Election | മട്ടന്നൂരില്‍ 7 സീറ്റുകള്‍ പിടിച്ചെടുത്ത് യു ഡി എഫ് മുന്നേറ്റം: വിമാനത്താവള നഗരത്തില്‍ എല്‍ ഡി എഫിന് റെഡ് സിഗ്നല്‍
Aug 22, 2022, 18:27 IST
ADVERTISEMENT
മട്ടന്നൂര്‍: (www.kvartha.com) മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ ഡി എഫ് വ്യക്തമായ മേധാവിത്വത്തോടെ നിലനിര്‍ത്തിയെങ്കിലും വരും കാലങ്ങളില്‍ വ്യക്തമായ അപായ സൂചന നല്കിക്കൊണ്ടുളള മുന്നേറ്റമാണ് യു ഡി എഫ് നടത്തിയതെന്ന കാര്യം വിസ്മരിക്കാന്‍ കഴിയില്ല.
21 സീറ്റുകളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചുഭരണമുറപ്പിച്ചുവെങ്കിലും 14 വാര്‍ഡുകളില്‍ യു ഡി എഫ് ജയിച്ചു പ്രതിപക്ഷ നിരയുടെ ശക്തി കൂട്ടി. എല്‍ ഡി എഫില്‍ നിന്നും തങ്ങള്‍ക്ക് 2017-ല്‍ നഷ്ടപ്പെട്ട ഏഴുവാര്ഡുകളാണ് യു ഡി എഫ് പിടിച്ചെടുത്തത്. യു ഡി എഫില്‍ നിന്നും കയനിവാര്ഡ് എല്‍ ഡി എഫ് പിടിച്ചെടുത്തു.
ബി ജെ പിക്ക് ഇത്തവണയും മട്ടന്നൂര്‍ നഗരസഭയില്‍ അകൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. കരേറ്റ(304), മട്ടന്നൂര്‍ ടൗണ്‍(331) കായലൂര്‍(184), കോളാരി(329) എന്നിവടങ്ങളില്‍ ബി ജെ പി രണ്ടാംസ്ഥാനത്തെത്തി. 2012-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫ് 14 സീറ്റുകള്‍ നേടിയിരുന്നു. 2017-ല്‍ ഇതില്‍ പകുതി നഷ്ടപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 28 സീറ്റുകള്‍ നേടിയപ്പോള്‍ യു ഡി എഫിന് ഏഴു സീറ്റുമാത്രമേ ലഭിച്ചുള്ളു.
നെല്ലൂന്നി വാര്‍ഡില്‍ നിന്നും വിജയിച്ച എന്‍ ശാജിത് ചെയര്‍മാനാകും. 35 നഗരസഭാ വാര്‍ഡുകളില്‍ ഇത്തവണ 21 സീറ്റുകളായി ചുരുങ്ങിയത് ഇടതുമുന്നണിക്ക് ക്ഷീണം ചെയ്തിട്ടുണ്ട്. 1997-ല്‍ നഗരസഭ രൂപീകരിച്ചതിനു ശേഷമുള്ള അഞ്ച് തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു.
നിലവിലെ നഗരസഭാ കൗണ്‍സിലിന്റെ കാലാവധി സെപ്തംബര്‍ 10ന് അവസാനിക്കും. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അടുത്തമാസം 11ന് നടക്കും. മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനും യുഡിഎഫിന്റെ നില മെച്ചപ്പെടുത്താനും സാധിച്ചത് യുഡിഎഫ് പ്രവര്‍ത്തകരുടെ ഐക്യത്തിന്റെയും ഒരുമയുടെയും വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഏഴുസീറ്റുകള്‍ നഷ്ടപ്പെട്ടത് പാര്‍ടി പരിശോധിക്കുമെന്ന് സി പി എം ജില്ലാസെക്രടറി എം വി ജയരാജന് പ്രതികരിച്ചു.
Keywords: LDF retains Mattannur municipality; UDF doubles tally to 14, Kannur, News, Election, LDF, UDF, BJP, Politics, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


