Tragedy | കടന്നപ്പള്ളിയില്‍ അഞ്ജലിയും ജെസി മോഹനനും വനിതാ മെസ് എന്ന നാടകത്തില്‍ ആടി തിമിര്‍ത്തത് ജീവിതത്തിലെ അവസാന വേഷങ്ങള്‍
ADVERTISEMENT
● വന്‍ ജനാവലിയാണ് കായങ്കുളം ദേവ കമ്യുണിക്കേഷന്‍സ് അവതരിപ്പിച്ച നാടകം കാണാനായി തെക്കെക്കരയിലെത്തിയത്
● രാജീവന്‍ മമ്മിളി സംവിധാനം ചെയ്ത ഈ നാടകം കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ളതായിരുന്നു
● ഒന്നിച്ചു ജീവിക്കുന്നവര്‍ വേര്‍പിരിയേണ്ടത് മരണത്തിലൂടെ മാത്രമാണ് എന്ന സന്ദേശമാണ് നാടകം നല്‍കുന്നത്
● അപകടത്തിന് കാരണം വഴിയെ കുറിച്ച് യാതൊരു പരിചയമില്ലാത്തതും രാത്രി ഏറെ വൈകിയുള്ള യാത്രയും
കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) പയ്യന്നൂരിനടുത്ത കടന്നപ്പള്ളി തെക്കെക്കരയില്‍ വ്യാഴാഴ്ച രാത്രി അഞ്ജലിയും ജെസി മോഹനനും നാടകവേദിയില്‍ ആടിത്തിമിര്‍ത്തത് തങ്ങളുടെ ജീവിതത്തിലെ അവസാന വേഷങ്ങളാണെന്ന് അറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാത്രി കടന്നപ്പള്ളി തെക്കെക്കര റെഡ് സ്റ്റാറിന്റെ നാടകോത്സവത്തില്‍ വനിതാ മെസ് എന്ന നാടകത്തില്‍ ഇരുവരും സദസിനെ ആര്‍ത്തുചിരിപ്പിച്ചിരുന്നു.
രാത്രി 7.30നാണ് തെക്കെക്കരയില്‍ നാടകം തുടങ്ങിയത്. പത്തുമണിയോടെ അവസാനിച്ച നാടകത്തിന് ശേഷം സംഘാടകര്‍ നല്‍കിയ ഭക്ഷണവും കഴിച്ചാണ് പതിനൊന്നരയോടെ നാടക സംഘം വെള്ളിയാഴ്ച നാടകം അവതരിപ്പിക്കേണ്ട സുല്‍ത്താന്‍ ബത്തേരിയിലേക്ക് തിരിച്ചത്.
വന്‍ ജനാവലിയാണ് കായങ്കുളം ദേവ കമ്യുണിക്കേഷന്‍സ് അവതരിപ്പിച്ച നാടകം കാണാനായി തെക്കെക്കരയിലെത്തിയത്. രാജീവന്‍ മമ്മിളി സംവിധാനം ചെയ്ത ഈ നാടകം കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ളതായിരുന്നു. വന്ധ്യതാ ശാക്തീകരണവും പുരുഷ മേധാവിത്വവും തമ്മിലുള്ള ഏറ്റുമുട്ടലുകളും സഹിക്കാനും പൊറുക്കാനുള്ളവയുമാണ് കുടുംബ ബന്ധങ്ങള്‍ എന്ന ആശയം വിളംബരം ചെയ്യുന്നതായിരുന്നു നാടകം. ഒന്നിച്ചു ജീവിക്കുന്നവര്‍ വേര്‍പിരിയേണ്ടത് മരണത്തിലൂടെ മാത്രമാണ് എന്ന സന്ദേശം നല്‍കിയാണ് വനിതാ മെസ് നാടകം അവസാനിക്കുന്നത്.
കേളകം മലയാം പാടിയില്‍ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം വഴിയെ കുറിച്ച് യാതൊരു പരിചയമില്ലാത്തതും രാത്രി ഏറെ വൈകിയുള്ള യാത്രയുമാണ്. നിടുംപൊയില്‍ -പേര്യ ചുരം വഴിയുള്ള യാത്ര റോഡില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നിരോധിച്ചതിനാല്‍ ബോയ്‌സ് ടൗണ്‍ വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങള്‍ പോയിരുന്നത്.
ഏലപ്പീടിക വഴി ചെറു വാഹനങ്ങള്‍ക്ക് മാത്രം പോകാനാവുന്ന മറ്റൊരു റോഡിലൂടെ എത്താനാണ് ഇവര്‍ ശ്രമിച്ചത്. ഗൂഗിള്‍ മാപ്പ് പറഞ്ഞു കൊടുത്ത എളുപ്പവഴിയായിരുന്നു ഇത്. ഇതാകട്ടെ ദുരന്തത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു.
ആഴമുള്ള താഴ്ചയിലേക്കാണ് നിയന്ത്രണം വിട്ട ബസ് മൂക്കുകുത്തി വീണത്. മുന്‍ സീറ്റിലിരിക്കുകയായിരുന്ന അഞ്ജലിയും ജെസി മോഹനനുമാണ് മരിച്ചത്. വേദിയില്‍ നിന്ന് വേദിയിലേക്കുള്ള നാടക അവതരണത്തില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഇവര്‍ കുടുംബം നോക്കിയിരുന്നത്. ആകെ ബസില്‍ മൂന്ന് നടിമാരാണ് ഉണ്ടായിരുന്നത്.
മരിച്ച അഞ്ജലിക്ക് ഭര്‍ത്താവും ഒരു കുഞ്ഞുമുണ്ട്. ജെസിയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പാണ് അസുഖ ബാധിതനായി മരിച്ചത്. രണ്ടു കുടുംബത്തിനും തീരാ നഷ്ടമായിരിക്കുകയാണ് കലാകാരികളുടെ വിയോഗം. ജെസി മോഹന്റെയും അഞ്ജലിയുടെയും വിയോഗത്തില്‍ കേരള സംഗീത നാടക അക്കാദമി അനുശോചിച്ചു.
മരിച്ചവരുടെ കുടുംബത്തിന് കാല്‍ ലക്ഷം രൂപ അടിയന്തിരമായി അനുവദിച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ചെലവും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. നാടക പ്രവര്‍ത്തകര്‍ തമ്മിലുള്ള കൂട്ടായ്മയും ഐക്യവുമുള്ള സംസ്ഥാനത്തെ ഏറ്റവും പ്രമുഖ ട്രൂപ്പുകളിലൊന്നാണ് കായങ്കുളം ദേവ കമ്യൂണിക്കേഷന്‍സ്. സീസണില്‍ കേരളത്തിലെ വിവിധ വേദികളില്‍ ഇവര്‍ നാടകങ്ങള്‍ അവതരിപ്പിക്കാറുണ്ട്. നാടകത്തിന്റെ സ്വന്തം മണ്ണായ വടക്കെ മലബാറിലായിരുന്നു അവതരണങ്ങളില്‍ ഏറെയും.
ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. മറ്റു 12 പേര്‍ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് വിവരം.
#TheatreAccident #Kadannappally #Anjali #JessyMohanan #DevCommunications
