Honored | വൈകിയെത്തിയ അംഗീകാരം : കാര്‍ടൂണിസ്റ്റ് പി എന്‍ ദിവാകരന് അകാഡമിയുടെ വിശിഷ്ട അംഗത്വം സമ്മാനിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

 
P.N. Divakaran, Kerala Cartoon Academy, cartoonist, Kadannappally Ramachandran, cartoon art, Indian art, Kerala, honors, recognition
P.N. Divakaran, Kerala Cartoon Academy, cartoonist, Kadannappally Ramachandran, cartoon art, Indian art, Kerala, honors, recognition

Photo: Arranged

കണ്ണൂരില്‍ പോളിടെക്‌നിക്കില്‍ പഠിക്കുന്ന കാലത്താണ് ദേശാഭിമാനിയില്‍ ദിവാകരന്‍ കാര്‍ടൂണ്‍ വരച്ചത്. 

സുമന്‍ എന്ന പേരിലായിരുന്നു അന്നത്തെ വര. 

ഇട്ടാമന്‍ എന്ന പേരില്‍ ദേശാഭിമാനിയിലെ ആദ്യകാല ബോക്‌സ് കാര്‍ടൂണ്‍ വരച്ചത് ദിവാകരനാണ്. 
 

കണ്ണൂര്‍: (KVARTHA) വിശ്രമ ജീവിതം നയിക്കുന്ന ലോക പ്രശസ്ത കാര്‍ടൂണിസ്റ്റും ചിത്രകാരനുമായ പിഎന്‍ ദിവാകരന്  കേരള കാര്‍ടൂണ്‍ അകാഡമിയുടെ വിശിഷ്ടാംഗത്വം സമ്മാനിച്ചു. രെജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രിയും കണ്ണൂര്‍ എംഎല്‍എയുമായ കടന്നപ്പള്ളി രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങിലാണ് വിശിഷ്ടാംഗത്വം സമ്മാനിച്ചത്. കാര്‍ടൂണ്‍ എന്ന കല സമൂഹത്തെ നേരെ നയിക്കാന്‍ സാധിക്കുന്ന ശക്തമായ ആയുധമാണെന്ന് ചടങ്ങില്‍ വച്ച് മന്ത്രി പറഞ്ഞു. 

കാര്‍ടൂണ്‍ വിമര്‍ശനാത്മകവും ചിന്താത്മകവും നര്‍മവുമുള്ളത് കൊണ്ട് സാധാരണക്കാരിലേയ്ക്ക് ലളിതമായി സംവദിക്കും. അത്ര ശക്തമായ ഈ കലയെ ആദ്യകാലങ്ങളില്‍ പൊതു പ്രവര്‍ത്തകര്‍ക്ക് ഭയമായിരുന്നുവെന്നും അവര്‍ തെറ്റുകള്‍ ചൂണ്ടി കാണിക്കുന്ന കാര്‍ടൂണുകളെ സ്വീകരിച്ചിരുന്നുവെന്ന് മാത്രമല്ല വിമര്‍ശനം ഉള്‍ക്കൊണ്ടിരുന്നുവെന്നും ആ കാലം നമുക്ക് നഷ്ടപ്പെട്ടെന്നും മന്ത്രി ഓര്‍മപ്പെടുത്തി.

കാര്‍ടൂണ്‍ ചിത്രകലാ രംഗത്ത് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ് കേരള കാര്‍ടൂണ്‍ അകാഡമിവിശിഷ്ടാംഗത്വം ദിവാകരന് നല്‍കിയത്. കേരള കാര്‍ടൂണ്‍ അകാഡമി ചെയര്‍മാന്‍ സുധീര്‍ നാഥ്, അകാഡമിയുടെ ട്രഷറര്‍ നൗശാദ് പിയു, കാര്‍ടൂണിസ്റ്റ് സുരേന്ദ്രന്‍ വാരച്ചാല്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ആര്‍ടിസ്റ്റ് മഹേഷ് മാറോളി, ജെ പി നിര്‍മലഗിരി, ജയരാജ് വെള്ളൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള ചിത്രകലാ പരിഷത്ത് കണ്ണൂര്‍ സോണിന് വേണ്ടി പ്രസിഡന്റ് കേണല്‍ സുരേശന്‍ വിപി ഉപഹാരം നല്‍കി ആദരിച്ചു.

കണ്ണൂര്‍ ജില്ലയിലെ കോണോക്കരയില്‍ കെകെ അച്യുതന്റേയും, എന്‍പി സുകുമാരിയുടേയും മകനായി 1948 ഒക്ടോബര്‍ മാസം 12 നാണ് ദിവാകരന്‍ ജനിച്ചത്. കാര്‍ടൂണ്‍ രംഗത്ത് വളരെ തിളങ്ങി നില്‍ക്കുകയും പിന്നീട് ഈ രംഗം ഉപേക്ഷിക്കുകയും ചെയ്ത ഒട്ടേറെ അനുഗ്രഹീത കാര്‍ടൂണിസ്റ്റുകളെ മലയാള കാര്‍ടൂണ്‍ രംഗത്ത് കാണാം. ഈ ശ്രേണിയില്‍പ്പെട്ട കാര്‍ടൂണിസ്റ്റാണ് എന്‍പി ദിവാകരന്‍. 

കണ്ണൂരില്‍ പോളിടെക്‌നിക്കില്‍ പഠിക്കുന്ന 1970 കാലത്താണ് ദേശാഭിമാനിയില്‍ ദിവാകരന്‍ കാര്‍ടൂണ്‍ വരച്ചത്. സുമന്‍ എന്ന പേരിലായിരുന്നു അന്നത്തെ വര. ഇട്ടാമന്‍ എന്ന പേരില്‍ ദേശാഭിമാനിയിലെ ആദ്യകാല ബോക്‌സ് കാര്‍ടൂണ്‍ വരച്ചത് ദിവാകരനാണ്. പോളിടെക് നിക് പഠനം കഴിഞ്ഞ ഉടനെ ദിവാകരന് മാനന്തവാടി പി ഡബ്ലു ഡിയില്‍ ട്രെയ് നി എന്‍ജിനിയറായി ജോലി ലഭിച്ചു. 

പി ഡബ്ലു ഡിയില്‍ ജോലി തുടരുന്നതിനിടെ മലയാള മനോരമയിലും മറ്റ് മലയാളം പ്രസിദ്ധീകരണങ്ങളിലും സാമൂഹ്യ കാര്‍ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. മനോരമ ആഴ്ചപ്പതിപ്പില്‍ ദിവാകരന്റേതായി വടക്കന്‍പാട്ടിലെ കഥകള്‍ ചിത്രകഥയായി കുറേനാള്‍ പ്രസിദ്ധീകരിച്ചു. 

ലോറല്‍ ആന്‍ഡ് ഹാര്‍ഡി എന്ന ഹാസ്യ താരങ്ങള്‍ അമേരികന്‍ സിനിമാ പ്രേക്ഷകരെ ഏറെ സ്വാധീനിച്ച അഭിനേതാക്കളാണ്. ഇവരുടെ വിജയകരമായ പ്രകടനവും ജനകീയതയും കാര്‍ടൂണ്‍ കഥാപാത്രങ്ങളായി ഇവരെ മാറ്റി. ലോറല്‍ ആന്‍ഡ് ഹാര്‍ഡി കാര്‍ടൂണ്‍ കോമിക്‌സുകള്‍ അവരുടെ സിനിമകള്‍ പോലെ തന്നെ ജനങ്ങള്‍ സ്വീകരിച്ചു. ലോറല്‍ ആന്‍ഡ് ഹാര്‍ഡിയെ പോലെ ഒരു ചിത്രകഥ മലയാള സിനി സറ്റണ്‍ഡ് മാസികയായിരുന്ന കട്ട് കട്ടില്‍ ദിവാകരന്‍ വരച്ചു തുടങ്ങി. 

അത് മലയാള സിനിമയെ പോലെ സൂപര്‍ ഹിറ്റായി. മെലിഞ്ഞ ശരീര പ്രക്യതമുള്ള ബഹദൂറും, തടിച്ച ശരീര പ്രക്യതമുള്ള അടൂര്‍ ഭാസിയേയും ആയിരുന്നു ലോറല്‍ ആന്‍ഡ് ഹാര്‍ഡിക്ക് പകരം മലയാളത്തില്‍ ദിവാകരന്‍ സ്യഷ്ടിച്ചത്. അതോടെ ദിവാകരന്‍ കാര്‍ടൂണ്‍ രംഗത്ത് പ്രശസ്തനായി. ദിവാകരന്‍ ഗോവയില്‍ പി ഡബ്ലുഡിയില്‍ ജൂനിയര്‍ എന്‍ജിനിയറായി ജോലി ലഭിച്ചതോടെ മലയാള കാര്‍ടൂണ്‍ രംഗം ഉപേക്ഷിച്ചു. 

ഗോവയില്‍ കഴിഞ്ഞിരുന്ന പത്ത് വര്‍ഷം അവിടുത്തെ ദിനപത്രമായ നവ് ഹിന്ദ് ടൈംസില്‍ കാര്‍ടൂണുകള്‍ വരയ്ക്കുമായിരുന്നു. ഗോവ വിട്ട് വിദേശത്ത് എസ് എന്‍ സി ലാവ്‌ലിന്‍ എന്ന അന്തര്‍ദേശീയ കംപനിയിലടക്കം പല രാജ്യങ്ങളില്‍ പല അന്തര്‍ദേശിയ കംപനികളില്‍ 34 വര്‍ഷം ജോലി ചെയ്തു. 

ഗള്‍ഫ് ഡെയ്‌ലി ന്യൂസില്‍ കാര്‍ടൂണുകള്‍ വരയ്ക്കുന്നതോടൊപ്പം മലയാള മനോരമ, ദേശാഭിമാനി, ജനയുഗം എന്നീ പത്രങ്ങളിലും സ്വതന്ത്രമായി കാര്‍ടൂണുകള്‍ വരച്ചു. തികഞ്ഞ ഇടത് പക്ഷ കാഴ്ചപ്പാടുള്ള, എഴുപത്തി ആറ് വയസിലെത്തി നില്‍ക്കുന്ന ദിവാകരന്‍ ഇപ്പോള്‍ കണ്ണൂരില്‍ വിശ്രമ ജീവിതം നയിക്കുന്നു. ഭാര്യ എം സുമ. മൂന്ന് മക്കള്‍. നിതിന്‍, മിതുന്‍, നിരൂപ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia