Controversy | ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിവരദോഷി പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി നേതാക്കള്‍; പിണറായി വിജയനില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതെന്ന് വിഡി സതീശന്‍


മുഖ്യമന്ത്രി വലിയ വിവരമുള്ളയാളെന്നും കാരണഭൂതനെ ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ചെന്നിത്തല
സര്‍കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കുറ്റപ്പെടുത്തല്‍
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രിയുടെ വിവരദോഷി പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പറയാനുള്ളത് പറഞ്ഞു, ഇനി പറയാനില്ലെന്ന് മാര്‍ കൂറിലോസ് തിരുവല്ലയില്‍ പറഞ്ഞു. അതേസമയം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിവരദോഷി പരാമര്‍ശത്തിനെതിരെ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
വിവരദോഷി പരാമര്‍ശം മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പരാമര്‍ശം തിരുത്തില്ലെന്ന് തെളിഞ്ഞു. പിണറായി പുതിയ വാക്കുകള്‍ മലയാളത്തിന് സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വിമര്‍ശനങ്ങള്‍ക്കുനേരെ അസഹിഷ്ണുത തുടരുകയാണ്. സിപിഎം കേരളത്തില്‍ തകരുകയാണെന്നും ഇത് മനസിലാക്കിയാല്‍ അവര്‍ക്ക് കൊളളാമെന്നും സതീശന്‍ ഡെല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിവരദോഷി പരാമര്‍ശം തരംതാഴ്ന്നതെന്ന് രമേശ് ചെന്നിത്തലയും ശാഫി പറമ്പിലും പ്രതികരിച്ചു. തന്നെ ആരും തിരുത്തേണ്ടെന്നാണ് പിണറായി പറയുന്നത്. കാലം കാത്തുവച്ച നേതാവ് എന്നാണ് ഒരിക്കല്‍ മാര്‍ കൂറിലോസ് പിണറായിയെ വിശേഷിപ്പിച്ചത്. അങ്ങനെ പറഞ്ഞ ആളെയാണ് പിണറായി വിവരദോഷി എന്ന് വിളിച്ചതെന്നും രമേശ് ചെന്നിത്തലയും ശാഫി പറമ്പിലും ഡെല്‍ഹിയില്‍ പറഞ്ഞു.
മുഖ്യമന്ത്രി വലിയ വിവരമുള്ളയാളെന്നും കാരണഭൂതനെ ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നും പരിഹസിച്ച ചെന്നിത്തല, ബിഷപ്പ് എന്നയാള്‍ക്ക് സമൂഹത്തില്‍ മാന്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു. സര്‍കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സര്‍കാരിന്റെ പ്രോഗ്രസ് റിപോര്‍ട് ആളുകളെ കളിപ്പിക്കാനാണെന്നും പ്രോഗ്രസ് റിപോര്‍ടല്ല കള്ള റിപോര്‍ടാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചു. ജനങ്ങള്‍ തള്ളിക്കളഞ്ഞ സര്‍കാരാണിത്. തൃശ്ശൂരിലെ തോല്‍വി പാര്‍ടി ഗൗരവമായി പരിശോധിക്കുമെന്നും തൃശ്ശൂരിലെ തല്ലില്‍ പാര്‍ടി ഉചിതമായ നടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
നിരണം മുന്‍ഭദ്രാസിനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസിനെതിരായ വിവരദോഷി പരാമര്‍ശത്തില്‍ ജോസ് കെ മാണിയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ തയാറായില്ല.
നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ പിന്തുണച്ച് പത്തനംതിട്ട സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റും തിരുവല്ല ഏരിയ കമിറ്റി അംഗവുമായ കെ പ്രകാശ് ബാബു സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തി. വിമര്‍ശിക്കുന്നവരെല്ലാം ശത്രുക്കളല്ല എന്നാണ് പോസ്റ്റ്.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമിനെ ശക്തമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്നായിരുന്നു ഗീവര്‍ഗീസ് കൂറിലോസിന്റെ വിമര്‍ശനം.
ഇതിനെതിരെ സര്‍കാരിന്റെ പ്രോഗ്രസ് റിപോര്‍ട് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും പ്രളയമാണ് സര്‍കാരിനെ വീണ്ടും അധികാരത്തില്‍ കയറ്റിയത് എന്നാണ് ഒരു പുരോഹിതന്‍ പറയുന്നതെന്നും ഗീവര്‍ഗീസ് കൂറിലോസിനെ ഉന്നമിട്ട് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലും പാര്‍ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ട്.