Architect | ലാറി ബേക്കർ വിട വാങ്ങിയിട്ട് 18 വർഷം; ചിലവ് കുറഞ്ഞ വീടുകളുടെ ആചാര്യൻ

 
Larry Baker 18th Death Anniversary
Larry Baker 18th Death Anniversary

Photo Credit: Facebook/ Larry Baker

● ചെലവ് കുറഞ്ഞ വീടുകളുടെ ആചാര്യനായിരുന്നു അദ്ദേഹം. 
● കോസ്റ്റ് ഫോഡ് വഴി നിരവധി പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചു നൽകി. 
● മഹാത്മാ ഗാന്ധിയുടെ സ്വാധീനത്തിൽ ഇന്ത്യയിൽ സേവനം ആരംഭിച്ചു. 
● ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് വീടുകൾ നിർമ്മിച്ചു. 
● 1990-ൽ പത്മശ്രീ നൽകി ആദരിച്ചു. 
● അദ്ദേഹത്തിൻ്റെ വാസ്തുശില്പ രീതി ഇന്നും പ്രചോദനമാണ്.

(KVARTHA) ജന്മം കൊണ്ട് ഒരിന്ത്യാക്കാരനല്ലാതിരുന്നിട്ടുകൂടിയും അനുപമമായ സേവനങ്ങളിലൂടെ ഏതൊരു ഇന്ത്യാക്കാരനേക്കാൾ അല്ലെങ്കിൽ ഏതൊരു മലയാളിയേക്കാളും ത്യാഗം കേരളത്തിനും നാട്ടുകാർക്കുമായി അർപ്പിച്ച ചെലവ് കുറഞ്ഞ കെട്ടിടങ്ങളുടെയും  വീടുകളുടെയും  ശില്പി എന്ന പേരിൽ അറിയപ്പെടുന്ന ലാറി ബേക്കറിന്റെ വിയോഗത്തിന് 18 വർഷം. 

കോസ്റ്റ് ഫോഡ് വഴി പതിനായിരക്കണക്കിന് ദരിദ്രർക്ക് അദ്ദേഹത്തിന്റെ വീടുകൾ ലഭിച്ചു.  അദ്ദേഹത്തിന്റെ മരണത്തിലൂടെ ബേക്കർ യുഗം അവസാനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വാസ്തുശില്പ രീതിയും സാധാരണക്കാരിൽ സാധാരണക്കാരെ അവർക്ക് അർഹിച്ച വിധം   സഹായിക്കാനുള്ള മനോവികാരവും ശിഷ്യന്മാരിലൂടെ നിലനിൽക്കുന്നുമെന്നതുമാണ് ഏറ്റവും വലിയ സവിശേഷത.  

രണ്ടാം ലോകമഹായുദ്ധകാലത്ത്  ചൈനയിലെ സേവനത്തിനു ശേഷം  ഇംഗ്ലണ്ടിലേക്കുള്ള മടക്ക യാത്രയിൽ അദ്ദേഹത്തിന് മുംബൈയിൽ മൂന്നുമാസം കഴിച്ചു കൂട്ടേണ്ടി വന്നു. ഈ കാലത്ത് മഹാത്മാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും അതു ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തു. ലാറി ധരിച്ചിരുന്ന ഷൂസ് ഗാന്ധിയുടെ ശ്രദ്ധയിൽ പെട്ടു. തയ്യൽ കടയിലെ ഉപയോഗശൂന്യമായ തുണികൾ വച്ച് തുന്നിയുണ്ടാക്കിയതായിരുന്നു അത്. 

പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മാണം നടത്താനുള്ള ലാറിയുടെ ചാതുര്യം ഗാന്ധി തിരിച്ചറിയുകയും അദ്ദേഹത്തെ ഇന്ത്യയിലെ പാവപ്പെട്ടവർക്കായി പ്രവർത്തിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഈ ഒത്തുചേരൽ ബേക്കറുടെ ജീവിതത്തെ വീണ്ടും വഴിതിരിച്ചുവിട്ടു. ഇന്ത്യയിലുടനീളം സഞ്ചരിച്ച അദ്ദേഹം ഓരോ പ്രദേശത്തിനും ചേർന്ന പാർപ്പിട നിർമ്മാണ ശൈലി അവതരിപ്പിച്ചു.

മഹാത്മാഗാന്ധിയുടെ ജീവിത ശൈലിയെയും ജീവിത സമർപ്പണത്തെയും ഏറെ ആരാധിച്ചിരുന്ന ബേക്കർ 
വീടുകൾ അതിന്റെ അഞ്ചു മൈൽ ചുറ്റളവിൽ ലഭിക്കുന്ന സാമ്രഗ്രികൾ ഉപയോഗിച്ച് നിർമ്മിക്കണം എന്ന ഗാന്ധിജിയുടെ ആദർശം വീട് നിർമ്മാണത്തിനായി പ്രാവർത്തികമാക്കുകയായിരുന്നു.  ഭാര്യഎലിസബത്തിന്റെ നാടായ കേരളത്തിലേക്ക് 1963ൽ യാത്ര തിരിച്ചു   വാഗമൺ എന്ന സ്ഥലത്ത് താമസമാക്കി. കുറച്ചു കാലത്തിനു ശേഷം എലിസബത്തിനോടൊപ്പം 1970 മുതൽ കേരളത്തിൽ തിരുവനന്തപുരത്തിനടുത്ത്‌ നാലാഞ്ചിറയിൽ സ്ഥിരതാമസമാക്കി. സ്വന്തം വീടായ ഹാം‍ലെറ്റിലായിരുന്നു മരണം വരെ താമസം.

മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ ബേക്കറിന്റെ ആരാധകനായിരുന്നു. അദ്ദേഹം പാവങ്ങൾക്കു വേണ്ടി ഒരു വൻ ഭവനനിർമ്മാണപദ്ധതി ലാറിയെ ഏല്പിച്ചു. കോസ്റ്റ് ഫൊഡ് എന്ന ഈ സ്ഥാപനം തൃശ്ശൂർ കേന്ദ്രമാക്കി ചെലവു കുറഞ്ഞ വീടുകളുടെ നിർമ്മാണ രീതി പ്രചരിപ്പിച്ചു. നിരവധി ദരിദ്രർക്ക് ഭവനങ്ങൾ നിർമ്മിച്ചുകൊടുത്തു.

ഉപയോഗശൂന്യമായ വസ്തുക്കൾ ഗൃഹനിർമ്മാണത്തിന് പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലിയുടെ മറ്റൊരു സവിശേഷത. പൊട്ടിയ തറയോടുകളും മറ്റും മുറ്റം പാകുവാനും പല വർണ്ണത്തിലുള്ള കുപ്പികളും മറ്റും ജനലുകളിൽ പതിപ്പിച്ച് മുറിയിൽ വർണ്ണജാലം സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. 

കോൺക്രീറ്റ് മരുഭൂമികൾക്ക് നടുവിൽ മരുപ്പച്ചയായി ലാറിയുടെ സൃഷ്ടികൾ അനശ്വരമായി നില‍കൊള്ളുന്നു. ലാറി ബേക്കർ എന്ന പേരിൽ   പ്രശസ്തനായ ലോറൻസ് ബേക്കർ  1917 മാർച്ച 1 ന് ലോകത്തിന്റെ പണിയായുധശാല എന്ന് അപരനാമമുള്ള ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ആണ് ജനിച്ചത്. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ കേരളത്തെ തന്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാറ്റി. കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിച്ച അദ്ദേഹം, കേരളസമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ്‌. ചെലവ് കുറഞ്ഞ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ലാറി ബേക്കർ രീതി എന്ന് പേരു തന്നെ വന്നു കഴിഞ്ഞു എന്നതാണ് സത്യം. 

നിരവധി ദേശീയ അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ച ലാറിയെ 1990-ൽ ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. തന്റെ തൊണ്ണൂറാമത്തെ ജന്മദിനം ഏറ്റവും ലളിതമായി ആഘോഷിച്ച് ഒരു മാസത്തിന് ശേഷം 2007 ഏപ്രിൽ ഒന്നിനു രാവിലെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Larry Baker, known for his low-cost housing, passed away 18 years ago. Despite being born in England, he dedicated his life to serving the poor in India, particularly in Kerala. His architectural style and commitment to helping the common people continue to inspire many.

#LarryBaker, #LowCostHousing, #Architect, #Kerala, #IndianArchitecture, #SocialService

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia