിരാജ കണ്ണൂര്‍ ഇരിട്ടി സ്വദേശിനിയാണ്. വയനാട്ടില്‍ ഏറെ ബന്ധങ്ങളുളള ആനിരാജയെ മുന്‍നിര്‍ത്തി ഉശിരന്‍ പോരാട്ടമാണ് എല്‍ഡിഎഫ് നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ ആനിരാജയ്ക്കായി പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുളള ദേശീയ നേതാക്കളെത്തുമെന്നാണ് പ്രതീക്ഷ.

കരുത്തര്‍ക്കെതിരെ പോരാടാന്‍ അല്‍പം വൈകിയെത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വയനാടന്‍ മണ്ണ് ഏറെ പരിചിതമാണ്. തൊണ്ണൂറുകളില്‍ തന്റെ ജ്യേഷ്ഠന്‍മാരുടെ വയനാട്ടിലുളള ബിസിനസ് നോക്കി നടത്തുന്നതിനും പിന്നീട് കാപ്പിത്തോട്ടത്തില്‍ മാനേജരായും സുരേന്ദ്രന്‍ ഏറെക്കാലം വയനാട്ടില്‍ ജോലി ചെയ്തിരുന്നു. പിന്നീടാണ് ആര്‍എസ്എസിലും യുവമോര്‍ച്ചയിലും സജീവമാകുന്നത്. ബിജെപിക്ക് വേരോട്ടം കുറവുളള വയനാട്ടില്‍ ജയസാധ്യതയില്ലെങ്കിലും നിലവിലുളള വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുകയെന്നതാണ് സുരേന്ദ്രന്റെ മുന്‍പിലുളള വെല്ലുവിളി.
  
Wayanad | വയനാട്ടില്‍ ആരാണ് താരം! രാഹുലിനെ തളയ്ക്കാന്‍ ആനിരാജയ്ക്കാവുമോ? വോട്ടു ശതമാനം കൂട്ടാന്‍ സുരേന്ദ്രനും ഇറങ്ങിയപ്പോള്‍ വീരപഴശിയുടെ മണ്ണില്‍ തിരഞ്ഞെടുപ്പ് അങ്കം മുറുകുന്നു

വയനാട്ടിലെ രാഹുല്‍ - ആനിരാജാ മത്സരം ചൂണ്ടിക്കാട്ടി ഇന്ത്യാമുന്നണിയുടെ പ്രസക്തി ചോദ്യം ചെയ്തു കൊണ്ടുളള പ്രചാരണമാണ് സുരേന്ദ്രന്‍ നടത്തുന്നത്. രാഹുല്‍ വയനാട്ടില്‍ തങ്ങള്‍ക്കെതിരെ മത്സരിക്കുന്നതിന്റെ ധാര്‍മികത നേരത്തെ സിപിഐ ദേശീയ നേതൃത്വവും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് സംസ്ഥാനത്തെ ഇരുപതു മണ്ഡലങ്ങളിലും യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ബിജെപിയുടെയും നരേന്ദ്രമോദിയുടെയും ഫാസിസത്തെ ചോദ്യം ചെയ്യുന്ന ദേശീയ നേതാവായ രാഹുല്‍ ഗാന്ധി തന്റെ സിറ്റിങ് സീറ്റില്‍ മത്സരിക്കുന്നതില്‍ അനൗചിത്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ കഴിഞ്ഞ തവണവിജയിച്ചത്. തൊട്ടടുത്ത സിപിഐ സ്ഥാനാര്‍ത്ഥി പി.പി സുനീറിന് 2,74,597 വോട്ടുകളാണ് ലഭിച്ചത്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെളളാപ്പളളി 78,816 വോട്ടുകളാണ് നേടിയത്. 7,06.367 വോട്ടുകളാണ് രാഹുല്‍ഗാന്ധി ആകെ പോള്‍ ചെയ്തതില്‍ നേടിയത്. സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, വണ്ടൂര്‍, ഏറനാട് എന്നീ മണ്ഡലങ്ങള്‍ 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും മാനന്തവാടി, നിലമ്പൂര്‍, തിരുവമ്പാടി എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുമാണ് വിജയിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia