Liquor policy | കള്ള് ഇല്ലെങ്കിൽ എൽഡിഎഫ് ഇല്ല, കത്തനാർ ഇല്ലെങ്കിൽ യുഡിഎഫും
വിദേശത്തെപ്പോലെ ഇവിടെ സ്വല്പം മദ്യവും നൈറ്റ് പാർട്ടിയും ഒക്കെ ആവാമെന്ന് ചിന്തിക്കുന്ന യുവതലമുറയാണ് വളർന്നുകൊണ്ടിരിക്കുന്നത്
മിന്റാ മരിയ തോമസ്
(KVARTHA) കള്ള് വളർത്തും എൽഡിഎഫിനെ, കത്തനാർ വളർത്തും യുഡിഎഫിനെ. ഇതാണ് നമ്മുടെ കേരളത്തിൽ കണ്ടുപഠിക്കേണ്ട കാര്യം. എൽ.ഡി.എഫിന് ഇവിടെ എക്കാലവും ഭരണം കൊണ്ടു വന്ന് കൊടുത്തിട്ടുള്ളത് തൊഴിലാളികളും തൊഴിലാളി പ്രസ്ഥാനങ്ങളും സർക്കാർ ഉദ്യോഗസ്ഥരും ആണ്. ഈ കൂട്ടരെ എന്നും സന്തോഷിപ്പിച്ചു നിർത്തുന്ന നയമാണ് ഭരണത്തിൽ വരുന്ന ഇടതുപക്ഷ സർക്കാരുകൾ എക്കാലവും സ്വീകരിച്ചു പോരുന്നതും. അതിൽ ഒന്നാണ് നമ്മുടെ സർക്കാരിൻ്റെ ഇപ്പോഴത്തെ പുതിയ മദ്യനയം. ചെത്ത് തൊഴിലാളികൾ അനേകർ ഉള്ള നാടാണ് നമ്മുടെ ഈ കേരളം. കള്ളിനെ ഇടതു സർക്കാർ മഹത്വവത്കരിക്കുമ്പോൾ അതിൽ അങ്ങേയറ്റം സന്തോഷിക്കുന്നത് ഈ ചെത്തു തൊഴിലാളികൾ തന്നെയാണ്. അവർ സ്വല്പം കഴിക്കും. എന്നതുകൊണ്ട് ഇവരുടെ കുടുംബം പട്ടിണി കിടക്കുന്നില്ല. അതാണ് നമ്മുടെ സർക്കാർ കാണുന്നത്.
പണ്ട് എ കെ ആൻ്റണി സർക്കാർ പള്ളീലച്ചൻമാരും മതപുരോഹിതരും പറയുന്നത് കേട്ട് ഇവിടെ ചാരായ നിരോധനം കൊണ്ടുവന്നപ്പോൾ തൊഴിലാളി രോഷം നമ്മൾ കണ്ടതാണ്. പിന്നീട് വന്ന ഇലക്ഷനിൽ തൊഴിലാളികൾ മുഴുവൻ ഒറ്റക്കെട്ടായി ഇറങ്ങി ഇടതുപക്ഷത്തിൻ്റെ കൈയ്യിൽ അധികാരം ഏൽപ്പിച്ചു കൊടുത്തു. മറിച്ച്, ചാരായ നിരോധനം ഏർപ്പെടുത്തിയപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ആൻ്റണിയെ വാഴ്ത്തിയ എത്ര മതപുരോഹിതർക്ക് തങ്ങളുടെ സമുദായത്തിൽ നിന്നുള്ള ആളുകളെക്കൊണ്ട് കൂട്ടത്തോടെ ആൻ്റണി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യിപ്പിക്കാൻ സാധിച്ചു എന്നതും നാം ചിന്തിക്കേണ്ടതാണ്. അങ്ങനെ വോട്ട് കിട്ടിയിരുന്നെങ്കിൽ ആൻ്റണി തന്നെ വീണ്ടും അധികാരത്തിൽ വരുമായിരുന്നു.
ചാരായ നിരോധനത്തിൻ്റെ പേരിൽ ആൻ്റണിയെ വാഴ്ത്തിയവർ എല്ലാവരും കൂടി ഇറങ്ങിയിരുന്നെങ്കിൽ തന്നെ യു.ഡി.എഫിന് അന്ന് തുടർഭരണം കിട്ടുമായിരുന്നു. ചാരായം കേരളത്തിൽ നിരോധിച്ചപ്പോൾ വ്യാജവാറ്റ് നിർലോഭം ഉണ്ടായതും ഈ വിഷം കഴിച്ച് ധാരാളം ആളുകളുടെ ജീവൻ പോയതും മിച്ചം. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ബാറുകൾ അന്ന് കെ.പി.സി.സി പ്രസിഡൻ്റ് ആയിരുന്ന വി.എം സുധീരൻ്റെയും മത സംഘടനകളുടെയും അതിൻ്റെ ഒക്കെ നേതാക്കളുടെയും സമ്മർദ ഫലമായി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭയ്ക്ക് ബാറുകൾ അടച്ചു പൂട്ടേണ്ടി വന്നു. ബാറുകൾ അടച്ചില്ലെങ്കിൽ ഇവിടെ വീണ്ടും ഭരിപ്പിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും അദ്ദേഹത്തിൻ്റെ മന്ത്രിസഭയോടും മത നേതാക്കൾ നടത്തിയ ഭീഷണി.
എന്നിട്ട് ബാറുകൾ അടച്ചിട്ട് ഈ മതനേതാക്കൾക്ക് ഉമ്മൻ ചാണ്ടിയെയും കൂട്ടരെയും തുടർഭരണത്തിൽ എത്തിക്കാൻ പറ്റിയോ. ഇല്ലെന്ന് മാത്രമല്ല. ഇതിൻ്റെ പേരിൽ ബാറിലൊക്കെ പണിയെടുത്തിരുന്ന തൊഴിലാളികൾ ഒറ്റക്കെട്ടായി ഇടതുമുന്നണിക്ക് വേണ്ടി ഇറങ്ങി വോട്ട് ചെയ്ത് എൽ.ഡി.എഫിനെ അധികാരത്തിൽ എത്തിക്കുകയായിരുന്നു. എൽ.ഡി.എഫ് വന്നശേഷം അടച്ച ബാറുകൾ പടിപടിയായി തുറന്നു. ഇതിൻ്റെ പേരിൽ മതസംഘടനകളും നേതാക്കളും ഒക്കെ പ്രതിഷേധവുമായി ഇറങ്ങിയെങ്കിലും തൊഴിലാളികൾ ഒറ്റക്കെട്ടായി നിന്ന് എൽ.ഡി.എഫിനെ തുടർഭരണത്തിലെത്തിക്കുകയായിരുന്നു. പിണറായി വിജയൻ തന്നെ രണ്ടാമതും അധികാരത്തിൽ എത്തി. എന്നും ഇവിടെ വിശ്വസിക്കാവുന്ന വോട്ട് വിശ്വാസികളുടെ അല്ല. തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ആണെന്നാണ് ഇത് നമുക്ക് കാണിച്ചു തരുന്നത്.
എക്കാലവും സി.പി.എമ്മും എൽ.ഡി.എഫും തൊഴിലാളികളോട് അനുഭാവപൂർവമായ നിലപാട് സ്വീകരിക്കുമ്പോൾ തൊഴിലാളികൾ കൂട്ടമായി ഇടതുമുന്നണിയ്ക്കൊപ്പം നിൽക്കുന്നു. അത് ഏത് തൊഴിലാളി മേഖല എടുത്തുനോക്കിയാലും അങ്ങനെയാണ്. തൊഴിലാളികൾ എന്നൊക്കെ ഇടഞ്ഞിട്ടുണ്ടോ അന്നൊക്കെ എൽ.ഡി.എഫ് പ്രതിപക്ഷത്ത് ഇരിക്കേണ്ടതായും വന്നിട്ടുണ്ട്. ഇടതിനോടുള്ള വെറുപ്പിൻ്റെ പേരിൽ തൊഴിലാളികൾ യു.ഡി.എഫിന് വോട്ട് മറിച്ചു കുത്തിയതുകൊണ്ട് അല്ല. തൊഴിലാളികൾ ഇടതിനോടുള്ള വിരോധം മൂലം വോട്ട് ബഹിഷ്ക്കരിക്കുമ്പോൾ ആണ് എന്നും ഇവിടെ യു.ഡി.എഫ് അധികാരത്തിൽ എത്തിയിട്ടുള്ളത്. മതവിശ്വാസികളായ ഇടതു പ്രവർത്തകർ തങ്ങളുടെ തിരുമേനിയോ പൂജാരിയോ ഉസ്താദോ ഇടതിന് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്താൽ അവർ വർദ്ധിത വീര്യത്തോടെ സടകുടഞ്ഞെണിറ്റ് ഇടതിന് പോയി വോട്ട് ചെയ്യുമെന്ന് ഇടതു നേതാക്കൾക്ക് അറിയാം.
ഇതുകണ്ടുകൊണ്ടാണ് മദ്യം പോലുള്ള കാര്യങ്ങളിൽ തങ്ങളുടെ തൊഴിലാളികളെ തൃപ്തിപ്പെടുത്താൻ ഒരു മുഴം നീട്ടി എൽ.ഡി.എഫ് കയർ എറിയുന്നത്. അതിൽ അവർ വിജയിക്കുകയും ചെയ്യുന്നു എന്ന് വേണമെങ്കിൽ പറയാം. തങ്ങളുടെ പ്രവർത്തകർ ബീഡി വലിക്കും, അന്തിക്ക് ഇച്ചിരി കള്ള് കുടിക്കും . അതൊക്കെ അവരുടെ ഒരു സന്തോഷമാ. എന്നിരുന്നാലും വീട്ടിൽ വരുമാനം വരുമ്പോൾ തൊഴിലാളി ആഹ്ളാദിക്കും. ഈ തിരിച്ചറിവാണ് കള്ളിനൊക്കെ അനുകൂലമാക്കി നിർത്താൻ ഇടതുസർക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം. ഒപ്പം സർക്കാർ ഖജനാവിലേയ്ക്ക് വലിയൊരു തുകയും കിട്ടും. ഇവിടെയാണ് കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും പരാജയം. തങ്ങൾ വിശ്വസിക്കുന്നവരെ മുഴുവൻ അനുകൂലമാക്കി മാറ്റുന്നതിൽ വന്ന പാളിച്ചയാണ് യു.ഡി.എഫിന് വീണ്ടും അധികാരം കിട്ടാതെ പോയത്. ഇത് ഇപ്പോഴും യു.ഡി.എഫ് നേതാക്കൾ മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം.
പിന്നെ ഇന്നത്തെ ചെറുപ്പക്കാരുടെ നിലപാട്. അവരുടെ നിലപാടുകൾ പഴഞ്ചൻ ചിന്താഗതികൾ ഒന്നും അല്ല. ഇന്നത്തെ കേരളത്തിലെ യുവാക്കളും യുവതികളും തൊഴിലാളികളെപ്പോലെ തന്നെ നല്ലൊരു വോട്ട് ബാങ്ക് ആണ്. മാറി വരുന്ന അവരുടെ ചിന്താഗതിയ്ക്കൊപ്പം സഞ്ചരിക്കാൻ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം. അവരെ ആകർഷിപ്പിക്കാൻ കഴിയുന്ന പുത്തൻ സംവിധാനങ്ങൾ നാട്ടിൽ ആവിഷ്ക്കരിക്കപ്പെട്ടാലെ ഇവിടെ ആർക്കും നിലനിൽപ്പുള്ളു. അത് ആരായാലും തിരിച്ചറിയാതെ പോകരുത്. ഇന്നത്തെ പുതു യുവതലമുറയിലെ ഭൂരിഭാഗം പേരും പഴയകാലത്തെപ്പോലെ മതത്തിൻ്റെ തടവറയിൽ ജീവിക്കുന്നവരല്ല. അവർക്ക് വിശ്വാസത്തോടൊപ്പം തന്നെ സ്വതന്ത്രമായ ചിന്താഗതിയും നിലപാടുകളും ഏറെയുണ്ട്. മതത്തിൻ്റെ ചട്ടക്കുട്ടിന് അതീതമായി ഇന്ന് ഇവിടെ മിശ്രവിവാഹങ്ങൾ ഏറി വരുന്നതിന് കാരണവും അതാണ്. പണ്ട് സ്വന്തം സമുദായത്തിൽ നിന്ന് അല്ലാതെ ഒരു വിവാഹം ചിന്തിക്കാൻ കൂടി പറ്റുമായിരുന്നോ. അതുപോലെ തന്നെയാണ് മദ്യത്തിൻ്റെ കാര്യത്തിലും .
വിദേശത്തെപ്പോലെ ഇവിടെ സ്വല്പം മദ്യവും നൈറ്റ് പാർട്ടിയും ഒക്കെ ആവാമെന്ന് ചിന്തിക്കുന്ന യുവതലമുറയാണ് വളർന്നുകൊണ്ടിരിക്കുന്നത്. അവർ വിദ്യാസമ്പന്നരാണ്, അവർ മദ്യം കഴിക്കും. എന്നാൽ പഴയ കാലത്തെപ്പോലെ വഴിയിൽ കിടക്കുകയില്ല. തങ്ങൾക്ക് തങ്ങളെ നിയന്ത്രിക്കാൻ പറ്റുമെന്ന് ഈ സമൂഹം വിശ്വസിക്കുന്നു. അതിനാൽ ഇവിടെ കള്ള് പോലെയുള്ള കാര്യങ്ങൾ ഇടതു സർക്കാർ പ്രോത്സാഹിപ്പിക്കുമ്പോൾ യുവാക്കളുടെ പിന്തുണയും സർക്കാരിന് അനുകൂലമായി മാറുന്നു. പണ്ടത്തെപ്പോലെ മദ്യം ഇവിടെ വേണ്ടെന്ന് പറഞ്ഞ് സമരം ചെയ്യാൻ പള്ളികളിലോ അമ്പലങ്ങളിലോ ഒന്നും ചെറുപ്പക്കാരെ അല്ലെങ്കിൽ ചെറുപ്പക്കാരികളെ കിട്ടുന്നില്ലെന്നതാണ് വാസ്തവം. ഈ തിരിച്ചറിവാണ്. ഇവിടുത്തെ നേതാക്കൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടത്.
കാലോചിതമായ മാറ്റം സംഭവിച്ചാലെ നാട് പുരോഗമിക്കു. അല്ലെങ്കിൽ പഴയകാല മാമൂലുകളിൽ എന്നും തൂങ്ങി നിന്നാൽ നാടും മുടിയും അയലും മുടിയും എന്നതാകും അവസ്ഥ. തങ്ങൾക്ക് വോട്ടാകുന്നവരെ ടാർഗറ്റ് ചെയ്തു കൊണ്ടുള്ള ഭരണം തന്നെയാണ് ഇവിടെ മുഖ്യമന്ത്രി പിണറായി വിജയനും ഇടതു നേതാക്കളും സമർത്ഥമായി നടത്തുന്നത്. അപ്പോൾ അവിടെ ചോരുന്നത് മറ്റ് പാർട്ടികളുടെ നിലനിൽപ്പിൻ്റെ അടിത്തറ തന്നെയാണ്. ഇതാണ് പലരും മനസിലാക്കാത്ത യാഥാർത്ഥ്യം. ഈ രീതിയിൽ ആണെങ്കിൽ മൂന്നാമതൊരു ഭരണംകൂടി എൽ.ഡി.എഫിന് കിട്ടിയാലും ഒട്ടും സംശയിക്കേണ്ട. അതിനുള്ള വോട്ട് എപ്പോഴെ ഈ സർക്കാർ കണ്ടുകഴിഞ്ഞു. അട്ടയ്ക്ക് കണ്ണ് കണ്ട് തന്നെയാണ് ഈ പിണറായി സർക്കാർ കളിക്കുന്നത്.