Marriage Certificate | 19 വര്‍ഷം മുമ്പ് വിവാഹമോചിതരായ ദമ്പതികള്‍ക്ക് വീണ്ടും വിവാഹ രജിസ്‌ട്രേഷന്‍ നല്‍കി ചരിത്രം സൃഷ്ടിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ്

 


തിരുവനന്തപുരം: (www.kvartha.com) വിവാഹമോചിതരായ ശേഷം ദമ്പതികളുടെ വിവാഹ രെജിസ്‌ട്രേഷന്‍ ചെയ്ത് ചരിത്രം സൃഷ്ടിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ്. വിവാഹമോചനം നടന്ന് 15 വര്‍ഷം പിന്നിട്ട ശേഷമാണ് 19 വര്‍ഷം മുന്‍പുള്ള വിവാഹം രെജിസ്റ്റര്‍ ചെയ്തു നല്‍കിയത്. 2003ല്‍ വിവാഹിതരായ ദമ്പതികള്‍ 2007ല്‍ വിവാഹമോചിതരായിരുന്നു.

സൈനികനായ പിതാവിന്റെ കുടുംബ പെന്‍ഷന്‍ ലഭിക്കാന്‍ മകള്‍ക്ക് വിവാഹമോചന സര്‍ടിഫികറ്റിനൊപ്പം വിവാഹ സര്‍ടിഫികറ്റും സമര്‍പ്പിക്കേണ്ടതായി വന്നു. ഈ ആവശ്യം പരിഗണിച്ചാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ പ്രത്യേക നിര്‍ദേശത്തില്‍ വിവാഹം രെജിസ്റ്റര്‍ ചെയ്തുനല്‍കാന്‍ തീരുമാനമായത്.

Marriage Certificate | 19 വര്‍ഷം മുമ്പ് വിവാഹമോചിതരായ ദമ്പതികള്‍ക്ക് വീണ്ടും വിവാഹ രജിസ്‌ട്രേഷന്‍ നല്‍കി ചരിത്രം സൃഷ്ടിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ്

നിലവിലെ ചട്ടത്തിലോ നിയമങ്ങളിലോ ദമ്പതികളുടെ വിവാഹം രെജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, വിവാഹമോചനത്തിന് ശേഷം രെജിസ്റ്റര്‍ ചെയ്തുനല്‍കുന്നതിനെക്കുറിച്ച് പരാമര്‍ശമില്ല. സര്‍കാരിന്റെ ഇടപെടലിന്റെ ഭാഗമായാണ് അനുമതി പ്രത്യേക ഉത്തരവിലൂടെ ഉറപ്പാക്കിയത്.

ചൊവ്വാഴ്ച രാവിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത് ഓഫീസിലെത്തി അപേക്ഷ നല്‍കുകയും, വൈകിട്ടോടെ അപേക്ഷകയ്ക്ക് ഓണ്‍ലൈനില്‍ വിവാഹ സര്‍ടിഫികറ്റ് ലഭ്യമാക്കുകയും ചെയ്തു. ജനപക്ഷത്ത് നിന്നുള്ള സര്‍കാര്‍ ഇടപെടലിന്റെ ഭാഗമാണ് നടപടിയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വിവാഹമോചിതയായ അപേക്ഷകയ്ക്ക് തുടര്‍ജീവിതത്തിന് പിതാവിന്റെ കുടുംബപെന്‍ഷന്‍ സഹായകരമാണ്. ഇത് പരിഗണിച്ചാണ് അനുകൂല നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വണ്ടാനം എസ്എന്‍ഡിപി കമ്യൂണിറ്റി ഹാളില്‍ വെച്ച് 2003 ഫെബ്രുവരി രണ്ടിന് വിവാഹിതരായ ദമ്പതികള്‍ ഏറ്റുമാനൂര്‍ കുടുംബകോടതി വിധി പ്രകാരം 2007 സെപ്റ്റംബര്‍ 14ന് വിവാഹമോചിതരായി. വിവാഹം 2003ല്‍ രെജിസ്റ്റര്‍ ചെയ്തിരുന്നില്ല. സൈനികനായിരുന്ന പിതാവിന്റെ കുടുംബപെന്‍ഷന്‍ ലഭിക്കുന്നതിനായി മകള്‍ ആര്‍മി റെകോര്‍ഡ്‌സില്‍ വിവാഹമോചനം നടന്നതിന്റെ രേഖ ഹാജരാക്കിയപ്പോള്‍, വിവാഹം നടന്നതിന്റെ രേഖയും ആവശ്യപ്പെടുകയായിരുന്നു.

2008ലെ ചട്ടങ്ങള്‍ പ്രകാരം വിവാഹത്തിലേര്‍പ്പെടുന്ന ഇരുകക്ഷികളും രെജിസ്‌ട്രേഷനുള്ള അപേക്ഷയില്‍ ഒപ്പിടേണ്ടതുണ്ട്. വിവാഹമോചനം നടന്നതിന് ശേഷമായിരുന്നതിനാല്‍, മുന്‍ഭര്‍ത്താവ് നേരിട്ട് ഹാജരാകാനോ, രേഖകള്‍ സമര്‍പ്പിക്കാനോ തയാറായില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചായത് രെജിസ്ട്രാര്‍ രെജിസ്‌ട്രേഷനുള്ള അപേക്ഷ തള്ളിയിരുന്നു.

ഇതേത്തുടര്‍ന്ന് അപേക്ഷകയുടെ സഹോദരന്‍ വിവാഹപൊതു മുഖ്യരെജിസ്ട്രാര്‍ ജെനറലായ തദ്ദേശ സ്വയം ഭരണ (റൂറല്‍) വകുപ്പ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കുകയായിരുന്നു. ദമ്പതികളില്‍ ഒരാള്‍ മരിച്ചെങ്കില്‍ ജിവിച്ചിരിക്കുന്ന വ്യക്തിയുടെ ഒപ്പ് രേഖപ്പെടുത്തി വിവാഹം രെജിസ്റ്റര്‍ ചെയ്ത് നല്‍കാനാകും. വിവാഹമോചനം നേടിയവരുടെ വിവാഹം രെജിസ്റ്റര്‍ ചെയ്തുനല്‍കുന്നത് സംബന്ധിച്ച് നിയമങ്ങളോ ചട്ടങ്ങളോ കീഴ് വഴക്കങ്ങളോ ഇല്ല. ഈ സാഹചര്യത്തിലാണ് സര്‍കാരിനോട് വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടി തേടിയത്.

വിവാഹം നടന്നുവെന്നും സാധുവാണെന്നും തെളിഞ്ഞതിന്റെയും അംഗീകരിച്ചതിന്റെയും അടിസ്ഥാനത്തിലാണ് കോടതി വിവാഹമോചനം അനുവദിച്ചത്. ഈ വസ്തുത വിലയിരുത്തിയാണ് വിവാഹം രെജിസ്റ്റര്‍ ചെയ്തുനല്‍കാന്‍, പ്രത്യേക ഉത്തരവിലൂടെ സര്‍കാര്‍ നിര്‍ദേശിച്ചത്. 2008ലെ ചട്ടങ്ങളില്‍ ഇത് സംബന്ധിച്ച് വ്യവസ്ഥകള്‍ നിലവിലില്ലാത്തതും, വിവാഹം നടന്ന കാലത്ത് രെജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല എന്ന വസ്തുതയും പരിഗണിച്ചാണ് തീരുമാനം. നിലവിലുള്ള ഒരു നിയമത്തിലും വിവാഹമോചിതരായ ദമ്പതികള്‍ക്ക് അവരുടെ മുന്‍ വിവാഹം രെജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന കാരണത്താല്‍ മുന്‍വിവാഹം രെജിസ്റ്റര്‍ ചെയ്യുന്നതു തടയുന്ന വ്യവസ്ഥകള്‍ നിലവിലില്ല.

നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും ആവശ്യങ്ങള്‍ നിറവേറ്റുവാനും വേണ്ടിയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആവശ്യമായ സാഹചര്യങ്ങളില്‍ മാനുഷിക പരിഗണനയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് നിയമപരമായിത്തന്നെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് തന്നെ ഇത്തരമൊരു രെജിസ്‌ട്രേഷന്‍ അപൂര്‍വമായിരിക്കും.

മുന്‍പ് പരേതരായ ദമ്പതികളുടെ വിവാഹം 53 വര്‍ഷത്തിന് ശേഷം രെജിസ്റ്റര്‍ ചെയ്തുനല്‍കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രത്യേക അനുവാദം നല്‍കിയിരുന്നു. പാലക്കാട് ശേഖരിപുരം സ്വദേശികളായ ദമ്പതികളുടെ വിവാഹമായിരുന്നു മാനസിക വൈകല്യമുള്ള ഏകമകന്റെ അപേക്ഷ പരിഗണിച്ച് അന്ന് അനുവദിച്ചത്. സൈനികനായിരുന്ന അച്ഛന്റെ കുടുംബ പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മകന്‍, അച്ഛനമ്മമാരുടെ വിവാഹം രെജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ അപേക്ഷ നല്‍കിയത്.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഇന്‍ഡ്യയ്ക്ക് പുറത്ത് താമസിക്കുന്ന ദമ്പതികള്‍ക്ക് നേരില്‍ ഹാജരാകാതെ തന്നെ വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ഈ സൗകര്യം ഇപ്പോഴും തുടരുന്നുണ്ട്. ആധുനിക വിവര സാങ്കേതിക വിദ്യയുടെ കാലത്ത് നേരില്‍ ഹാജരാകാതെ വിവാഹം രെജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം സ്ഥിരമായി ലഭ്യമാക്കുന്നതിന് ചട്ടഭേദഗതി നടത്താന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കൂടാതെ വിവാഹമോചനം നേടുന്നവരുടെ വിവരങ്ങള്‍ വിവാഹ രെജിസ്റ്ററില്‍ ചേര്‍ക്കപ്പെടുന്നില്ല എന്ന ഗൗരവമായ വിഷയവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് പരിഗണിച്ച് വിവാഹമോചനവും യഥാവിധി രേഖപ്പെടുത്തുന്നതിന് നിയമ നിര്‍മാണം നടത്തുന്നതിനുള്ള നടപടിയും ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മെയ് മാസത്തിലാണ് സൈനികനായിരുന്ന അച്ഛന്റെ കുടുംബപെന്‍ഷന്‍ ലഭ്യമാക്കുന്നതിന് വേണ്ടി പാലക്കാട് ശേഖരിപുരം സ്വദേശിയായ മാനസികവൈകല്യമുള്ള മകന്‍ അപേക്ഷ നല്‍കിയത്. 1969 ജൂണ്‍ നാലിന് കൊടുമ്പ് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അന്നത്തെ കാലത്ത് വിവാഹ രെജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലാതിരുന്നതിനാല്‍ വിവാഹം രെജിസ്റ്റര്‍ ചെയ്തിരുന്നില്ല.

1998ല്‍ അമ്മയും 2015ല്‍ അച്ഛനും മരിച്ചു. സൈനിക റെകോര്‍ഡുകളില്‍ പിതാവിന്റെ കുടുംബവിവരങ്ങള്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മകനുള്ള പെന്‍ഷന്‍ മുടങ്ങുകയായിരുന്നു. ദമ്പതികള്‍ രണ്ടുപേരും മരിച്ചാല്‍ വിവാഹം എങ്ങനെ രെജിസ്റ്റര്‍ ചെയ്യണമെന്ന് നിലവിലുള്ള നിയമങ്ങളിലോ ചട്ടങ്ങളിലോ പരാമര്‍ശിക്കുന്നുണ്ടായിരുന്നില്ല. വിഷയത്തില്‍ പ്രത്യേക താത്പര്യമെടുത്താണ് അന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വിവാഹം രെജിസ്റ്റര്‍ ചെയ്തുനല്‍കാന്‍ നിര്‍ദേശിച്ചത്.

Keywords: Local Self-Government Department created history by re-marrying a couple divorced 19 years ago, Thiruvananthapuram, News, Marriage, Pension, Minister, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia