കേരളസര്‍ക്കാര്‍ വലിയ വര്‍ത്തമാനം പറയാതെ ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം തേടണം; അഭിപ്രായം എല്‍ഡിഎഫ് ഘടകകക്ഷികളുടേതാണ്

 


തിരുവനന്തപുരം: (www.kvartha.com 14.11.2016) അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് മാറ്റപ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്നതിനപ്പുറമുള്ള നടപടികളൊന്നും സംസ്ഥാന സര്‍ക്കാരിനു സാധിച്ചില്ലെന്ന് എല്‍ഡിഎഫില്‍ വിമര്‍ശനം.

നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന പിന്നാലെ ധനമന്ത്രി ടി എം തോമസ് ഐസക് ടിവി ചാനലുകള്‍ക്ക് നല്‍കിയ പ്രതികരണം, പിറ്റേദിവസം നിയമസഭയില്‍ ധനമന്ത്രി നടത്തിയ പ്രസ്താവന, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിയും നടത്തിയ പ്രതികരണങ്ങള്‍ എന്നിവയൊന്നും കേരളത്തിലെ ജനങ്ങളുടെ നെട്ടോട്ടത്തിന് സംസ്ഥാനതലത്തില്‍ ഉണ്ടാക്കാവുന്ന പരിഹാരങ്ങളൊന്നും നിര്‍ദേശിക്കുന്ന തരത്തിലായില്ല എന്നാണ് സിപിഐയുടെയും മറ്റു ചെറുകക്ഷികളുടെയും പൊതുവികാരം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അതേ ശൈലിയില്‍ ഭരണപക്ഷത്തെ നേതാക്കളും പ്രതികരിക്കാന്‍ തുടങ്ങിയതോടെ ജനങ്ങളുടെ പരിഭ്രാന്തി ഇരട്ടിച്ചു എന്നാണ് സ്വന്തം ഉള്‍പാര്‍ട്ടി ചര്‍ച്ചകളില്‍ ഘടക കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നത്. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ മാറി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്നിരിക്കെ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ അടിയന്തര യോഗം മുഖ്യമന്ത്രിതന്നെ വിളിച്ച് പരിഹാര മാര്‍ഗങ്ങള്‍ ആരായേണ്ടിയിരുന്നു എന്ന അഭിപ്രായവും ശക്തമാണ്.

ബാങ്കുകളുടെ മൊബൈല്‍ എടിഎമ്മുകള്‍ വ്യാപകമാക്കുക, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചില്ലറ വില്പനശാലകളില്‍ 500ന്റെയും 1000ന്റെയും നോട്ടുകള്‍ മാറ്റി ബാക്കി നല്‍കാന്‍ കൂടുതല്‍ ചെറിയതുകക്കുള്ള കൂടുതല്‍ നോട്ടുകള്‍ ലഭ്യമാക്കുക, കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ സ്വരത്തില്‍ സംസാരിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രാഥമികമായിത്തന്നെ ചെയ്യാമായിരുന്നു എന്നാണ് അഭിപ്രായം.

ഇത് അടുത്ത മന്ത്രിസഭാ യോഗത്തിനുമുമ്പ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചേക്കും. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നോട്ട് അസാധുവാക്കല്‍ മൂലമുണ്ടായ ദുരിതങ്ങളെ സംസ്ഥാനതലത്തില്‍ പരിഹരിക്കാനുള്ള പരിമിതികള്‍ വിശദീകരിക്കുന്ന ക്യാംപെയ്ന്‍ തുടങ്ങണമെന്ന അഭിപ്രായം സിപിഎമ്മിനുള്ളില്‍ത്തന്നെ ഉള്ളതായാണു സൂചന.

അല്ലെങ്കില്‍ സര്‍ക്കാരിന്റെ വിമര്‍ശനത്തെ ബിജെപി ഇപ്പോള്‍ ചെയ്യുന്നതുപോലെ ദുര്‍വ്യാഖ്യാനം
ചെയ്യുകയും സിപിഎമ്മും കേരള സര്‍ക്കാരും ഇടതുമുന്നണിയും കള്ളപ്പണക്കാര്‍ക്കൊപ്പമാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്യും എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

മന്ത്രിസഭാ യോഗം ഇക്കാര്യവും അനൗദ്യോഗികമായെങ്കിലും ചര്‍ച്ച ചെയ്‌തേക്കും എന്നാണ് വിവരം. ചൊവ്വാഴ്ച മുതല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പു സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അത് ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമാകാതിരിക്കാനുള്ള ഇടപെടല്‍ തിങ്കളാഴ്ചതന്നെ ഉണ്ടാകും.

കേരളസര്‍ക്കാര്‍ വലിയ വര്‍ത്തമാനം പറയാതെ ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം തേടണം; അഭിപ്രായം എല്‍ഡിഎഫ് ഘടകകക്ഷികളുടേതാണ്

Also Read:
ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍തട്ടിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
Keywords:  LDF parties on a critic mood against CM, FM line on cash crisis, Thiruvananthapuram, Criticism, Television, Channel, Pinarayi vijayan, Conference, Ramesh Chennithala, Bank, ATM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia