Leopard | അയ്യങ്കുന്ന് പള്ളിമുറ്റത്ത് കണ്ടെത്തിയത് പുലിയുടെ കാൽപാടുകൾ; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ സ്ഥിരീകരണം


കണ്ണൂര്‍: (KVARTHA) മലയോര പ്രദേശമായ അയ്യങ്കുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് ഉണ്ണിമിശിഹാ (UNNI MISHIHA) പളളിമുറ്റത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന പ്രദേശവാസികളുടെ പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. കൊട്ടിയൂര്‍ റെയ്ഞ്ചില്‍ (Kottiyoor Range) നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പളളിയിലും പരിസരത്തും പരിശോധന നടത്തിയത്. പളളിവികാരിയും പ്രദേശവാസികളും കണ്ടത് കടുവയാണെന്നു മൊഴി നല്‍കിയെങ്കിലും ഇവിടെ ഇറങ്ങിയത് പുലിയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ (Forest Department Officials) കണ്ടെത്തല്‍. കാല്‍പാടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പളളിമുറ്റത്തും പരിസരത്തും പുലിയാണ് (Leopard) ഇറങ്ങിയതെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ഏതാനും വളര്‍ത്തു മൃഗങ്ങളെ അജ്ഞാത ജീവി കൊന്നു തിന്നിരുന്നു. ഇതു കടുവയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടു ദിവസം തുടര്‍ച്ചയായാണ് ഇവിടെ വളര്‍ത്തുനായകളെ കൊന്നു തിന്നത്. പള്ളിമുറ്റത്ത് പുലിയെത്തിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. നിരവധി പേര്‍ വന്നു പോകുന്ന പള്ളിമുറ്റത്ത് പുലിയെ കണ്ടതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പേരാവൂര്‍ മണ്ഡലം എംഎല്‍എ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. പുലിയിറങ്ങിയ പള്ളിയിലും പരിസരത്തും സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശവാസികള്‍ കണ്ടത് പുലിയോ കടുവയോയാണെന്നതല്ല പ്രശ്‌നമെന്നും ഉടന്‍ കൂടുവെച്ചു പിടികൂടി ജനങ്ങളുടെ ഭീതിയകറ്റുകയാണ് വേണ്ടതെന്ന് സണ്ണി ജോസഫ് എം എല്‍ എ പറഞ്ഞു. പുലിയെ കണ്ടെത്തുന്നതിനായി ക്യാമറകള്‍ സ്ഥാപിക്കാനും വേണമെങ്കില്‍ കൂടുവയ്ക്കാനും ഒരുങ്ങുകയാണ് വനംവകുപ്പ്.