Rescue Efforts | ദുരന്ത ഭൂമിയില്‍ കാണാനാകുന്നത് എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയില്‍ സങ്കടപ്പെടുന്നവരെ;
തിരച്ചിലിന് വേഗം കൂട്ടാന്‍ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കണമെന്ന് രക്ഷാപ്രവര്‍ത്തകര്‍


താല്‍ക്കാലിക പാലം നിര്‍മിക്കാനുള്ള പണി പുരോഗമിക്കുന്നു.
പാലം പണി പൂര്‍ത്തിയായാല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് കുറച്ചുകൂടി എളുപ്പത്തില്‍ കോണ്‍ക്രീറ്റ് കട്ടകളും പാറക്കല്ലുകളും നീക്കാനാവും.
വീടുകള്‍ക്ക് മേല്‍ വീടുകള്‍ പതിച്ച അവസ്ഥയും പലയിടത്തും കാണാം.
മേപ്പാടി: (KVARTHA) ഉരുള്‍പൊട്ടല്‍ (Landslides) ദുരന്ത മേഖലയില്‍ (Disaster Area) കാണാനാകുന്നത് എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയില്‍ പൊട്ടിക്കരയുന്ന ബന്ധുക്കളെയും ഉറ്റവരേയും. തകര്‍ന്ന വീടുകള്‍ക്കിടയില്‍ ജീവന്റെ തുടിപ്പ് തേടി രക്ഷാപ്രവര്‍ത്തകര്‍ (Rescue Team) ജീവന്‍ പണയം വെച്ച് തിരച്ചില്‍ നടത്തുകയാണ്. എങ്കിലും തിരച്ചിലിന് വേഗം പോരെന്ന ആവലാതികളാണ് ഉയരുന്നത്.
മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെങ്കിലും അതൊന്നും മതിയാവാതെ വരികയാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ചാല്‍ മാത്രമേ അതിവേഗം തിരച്ചില്‍ നടത്താന്‍ സാധിക്കുകയുള്ളൂവെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. കൂടാതെ ദുരന്ത മേഖലയിലെത്താന്‍ നല്ലൊരു വഴിയുമില്ല, ഇതെല്ലാം തടസമാകുന്നു.
മറുവശത്ത് താല്‍ക്കാലിക പാലം നിര്‍മിക്കാനുള്ള പണിയും പുരോഗമിക്കുന്നു. പാലം പണി പൂര്‍ത്തിയായാല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് കുറച്ചുകൂടി എളുപ്പത്തില്‍ കോണ്‍ക്രീറ്റ് കട്ടകളും പാറക്കല്ലുകളും നീക്കാനാവും. വീടുകള്‍ക്ക് മേല്‍ വീടുകള്‍ പതിച്ച അവസ്ഥയും പലയിടത്തും കാണാം. ഇവയുടെ അടിയില്‍ മനുഷ്യജീവനുകള്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണെന്നാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ നല്‍കുന്ന വിവരവും.
ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും തകര്‍ന്ന വീട്ടില്‍ എല്ലാം നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് നില്‍ക്കുന്നവരേയും കാണാം. അത്തരത്തിലുള്ള ഒരാളാണ് വിപിന്‍ എന്ന യുവാവ്. സ്വരൂക്കൂട്ടി വച്ചിരുന്ന ഏലം വിറ്റ പണവും സ്വര്‍ണവും നഷ്ടപ്പെട്ടു. ഉടുതുണിക്ക് മറുതുണിയില്ല. ഞങ്ങളെങ്ങോട്ട് പോകും സാറേ എന്നാണ് വിപിന്‍ ചോദിക്കുന്നത്. ഇത് കണ്ടുനിന്നവരേയും സങ്കടപ്പെടുത്തി. വിപിനെ ആശ്വസിപ്പിക്കുകയാണ് ദൗത്യത്തിനിടയിലും രക്ഷാപ്രവര്‍ത്തകര്‍. ഇത്തരത്തില്‍ ഒരുപാട് പേരുടെ ആവലാതികളും സങ്കടങ്ങളും കേള്‍ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട് രക്ഷാ ദൗത്യത്തിനിടയിലും പ്രവര്‍ത്തകര്‍.