ലാവ്‌ലിന്‍ കരാര്‍: പിണറായി വിജയന്‍ ഗൂഡാലോചന നടത്തിയെന്ന് സിബിഐ

 


തിരുവനന്തപുരം: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് സി.ബി.ഐ. ലാവ്‌ലിന്‍ പിണറായിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് സി.ബി.ഐ കോടതിയില്‍ ഹാജരാക്കി. ലാവ്‌ലിന്‍ കരാര്‍ ഭാഗികമായി അംഗീകരിച്ചതു അന്ന് മന്ത്രിയായിരുന്ന പിണറായി വിജയന്റെ ചേംബറില്‍ വച്ചായിരുന്നു.

ഗൂഡാലോചനയെത്തുടര്‍ന്നാണ് കരാറിന് ഭാഗിക അംഗീകാരം നല്‍കിയത്. പിണറായി സ്വന്തം ചേംബറില്‍ ഗൂഢാലോചന നടത്തി. ക്ലോസ്‌ട്രെന്‍ഡലും പിണറായിയും ചേര്‍ന്നായിരുന്നു ഗൂഢാലോചന. പിണറായി മുഖ്യമന്ത്രിയോട് ധനസഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതായും സി.ബി.ഐ അറിയിച്ചു.

അന്തിമകരാറിനു മുമ്പ് ഭാഗികഅംഗീകാരം നല്‍കിയതു നിയമവിരുദ്ധമാണെന്നും സിബിഐ അറിയിച്ചു. പിഎസ്പി പദ്ധതികള്‍ക്ക് പകരമല്ല മലബാര്‍ ക്യാന്‍സര്‍ സെന്ററെന്നാണ് പിണറായിയുടെ വാദം. എന്നാല്‍ ഈ വാദം ശരിയല്ലെന്ന് സിബിഐ വ്യക്തമാക്കി. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായത്തിന് കരാറില്‍ വ്യവസ്ഥ വച്ചത് പിണറായി വിജയന്‍ നേരിട്ടാണ്. ലാവ്‌ലിന്‍ കമ്പനി പിണറായി വിജയന് അയച്ച കത്തിന്റെ പകര്‍പ്പും സിബിഐ കോടതിയില്‍ ഹാജരാക്കി. പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജിയിലുള്ള മറുപടി വാദത്തിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്.പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള 6 പ്രതികള്‍ സമര്‍പിച്ച വിടുതല്‍ ഹര്‍ജിയാണ് കോടതി വ്യാഴാഴ്ച പരിഗണിച്ചത്.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം സ്വരൂപിച്ച് നല്‍കാത്തത് എങ്ങനെ പിഎസ്പി കരാറിന്റെ ലംഘനമാകുമെന്ന് കോടതി സിബിഐയോട് ചോദിച്ചു. ഉല്‍പ്പാദനശേഷി കൂട്ടാനാണ് പിഎസ്പി കരാര്‍ എന്ന നിഗമനത്തിന്റെ അടിസ്ഥാനമെന്താണെന്നും കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നു സിബിഐ നേരത്തെ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വൈദ്യുത പദ്ധതികളുടെ നവീകരണം സംബന്ധിച്ച ഇ.ബാലാനന്ദന്‍ കമ്മിറ്റിയുടെ റിപോര്‍ട്ടിലെ നിര്‍ദേശങ്ങളെല്ലാം അവഗണിച്ചാണു പിണറായി ലാവലിന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടതെന്നു സിബിഐ വ്യക്തമാക്കിയിരുന്നു.

ലാവ്‌ലിന്‍ കരാര്‍: പിണറായി വിജയന്‍ ഗൂഡാലോചന നടത്തിയെന്ന് സിബിഐപദ്ധതി നവീകരണം മാത്രമാണു ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നത്. കേടായ യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചാല്‍ മതി എന്നായിരുന്നു നിര്‍ദേശം. ഇത് അവഗണിച്ചാണു പിണറായി കരാറില്‍ ഏര്‍പ്പെട്ടത്. കേടായ യന്ത്രങ്ങള്‍ മാത്രം മാറ്റിയിരുന്നെങ്കില്‍ കെഎസ്ഇബിക്കു 100 കോടി മാത്രമെ ചെലവുവരുമായിരുന്നുള്ളൂ. കെഎസ്ഇബിയും സര്‍ക്കാരുമായും ആലോചിക്കാതെയാണു ധാരണാപത്രത്തിലും വിതരണ കരാറിലും ഒപ്പിട്ടതെന്നും ഇതുസംബന്ധിച്ച വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദേശം പിണറായി അവഗണിച്ചതായും സിബിഐ കണ്ടെത്തിയിരുന്നു.

ലാവലിന്‍ കമ്പനിയുമായുള്ള ഇടപാടിന്റെ വിശദാംശങ്ങള്‍ മന്ത്രിസഭായോഗത്തില്‍ നിന്നും പിണറായി മറച്ചുവെച്ചതായും സിബിഐ പറയുന്നു. ലാവലിന്‍ കമ്പനിയുമായുള്ള കരാര്‍ സ്വന്തമാക്കാനായി പിണറായി നടത്തിയ കാനഡ സന്ദര്‍ശനത്തിനെതിരെയും സിബിഐ രംഗത്തെത്തിയിരുന്നു. സാങ്കേതിക വിദഗ്ധര്‍ ഒപ്പമില്ലാതെയാണു പിണറായി കാനഡയിലെത്തിയത്. വിദഗ്ധര്‍ പരിശോധിക്കാതെയാണ് ഈ സന്ദര്‍ശനത്തില്‍ നിരവധി സാങ്കേതിക കാര്യങ്ങളില്‍ ധാരണയായി പിണറായി ഒപ്പുവെച്ചത്. ധാരണാ പത്രവും വിതരണ കരാറും കണ്‍സല്‍ട്ടന്‍സി കരാറും ഒപ്പുവച്ചതു സര്‍ക്കാറിന്റെയോ ബോര്‍ഡിന്റെയോ അനുമതിയില്ലാതെയാണ്. എസ്എന്‍സി ലാവലിന്‍ യന്ത്രവിതരണ കമ്പനിയല്ലെന്നും യന്ത്രനിര്‍മാണത്തില്‍ യാതൊരു വൈദഗ്ധ്യവുമില്ലാത്ത കമ്പനിയാണെന്നും സിബിഐ വ്യക്തമാക്കുന്നു.

ലാവലിന്‍ കമ്പനിയുടെ സീനിയര്‍ വൈസ്പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡിലുമായും അന്നത്തെ മുഖ്യമന്ത്രിയായ ഇ.കെ.നായനാരുമായും പിണറായി നടത്തിയ ആറു കത്തിടപാടുകള്‍ ലാവലിന്‍ ഇടപാടില്‍ പിണറായിയുടെ പങ്കു വ്യക്തമാക്കുന്നുവെന്നാണ് സിബിഐയുടെ നിലപാട്. 1997-98 കാലഘട്ടത്തില്‍ ക്ലോസ് ടെന്‍ഡ്രലുമായി നാലു കത്തിടപാടുകളും ഇ.കെ.നായനാരുമായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രണ്ടു കത്തിടപാടുകളും നടത്തിയതായാണു സിബിഐ പറയുന്നത്.

1995ല്‍ ലാവലിന്‍ ഗൂഢാലോചന ആരംഭിച്ചെങ്കിലും പിന്നീടാണു പിണറായി ഇതില്‍ ഉള്‍പ്പെട്ടത്. കാന്‍സര്‍ സെന്ററിനു 12 കോടി രൂപ നല്‍കിയെന്നു ലാവലിന്‍ കമ്പനി പറയുന്നെങ്കിലും ഇതു തെളിയിക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും സിബിഐ കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിയാണു തുക കൈമാറിയതെന്നും ഇതില്‍ മന്ത്രിയായിരുന്ന പിണറായിക്കു പങ്കുണ്ടെന്നും സിബിഐ ആരോപിക്കുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിനായി ലാവലിനുമായുളള ധാരണയുണ്ടാക്കാന്‍ പിണറായി  മുന്‍കൈയെടുത്തില്ലെന്നും ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മാണം ആരോഗ്യ വകുപ്പിന്റെ കീഴിലായിരുന്നിട്ടും ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പുമായി പിണറായി ചര്‍ച ചെയ്തില്ലെന്നും സിബിഐ പറയുന്നു.

1996-98ല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണു ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയത്. കരാര്‍ വഴി പൊതു ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണു സിബിഐ യുടെ കേസ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയാണു പിണറായി വിജയന്റെ പേരില്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.

Also read: 


മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കാന്‍ വാശിപിടിക്കുന്നത് ചില മതപണ്ഡിതര്‍: ആര്യാടന്‍
Keywords:  Lavlin contract: CBI against Pinarayi, CBI, Pinarayi vijayan, Lavalin-case, Oommen Chandy, Court, Case, Report, KSEB, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.Thiruvananthapuram, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia