Lease Defaults | പാട്ടത്തിന് നൽകിയ സർക്കാർ ഭൂമികളിൽ കുടിശ്ശിക വരുത്തിയവ ഏറ്റെടുക്കുന്നതിന് നടപടിയില്ല; അനധികൃത നിർമാണങ്ങളും വ്യാപകം
2017 ൽ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിൽ നിയമസെക്രട്ടറി, ജോയിന്റ് കമ്മീഷണർ എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചിരുന്നു. പിന്നാലെ ധനകാര്യ സെക്രട്ടറിയെയും ഉൾപ്പെടുത്തി പുനസംഘടിപ്പിച്ചുവെങ്കിലും സമിതി നനഞ്ഞ പടക്കമായിയെന്നാണ് ആക്ഷേപം
അജോ കുറ്റിക്കൻ
ഇടുക്കി: (KVARTHA) സംസ്ഥാനത്ത് പാട്ടത്തിന് നൽകിയ സർക്കാർ ഭൂമികളിൽ പാട്ട കുടിശ്ശിക വരുത്തിയ ഭൂമികൾ ഏറ്റെടുക്കുന്നതിന് നടപടിയില്ല. ഇത്തരം ഭൂമികളുടെ വിവരശേഖരണം നടത്തുന്നതിനും കേസുകൾ നടത്തുന്നതിനുമായി 2017 ൽ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിൽ നിയമസെക്രട്ടറി, ജോയിന്റ് കമ്മീഷണർ എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചിരുന്നു. പിന്നാലെ ധനകാര്യ സെക്രട്ടറിയെയും ഉൾപ്പെടുത്തി പുനസംഘടിപ്പിച്ചുവെങ്കിലും സമിതി നനഞ്ഞ പടക്കമായിയെന്നാണ് ആക്ഷേപം.
സമയാസമയങ്ങളിൽ യോഗം ചേർന്ന് പാട്ട കുടിശ്ശിക വരുത്തിയ ഭൂമികളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തു തുടർ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. സമിതിയുടെ നിർദ്ദേശം അനുസരിച്ച് ലാൻഡ് റവന്യൂ കമ്മീഷണറുടെ കാര്യാലയത്തിൽ പാട്ടം സംബന്ധിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു ലീസ് മിഷൻ എന്ന പേരിൽ ഒരു സെൽ രൂപീകരിച്ചിരുന്നു.
പാട്ടം നൽകിയിട്ടുള്ള മുഴുവൻ കേസുകളുടെയും പട്ടിക ജില്ലാ കലക്ടർമാർ മുഖാന്തിരം സെൽ ശേഖരിച്ചിരുന്നു. പാട്ടം സംബന്ധിച്ച കേസുകൾ വിശദമായി പരിശോധിച്ച് പാട്ട കക്ഷികൾക്ക് നിയമാനുസൃത നോട്ടീസ് നൽകി സമയബന്ധിതമായി നേരിൽ കേട്ട് പാട്ട കുടിശ്ശിക ഈടാക്കുന്നതിനും പാട്ടം പുതുക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടർമാർക്കും നിർദ്ദേശം നൽകിരുന്നുവെങ്കിലും ഇത് ജലരേഖയായി മാറി.
പാട്ട കുടിശ്ശിക അടയ്ക്കാനും പാട്ടം പുതുക്കാനും വിമുഖത കാണിക്കുന്നവരുടെ പാട്ടം റദ്ദ് ചെയ്ത ഭൂമി തിരികെ കക്ഷികളിൽ നിന്നും പിടിച്ചെടുത്ത് സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിനും പാട്ട കുടിശ്ശിക റവന്യൂ റിക്കവറി നടപടികളിലൂടെ പിരിച്ചെടുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനും 2018 ൽ ഉത്തരവിറങ്ങിയെങ്കിലും അതും നടപ്പായില്ല.
അനധികൃത നിർമ്മാണങ്ങളും വ്യാപകം
ഏലം കൃഷിക്കായി പാട്ടത്തിന് നല്കിയ ഭൂമിയിൽ ചട്ടവിരുദ്ധമായി കെട്ടിടങ്ങളുടെ നിർമ്മാണങ്ങളും തകൃതി. വണ്ടന്മേട്, പാമ്പാടുംപാറ, ചക്കുപ്പള്ളം, ആനവിലാസം മേഖലകളിലാണ് കുത്തക പാട്ട വ്യവസ്ഥകൾ ലംഘിച്ച് വ്യാപകമായി കെട്ടിടങ്ങളും വാണിജ്യ കേന്ദ്രങ്ങളും പടുത്തുയർത്തിയിരിക്കുന്നത്. പാട്ടമായി നല്കുന്ന ഭൂമിയിൽ ഏലം കൃഷിക്ക് പുറമെ ഏലയ്ക്കാ ഉണക്കുന്നതിനും സൂക്ഷിക്കുന്നതിനും മാത്രമേ കെട്ടിടങ്ങൾ നിർമ്മിക്കാവുവെന്ന ചട്ടം മറികടന്നാണ് അനധികൃത നിർമ്മാണങ്ങൾ.
കുത്തകപാട്ട ഭൂമിയിൽ ചട്ട ലംഘനം നടത്തിയ ഒരാൾക്ക് ഉടുമ്പൻചോല ഭൂരേഖ തഹസിൽദാർ കുടിയിറക്ക് നോട്ടീസ് നൽകിയത്. കുത്തക പാട്ട വ്യവസ്ഥ ലംഘിച്ചതായി കാട്ടിയാണ് നടപടിക്ക് മുന്നോടിയായുള്ള നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നാണ് അറിയുന്നത്.