സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം നിരക്ക് 10 രൂപ; ഓടോ ടാക്‌സി നിരക്കിലും വര്‍ധന

 


തിരുവനന്തപുരം: (www.kvartha.com 30.03.2022) സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ആണ് ഇക്കാര്യം അറിയിച്ചത്. മിനിമം ചാര്‍ജ് 10 രൂപയാകുന്ന തരത്തിലാണ് വര്‍ധനയാണുണ്ടാകുക. ഇത് സംബന്ധിച്ച സര്‍കാര്‍ ഉത്തരവ് ഉടനെയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യം തള്ളി.

  
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം നിരക്ക് 10 രൂപ; ഓടോ ടാക്‌സി നിരക്കിലും വര്‍ധന


എട്ടു രൂപയായിരുന്ന മിനിമം ചാര്‍ജാണ് 10 രൂപയാക്കി വര്‍ധിപ്പിക്കുന്നത്. മിനിമം ചാര്‍ജിന്റെ പരിധിക്ക് പുറത്തുള്ള ഓരോ കിലോമീറ്ററിനും 90 പൈസയുണ്ടായിരുന്നത് ഒരു രൂപയാക്കി വര്‍ധിപ്പിച്ചു. ഓടോ ടാക്‌സി നിരക്കുകളും വര്‍ധിപ്പിക്കും. ഓടോ മിനിമം ചാര്‍ജ് 30 രൂപയാക്കി. രണ്ട് കിലോമീറ്ററാണ് മിനിമം ചാര്‍ജിന്റെ പരിധിയില്‍ ഉള്‍പെടുക. അധികമുള്ള ഓരോ കിലോമീറ്ററിനും 12 രൂപയുണ്ടായിരുന്നത് 15 ആക്കി വര്‍ധിപ്പിച്ചു.

1500 സിസിയില്‍ താഴെയുള്ള ടാക്‌സി കാറുകളുടെ മിനിമം ചാര്‍ജ് 175 രൂപയില്‍ നിന്ന് 200 രൂപയാക്കി വര്‍ധിപ്പിച്ചു. അഞ്ചു കിലോമീറ്ററാണ് ഇതിന്റെ പരിധിയില്‍ ഉള്‍പെടുക. അധിക കിലോമീറ്ററിന് 15 രൂപയുണ്ടായിരുന്നത് 18 രൂപയാക്കിയിട്ടുണ്ട്. 1500 സിസിക്ക് മുകളിലുള്ള ടാക്‌സി കാറുകളുടെ മിനിമം ചാര്‍ജ് 225 രൂപയാക്കി. അഞ്ച് കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 20 രൂപ ഈടാക്കാം.

രാത്രികാല നിരക്കിനും വെയ്റ്റിങ് ചാര്‍ജിനും നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരും. അതേസമയം വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമാണെന്നും അതു സംബന്ധിച്ച് പഠനം നടത്താന്‍ ഒരു കമിഷനെ നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ധന വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം ചെയ്തിരുന്നു. ആവശ്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബുധനാഴ്ച വൈകിട്ടു ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് അനുമതി നല്‍കിയത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം

Keywords: LDF gives nod to hike minimum bus fare to Rs 10, Thiruvananthapuram, News, Increased, Trending, LDF, Bus, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia