LDF Govt | രണ്ടാം പിണറായി സര്‍കാരിന്റെ 2 വര്‍ഷങ്ങള്‍; ആരോപണങ്ങള്‍ പെരുമഴയായി പെയ്യുമ്പോഴും മൗനം മുഖമുദ്രയാക്കി വികസനപാതയില്‍ പ്രയാണം

 


കണ്ണൂര്‍: (www.kvartha.com) ഒന്നാം പിണറായി സര്‍കാരിന്റെ ഭരണതുടര്‍ച്ചയില്‍ നിന്നും രണ്ടാംവര്‍ഷത്തിലേക്ക് എത്തുമ്പോള്‍ വിവാദങ്ങളില്‍ മുന്നണിയും സര്‍കാരും ആടിയുലയുന്നു. അഴിമതി ആരോപണങ്ങളും വിവാദങ്ങളും വിടാതെ പിന്‍തുടരുമ്പോള്‍ ജനങ്ങളില്‍ സംശയം ജനിപ്പിച്ചു കൊണ്ടു മൗനം പാലിക്കുകയാണ് സര്‍കാരും മുഖ്യമന്ത്രിയും. എന്നാല്‍ ഒന്നാം പിണറായി സര്‍കാരിനെതിരെ സ്വര്‍ണക്കടത്ത് പോലുളള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കഴിഞ്ഞുവെന്നത് ജനങ്ങള്‍ കൂടെയുണ്ടെന്നതിന്റെ തെളിവാണെന്നാണ് പാര്‍ടിയുടെയും സര്‍കാരിന്റെയും അവകാശവാദം.

LDF Govt | രണ്ടാം പിണറായി സര്‍കാരിന്റെ 2 വര്‍ഷങ്ങള്‍; ആരോപണങ്ങള്‍ പെരുമഴയായി പെയ്യുമ്പോഴും മൗനം മുഖമുദ്രയാക്കി വികസനപാതയില്‍ പ്രയാണം

പ്രത്യക്ഷത്തില്‍ വിരല്‍ ചൂണ്ടി കാണിക്കാവുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സര്‍കാരിന്റെ ക്രെഡിറ്റിലുണ്ടെങ്കിലും കര്‍ണാടയിലേതിന് സമാനമായി കമീഷന്‍ സര്‍കാരാണ് കേരളം ഭരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരോപണം ശക്തമാക്കിയിരിക്കുന്നത്. കര്‍ണാടകയിലെ ബിജെപി സര്‍കാരിനെ ജനം വീഴ്ത്തിയത് അഴിമതി ആരോപണങ്ങളാണെങ്കില്‍ ഇതിനു സമാനമായി കേരളത്തിലും ഭരിക്കുന്നന്നത് കൊള്ളക്കാരുടെ അറുപതു ശതമാനം കമീഷന്‍ ഏതു ഇടപാടിലും വാങ്ങുന്ന സര്‍കാരാണെന്നാണ് രണ്ടാം വര്‍ഷം തികയുമ്പോള്‍ യുഡിഎഫ് ഉന്നയിക്കുന്നത്.

എന്നാല്‍ പ്രതിപക്ഷത്തിന് തങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിയില്ലെന്നാണ് സര്‍കാരിന് ശുഭാപ്തി വിശ്വാസമേകുന്ന ഘടകങ്ങളിലൊന്ന്. അതുകൊണ്ടു തന്നെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ മൗനം കൊണ്ടു പ്രതികരിക്കാനും അതു ജനങ്ങളിലെത്തിക്കാതിരിക്കാനുമുളള തന്ത്രമാണ് മുഖ്യമന്ത്രിയും പാര്‍ടിയും സ്വീകരിക്കുന്നത്. കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടെ മഞ്ഞകുറ്റികള്‍ സ്ഥാപിക്കാന്‍ സര്‍കാര്‍ വീട്ടുപറമ്പുകള്‍ കൈയേറി സര്‍വേ നടത്തിയതോടെ പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. കേന്ദ്ര അനുമതിയും പദ്ധതിക്ക് ലഭിക്കാതെയായതോടെ രണ്ടാം പിണറായി സര്‍കാരിന് കനത്ത തിരിച്ചടിയാണ് ഏറ്റത്.

മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരമാകട്ടെ സര്‍കാരിന് മാനക്കേടുമാത്രമാണ് ഇതുവരെ സമ്മാനിച്ചത്. തുടര്‍ച്ചയായുളള വിവാദങ്ങളും വീഴ്ചകളുമാണ് പൊലീസിനെതിരെ സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്നത്. എട്ടുവയസുകാരിയെ നടുറോഡില്‍വെച്ചു അപമാനിച്ച പിങ്ക് പൊലീസുകാരിയെ കോടതി ശിക്ഷിച്ചതും മാങ്ങാ മോഷണകേസിലെ പ്രതിയായ പൊലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടതും കസ്റ്റഡിമരണങ്ങളും, ഗുണ്ടാ, ക്വടേഷന്‍ സംഘങ്ങളുമായുളള അവിശുദ്ധ ബന്ധങ്ങളും ഏറ്റവും ഒടുവില്‍ എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതിയായ ഷാരൂഫ് സെയ്ഫിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിലെ സുരക്ഷാവീഴ്ചയുമൊക്കെ പൊലീസിനെതിരെ ആയുധങ്ങളായി മാറി.

ഏറ്റവും ഒടുവില്‍ കൊട്ടാരക്കര സര്‍കാര്‍ ആശുപത്രിയിലെ യുവ ഡോക്ടര്‍ വന്ദനാദാസിന്റെ കൊലപാതകവും പൊലീസിന്റെ വീഴ്ചകാരണമെന്ന് വ്യാഖ്യാനിക്കപ്പെട്ടു. എഐ കാമറ വിവാദത്തില്‍ സര്‍കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മത്സരിക്കുമ്പോള്‍ ഇതിനെ തടയിടുന്നതിനായി വ്യവസായ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറിയുടെ അന്വേഷണ റിപോർട് സര്‍കാര്‍ പുറത്തുവിട്ടെങ്കിലും കെല്‍ട്രോണിനെ കുറ്റവിമുക്തമാക്കിയ റിപോർട് നിയമസഭയില്‍ വലിയ ബഹളങ്ങള്‍ക്ക് ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്.

ലൈഫ് പദ്ധതിയിലൂടെ ദുര്‍ബലജനവിഭാഗങ്ങള്‍ക്ക് ആശ്വാസമാകാനും റോഡുകള്‍ ഉള്‍പെടെയുളള ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും പൊതുവിദ്യാഭ്യാസരംഗത്ത് നേട്ടങ്ങള്‍ കൊയ്യാനും സര്‍കാരിനു കഴിഞ്ഞിട്ടുണ്ടെങ്കിലും അന്തരീക്ഷത്തില്‍ ഉയരുന്ന ആരോപണ പെരുമഴ രണ്ടാം പിണറായി സര്‍കാരിന്റെ ശോഭകെടുത്തുകയാണ്.

Keywords: News, Kerala, Politics, LDF Govt, Anniversary, Police, Court,   LDF Govt celebrates second anniversary.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia