Supplyco | സപ്ലൈകോ ഉല്‍പന്നങ്ങള്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടത്? വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടി


കൊച്ചി: (KVARTHA) സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (Supplyco ) റേഷന്‍ കടകളില്‍ (Ration shop) വിതരണം ചെയ്യുന്ന ഫോര്‍ട്ടിഫൈഡ് ആട്ട (Fortified Atta) ഗുണനിലവാരമില്ലാത്തതാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലന്‍സ് ഓഫീസര്‍ പി.എം. ജോസഫ് സജു വ്യക്തമാക്കി. വ്യാജ പ്രചാരണം അടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ (Social Media) പോസ്റ്റ് ചെയ്തവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ നിയമ നടപടി (Legal action) സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രചാരണം:
പൊട്ടിച്ച് ഉപയോഗിച്ച ശേഷം പാക്കറ്റില്‍ ബാക്കിയായി സൂക്ഷിച്ചിരുന്ന ആട്ട അരിച്ചെടുത്ത് അതില്‍ പുഴുക്കളെ കണ്ടെത്തിയതായാണ് വീഡിയോയില്‍ ആരോപിക്കുന്നത്.
വാസ്തവം:
സപ്ലൈകോ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന വിഭാഗം ഈ ബാച്ചില്‍പ്പെട്ട 'ആട്ട' പാക്കറ്റുകള്‍ പരിശോധിക്കുകയും ഗുണനിലവാരത്തില്‍ തെല്ലും കുറവില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. വീഡിയോയില്‍ കാണിക്കുന്ന ആട്ടയുടെ കവറില്‍ 2023 ഏപ്രിലില്‍ തയ്യാറാക്കിയതാണ് എന്ന് കാണിക്കുന്നുണ്ട്. എന്നാല്‍ പ്രസ്തുത കവര്‍ പൊട്ടിച്ച് ഉപയോഗിക്കാന്‍ തുടങ്ങിയ തീയതി പറയുന്നില്ല.
പൊട്ടിച്ചശേഷം ബാക്കി വന്ന ആട്ട കേടുവരാത്തവിധം സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടോ എന്നും വീഡിയോ തയ്യാറാക്കിയ തീയതിയും അവ്യക്തമാണ്. സപ്ലൈകോയുടെ ഏതെങ്കിലും ഉത്പന്നത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് വാങ്ങിയ ഔട്ട് ലെറ്റിലോ, സമീപത്തുള്ള ഡിപ്പോയിലോ, റീജിയണല്‍ ഓഫീസുകളിലോ അറിയിച്ചാല്‍ പരിഹാരം കാണുന്നതിനുള്ള ക്രമീകരണം നിലവിലുണ്ട്. വീഡിയോയില്‍ കാണുന്ന പാക്കറ്റുമായി ബന്ധപ്പെട്ട് സപ്ലൈകോയ്ക്ക് ഔദ്യോഗികമായി ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ല.
നിയമ നടപടി:
ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് കേരള പോലീസ് ആക്ട് 2011, വകുപ്പ് 120(ഒ) ഉപവകുപ്പ് പ്രകാരം ഒരു വര്‍ഷം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. സപ്ലൈകോ വിജിലന്‍സ് വിങ്ങ് ഫ് ളയിങ് സ്‌ക്വാഡ് ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഗുണനിലവാരം ഉറപ്പാക്കുന്ന വിധം:
പി.ഡി.എസ് ആട്ട ലഭ്യമാക്കുന്നതിന് സപ്ലൈകോയുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള മില്ലുകള്‍
അവരുടെ സ്വന്തം ലാബിലും എന്‍.എ.ബി.എല്‍. അക്രഡിറ്റഡ് ലാബുകളിലും പരിശോധന നടത്തിയ ശേഷമാണ് ഇവ വിതരണത്തിനെത്തിക്കുന്നത്. സപ്ലൈകോയുടെ ഗുണനിലവാര വിഭാഗം മില്ലുകള്‍ പരിശോധിക്കുകയും ആട്ട സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധിക്കുകയും ചെയ്യുന്നു.
സൂക്ഷിക്കേണ്ട വിധം:
സപ്ലൈകോ റേഷന്‍ കട വഴി വിതരണം ചെയ്യുന്ന ആട്ടയില്‍ കേടാകാതിരിക്കുന്നതിനുള്ള രാസവസ്തുക്കള്‍ ചേര്‍ക്കാത്തതിനാല്‍, പാക്കറ്റ് പൊട്ടിച്ചശേഷം കാറ്റുകൊള്ളുന്ന രീതിയില്‍ സൂക്ഷിച്ചാല്‍ കേടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പൊട്ടിച്ച ശേഷം വായു കടക്കാതെ സൂക്ഷിക്കണം.
പരാതികള്‍:
സപ്ലൈകോ ഉത്പന്നങ്ങളെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ 0484 2205165 എന്ന ഫോണ്‍ നമ്പറിലും pio(at)supplycomail(dot)com എന്ന ഇമെയില്‍ വിലാസത്തിലും അറിയിക്കാം.