Tragedy | ഉരുൾപൊട്ടലിൽ ദുരന്തഭൂമിയായി വയനാട്; 44 മരണം സ്ഥിരീകരിച്ചു; രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനിയറിങ് ഗ്രൂപ്പും, ഡ്രോണുകളും പൊലീസ് നായകളും
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.
കൽപറ്റ: (KVARTHA) വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 44 പേർ മരിച്ചതായി സ്ഥിരീകരിച്ചു. പുലർച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി രണ്ട് തവണയായി ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിലായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരായ കെ രാജൻ, പി.എ മുഹമ്മദ് റിയാസ്, ഒ.ആർ കേളു എന്നിവർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് സൈന്യവും നാവികസേനയും
രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ എൻജിനീയറിംഗ് ഗ്രൂപ്പും നാവികസേനയും എത്തുന്നു. ഉരുൾപൊട്ടലിൽ പാലം തകർന്നതിനാൽ ബദൽ സംവിധാനം ഒരുക്കുന്നതിനായി സൈന്യത്തിന്റെ എൻജിനീയറിംഗ് വിഭാഗം എത്തും. നാവികസേനയുടെ റിവർ ക്രോസിംഗ് ടീം ഏഴിമലയിൽ നിന്ന് വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
Evaluated the ongoing relief and rescue operations at Chooralmala, Wayanad, following the severe landslide, in a visit to the @KeralaSDMA office. pic.twitter.com/WjnHSYOIYv
— Pinarayi Vijayan (@pinarayivijayan) July 30, 2024
ഡ്രോണുകളും പൊലീസ് നായകളും രക്ഷാപ്രവർത്തനത്തിന്
രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പൊലീസ് നായകളെയും ഉപയോഗിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. പൊലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.